വേദനകൾക്ക് നടുവിലും പ്രത്യാശയിലേക്ക് നമ്മുടെ ദൃഷ്ടികൾ ഉയർത്തണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വികാരഭരിതവും, കൃതജ്ഞതാപൂർണ്ണവുമായ ഹൃദയത്തോടുകൂടിയാണ് ബെയ്‌റൂട്ടിലെ രക്തസാക്ഷി ചത്വരത്തിൽ നടന്ന എക്യുമെനിക്കൽ, സർവമത യോഗത്തിൽ, ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം, ലെബനൻ ജനതയ്ക്കു നൽകിയത്. പഴയനിയമത്തിലെ പ്രവാചകന്മാർ ഉയർത്തിപ്പിടിച്ച ഒരു നാടെന്ന നിലയിലും, സ്വർഗ്ഗത്തിന്റെ ജാഗ്രതയോടെയുള്ള ദൃഷ്ടി പതിഞ്ഞ മണ്ണെന്ന നിലയിലും, ലെബനൻ നാടിന്റെ പ്രാധാന്യവും പാപ്പാ അടിവരയിട്ടു പറഞ്ഞു. 2012-ൽ ബെയ്‌റൂട്ടിൽ ഒപ്പുവച്ച സിനഡാനന്തര അപ്പസ്തോലിക പ്രബോധനത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ എടുത്തു പറഞ്ഞ, മറ്റു മതങ്ങളുമായുള്ള സംഭാഷണത്തിന്റെ പ്രാധാന്യത്തെ പാപ്പാ അനുസ്മരിച്ചു. ഈ സംഭാഷണം ക്രിസ്ത്യാനികളെ ജൂതന്മാരെയും മുസ്ലീങ്ങളെയും ഒന്നിപ്പിക്കുന്ന ആത്മീയവും ചരിത്രപരവുമായ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് ദൈവശാസ്ത്രപരമായ അടിത്തറകളിൽ ഊന്നിയതാണെന്നും പാപ്പാ പറഞ്ഞു.
മോസ്കിന്റെ മാളികയും, ദേവാലയത്തിന്റെ മണിമാളികയും തോളോട് ചേർന്ന് ഉയരങ്ങളിലേക്ക് ലംബമായി നിൽക്കുന്നത്, ഈ നാടിന്റെ നിലനിൽക്കുന്ന വിശ്വാസത്തിനും, ഏക ദൈവത്തോടുള്ള ജനങ്ങളുടെ ദൃഢമായ സമർപ്പണത്തിനും സാക്ഷ്യം വഹിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. പ്രാർത്ഥനയിലേക്കുള്ള ഓരോ ആഹ്വാനവും ഒരൊറ്റ ഗീതമായി ലയിക്കട്ടെയെന്നും, ആകാശത്തിന്റെയും ഭൂമിയുടെയും കരുണാമയനായ സ്രഷ്ടാവിനെ മഹത്വപ്പെടുത്താൻ മാത്രമല്ല, ഹൃദയത്തിൽ നിന്ന് സമാധാനത്തിനു വേണ്ടി അപേക്ഷിക്കാനും മണിനാദവും, ബാങ്കുവിളികളും ഉയർത്തപ്പെടട്ടെയെന്നും പാപ്പാ ആശംസിച്ചു.
വർഷങ്ങളായി, പ്രത്യേകിച്ച് സമീപകാലത്ത്, ലോകത്തിന്റെ കണ്ണുകൾ അബ്രഹാമിക് മതങ്ങളുടെ കളിത്തൊട്ടിലായ മധ്യ പൂർവേഷ്യയിലേക്കാണെന്ന് പറഞ്ഞ പാപ്പാ, ചിലപ്പോഴെങ്കിലും, മധ്യപൂർവദേശത്തെ ഭയത്തിന്റെയും നിരുത്സാഹത്തിന്റെയും വികാരത്തോടെയാണ് വീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു. എന്നാൽ സങ്കീർണ്ണവും ദീർഘകാലവുമായ സംഘർഷങ്ങളെ അഭിമുഖീകരിക്കുന്നുവെങ്കിലും, വിവിധ മതങ്ങളെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിൽ നാം ശ്രദ്ധ പുലർത്തുകയാണെകിൽ, പ്രതീക്ഷയിലേക്ക് നാം പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു.
