ലിയോ പതിനാലാമൻ പാപ്പാ നന്ദിയർപ്പിക്കുന്നു ലിയോ പതിനാലാമൻ പാപ്പാ നന്ദിയർപ്പിക്കുന്നു   (ANSA)

സമാധാനം ലക്‌ഷ്യം മാത്രമല്ല മാർഗം കൂടിയാണ്: ലബനൻ ജനതയ്ക്ക് നന്ദിയർപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ

നവംബർ മാസം മുപ്പതാം തീയതി മുതൽ, ലെബനനിൽ ആരംഭിച്ച ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക സന്ദർശനം, ഡിസംബർ മാസം രണ്ടാം തീയതി പൂർത്തിയായി. തനിക്കു നൽകിയ ഊഷ്മളമായ സ്വീകരണത്തിനും, ഹൃദ്യമായ സൗഹൃദത്തിനും നന്ദി പറഞ്ഞുകൊണ്ട്, പാപ്പാ വിടവാങ്ങൽ പ്രസംഗം നടത്തി
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആഗമനത്തെക്കാൾ പ്രയാസകരമാണ് വേർപിരിയൽ എന്ന വികാരാധീനമായ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ, ബെയ്‌റൂട്ടിലെ വിമാനത്താവളത്തിൽ നടത്തിയ വിടവാങ്ങൽ പ്രസംഗം ആരംഭിച്ചത്. ഒറ്റപ്പെടുന്നതിനേക്കാൾ, ഒത്തുചേരുനന്തിൽ ആനന്ദം കണ്ടെത്തുന്നവരാണ് ലബനൻ ജനതയെന്നു പാപ്പാ എടുത്തു പറഞ്ഞു. ഈ രാജ്യത്ത് എത്തിച്ചേരുന്ന ഏവർക്കും, ഈ സംസ്കാരത്തിലേക്ക് സൗമ്യമായി പ്രവേശിക്കുവാൻ സാധിക്കുമെന്നും, അതിനാൽ തിരികെ പോകുമ്പോൾ, ഏവരെയും ഹൃദയത്തിൽ സംവഹിക്കുന്നുവെന്നും പാപ്പാ അടിവരയിട്ടു.  നിലവിൽ ശത്രുക്കൾ എന്ന് കരുതുന്നവർ ഉൾപ്പെടെ സാഹോദര്യത്തിന്റെയും സമാധാനത്തോടുള്ള പ്രതിബദ്ധതയുടെയും ഈ മനോഭാവത്തിൽ മധ്യപൂർവേഷ്യയെ മുഴുവൻ ഉൾപ്പെടുത്തുമെന്നാണ് താൻ കരുതുന്നതെന്നും പാപ്പാ സന്ദേശത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.

"നിങ്ങളോടൊപ്പം ചെലവഴിച്ച ദിവസങ്ങൾക്ക് ഞാൻ നന്ദിയുള്ളവനാണ്, കൂടാതെ എന്റെ പ്രിയപ്പെട്ട മുൻഗാമി ഫ്രാൻസിസ്  പാപ്പായുടെ ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്", പാപ്പാ പറഞ്ഞു.

ഈ നാട്ടിൽ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ഒരുപോലെ കന്യകാമറിയത്തോടുള്ള പ്രത്യേക ഭക്തി ഹൃദയത്തിൽ പേറുന്നവരാണെന്നും പാപ്പാ പ്രത്യേകം സൂചിപ്പിച്ചു. വിശുദ്ധ ഷാര്ലിന്റെ കബറിടത്തിങ്കൽ പ്രാർത്ഥിക്കുവാൻ ലഭിച്ച അവസരം, ആത്മീയമായി ആഴത്തിലുള്ള ഒരു അനുഭവം സമ്മാനിച്ചുവെന്നും, ഏവർക്കും ശക്തിപകരുന്നതാണ് നാടിൻറെ ചരിത്രമെന്നും പാപ്പാ പറഞ്ഞു. ബെയ്റൂട്ട് തുറമുഖത്തേക്കുള്ള തന്റെ ഹ്രസ്വ സന്ദർശനം  വളരെയധികം സ്പർശിച്ചുവെന്നു പറഞ്ഞ പാപ്പാ, ഇരകൾക്കു വേണ്ടി താൻ പ്രാർത്ഥിച്ചുവെന്നും, സത്യവും നീതിയും വെളിപ്പടട്ടെയെന്നും കൂട്ടിച്ചേർത്തു.

തനിക്ക്  സന്ദർശിക്കാൻ കഴിയാത്ത ലെബനനിലെ എല്ലാ പ്രദേശങ്ങളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. ആക്രമണങ്ങളും ശത്രുതയും അവസാനിക്കട്ടെയെന്നും,  സായുധ പോരാട്ടം ഒരു പ്രയോജനവും നല്കുന്നില്ലെന്ന് നാം തിരിച്ചറിയണമെന്നും പാപ്പാ പറഞ്ഞു. ചർച്ചകൾ, മധ്യസ്ഥത, സംഭാഷണം എന്നിവ ക്രിയാത്മകമാണെന്നും, സമാധാനം ഒരു ലക്ഷ്യമായി മാത്രമല്ല, മാർഗമായും തിരഞ്ഞെടുക്കാമെന്നും പാപ്പാ ആശംസിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ഡിസംബർ 2025, 09:30