വിദ്വേഷത്തിനുമേൽ സ്നേഹം വിജയം ഉറപ്പിക്കണം: സമർപ്പിതരോട് ലിയോ പതിനാലാമൻ പാപ്പാ

ഹാരിസയിലെ ലെബനൻ മാതാവിന്റെ ദേവാലയത്തിൽ മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അജപാലകർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സമാധാനത്തിലേക്കുള്ള മൂർത്തമായ പാതകളായി സഹവർത്തിത്വം, വിദ്യാഭ്യാസം, കുടിയേറ്റക്കാർക്കുള്ള പിന്തുണ എന്നിവയെ പാപ്പാ എടുത്തു പറഞ്ഞു.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നിഷ്കളങ്കമായി, ക്ഷമയുടെയും കരുണയുടെയും പുനരുജ്ജീവന ശക്തി വിജയിപ്പിക്കുന്നതിന് സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു ജീവിതത്തിനു ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ ഹാരിസയിലെ ലെബനൻ മാതാവിന്റെ ദേവാലയത്തിൽ മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അജപാലകർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നടത്തിയ സന്ദേശം ആരംഭിച്ചത്. കൂടിക്കാഴ്ചാവേളയിൽ, ഓരോരുത്തരും പങ്കുവച്ച സാക്ഷ്യങ്ങളെയും പാപ്പാ എടുത്തു പറഞ്ഞു.

ഇവ വ്യർത്ഥമായ വാക്കുകൾ അല്ലെന്നും, മറിച്ച് സ്നേഹത്തിലുള്ള കൂട്ടായ്‍മയെ ഊട്ടിയുറപ്പിക്കുന്നതാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ആയുധങ്ങളുടെ ശബ്ദം  ചുറ്റും ഇടിമുഴക്കുകയും, ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങൾ തന്നെ ഒരു വെല്ലുവിളിയായി മാറുകയും ചെയ്യുമ്പോഴും, പ്രത്യാശ പ്രകടിപ്പിക്കാനും, അത് ജീവിക്കുവാനും പ്രാർത്ഥന നമ്മെ ശക്തിപ്പെടുത്തുന്നുവെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.

തന്റെ യാത്രയുടെ ലോഗോയിൽ എടുത്തുകാണിക്കുന്ന നങ്കൂരത്തിന്റെ അടയാളം, വിശ്വാസത്തിന്റെ അടയാളം ആണെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പാപ്പാ അനുസ്മരിച്ചു. നമ്മുടെ ജീവിതത്തിന് സ്വർഗ്ഗത്തിൽ ഒരു നങ്കൂരമുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കണമെന്നും, ഇതാണ് സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള മാർഗമെന്നും പാപ്പാ പറഞ്ഞു. ദേവദാരു മരങ്ങളുടേതുപോലെ ശക്തവും ആഴമേറിയതുമായ ഈ വേരുകളിൽ നിന്ന് ഏവരെയും സ്നേഹിക്കുവാൻ അപ്രകാരം നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ക്രിസ്ത്യാനികളും മുസ്ലീങ്ങളും ലെബനീകളും ഒരുമിച്ചുവസിക്കുന്നതിന്റെ മനോഹാരിത വർണ്ണിച്ച സാക്ഷ്യം എടുത്തു പറഞ്ഞ പാപ്പാ, പരസ്പരം പങ്കുവയ്ക്കുന്നത്  നമ്മെയെല്ലാം സമ്പന്നരാക്കുകയും ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നുവെന്നു കൂട്ടിച്ചേർത്തു. വിദ്വേഷത്തിനുമേൽ  സ്നേഹവും, പ്രതികാരത്തിനുമേൽ  ക്ഷമയും, ആധിപത്യത്തിനുമേൽ  സേവനവും, അഭിമാനത്തിനുമേൽ  വിനയവും, വിഭജനത്തിനുമേൽ  ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനും നമുക്ക് സാധിക്കണമെന്നതും, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകളിൽ, പാപ്പാ അടിവരയിട്ടു.

വേദനാജനകമായ പരാജയങ്ങൾ നേരിടുമ്പോൾ പോലും, ഭാവിയിലേക്കുള്ള പുനർജന്മത്തിനും വളർച്ചയ്ക്കും മൂർത്തവും പ്രായോഗികവുമായ സാധ്യതകൾ യുവജനങ്ങൾക്ക്  വാഗ്ദാനം ചെയ്യേണ്ടത് ആവശ്യമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. നിരവധി നിരപരാധികളുടെ ജീവിതത്തിൽ യുദ്ധം സൃഷ്ടിക്കുന്ന ഭീകരത എടുത്തു പറഞ്ഞ സാക്ഷ്യവും പാപ്പാ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തി. ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമുക്ക് നിസ്സംഗരായി തുടരാൻ കഴിയില്ലെന്നും അവരുടെ വേദന നമ്മെ ആശങ്കപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യണമെന്നും പാപ്പാ എടുത്തുപറഞ്ഞു. ലെബനനിലെ സഭ എല്ലായ്പ്പോഴും വിദ്യാഭ്യാസത്തിന് വലിയ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും, അത് ഇനിയും തുടരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

ലോകം മതിലുകളും കുറ്റകൃത്യങ്ങളും മാത്രം കാണുന്നിടത്ത്, ക്ഷമിക്കുന്നതിൽ ഒരിക്കലും മടുപ്പില്ലാത്ത പിതാവിന്റെ ആർദ്രത ഉൾക്കൊണ്ടുകൊണ്ട്, തടവുകാർക്ക് പ്രത്യാശ പകരുവാൻ സാധിക്കണമെന്നും പാപ്പാ പ്രത്യേകം അടിവരയിട്ടു. ക്രിസ്തുവിന്റെ സുഗന്ധമായിരിക്കാൻ ഏവർക്കും സാധിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഡിസംബർ 2025, 14:31