സഹവർത്തിത്വം ഒരു വിദൂര സ്വപ്നമായി തോന്നാവുന്ന ഒരു യുഗത്തിൽ, വ്യത്യസ്ത മതങ്ങളിലുള്ളവർ ലെബനനിൽ ഒരുമിച്ചുവസിക്കുന്നത് വലിയ ഉദാഹരണമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഭയം, അവിശ്വാസം, മുൻവിധി എന്നിവയ്ക്ക് പകരം, ഐക്യം, അനുരഞ്ജനം, സമാധാനം എന്നിവയാണ് ഈ നാട് കാട്ടിത്തരുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു. അറുപത് വർഷങ്ങൾക്ക് മുമ്പ്, നൊസ്ത്ര അയെത്താതെ എന്ന പ്രഖ്യാപനം പുറപ്പെടുവിച്ചതോടെ , രണ്ടാം വത്തിക്കാൻ കൗൺസിൽ കത്തോലിക്കരും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും പരസ്പര ബഹുമാനത്തിനും ഒരു പുതിയ ചക്രവാളം തുറന്നുകൊടുത്തതും പാപ്പാ എടുത്തു പറഞ്ഞു. യഥാർത്ഥ സംഭാഷണവും സഹകരണവും സ്നേഹത്തിൽ വേരൂന്നിയതാണെന്നും അത് സമാധാനത്തിനും നീതിക്കും അനുരഞ്ജനത്തിനും ഏക അടിത്തറയാണെന്നും രേഖ അടിവരയിടുന്നതും പാപ്പാ അനുസ്മരിച്ചു.
യേശുവിന്റെ പരസ്യ ശുശ്രൂഷ പ്രധാനമായും ഗലീലിയിലും യൂദയായിലുമാണ് നടന്നതെങ്കിലും, സുവിശേഷങ്ങളിൽ ഡെക്കാപ്പോളിസ് പ്രദേശം - അതുപോലെ സോറിന്റെയും സീദോന്റെയും ചുറ്റുപാടുകൾ - സന്ദർശിച്ച സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്, അവിടെ അദ്ദേഹം സിറോ-ഫൊനീഷ്യൻ സ്ത്രീയെ കണ്ടുമുട്ടിയതും, അവളുടെ ഉറച്ച വിശ്വാസം അവളുടെ മകളെ സുഖപ്പെടുത്താൻ കാരണമായതും എടുത്തു പറഞ്ഞ പാപ്പാ, യേശുവും യാചിക്കുന്ന ഒരു അമ്മയും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയെ ഈ സ്ഥലം പ്രതിനിധാനം ചെയ്യുന്നുവെന്നും, വിനയം, വിശ്വാസം, സ്ഥിരോത്സാഹം എന്നീ പുണ്യങ്ങളാൽ എല്ലാ തടസ്സങ്ങളെയും മറികടന്ന് ഓരോ മനുഷ്യ ഹൃദയത്തെയും ഉൾക്കൊള്ളുന്ന അതിരുകളില്ലാത്ത ദൈവസ്നേഹത്തെ കണ്ടുമുട്ടുന്ന ഒരു സ്ഥലമായി ഇത് മാറുന്നുവെന്നും പറഞ്ഞു.
എല്ലാ അതിർത്തികൾക്കും അപ്പുറമുള്ള ദൈവത്തിന്റെ സാന്നിധ്യത്തിന്റെ കണ്ടെത്തലും ഭക്തിയോടും വിനയത്തോടും കൂടി അവനെ അന്വേഷിക്കാനുള്ള ക്ഷണവുമാണ് മതാന്തര സംഭാഷണത്തിന്റെ കാതൽ എന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു. ലെബനൻ അതിന്റെ ഗംഭീരമായ ദേവദാരുക്കൾക്ക് പേരുകേട്ടതാണെങ്കിൽ, ഒലിവ് വൃക്ഷം അതിന്റെ പൈതൃകത്തിന്റെ മൂലക്കല്ലിനെയും പ്രതിനിധീകരിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, ക്രിസ്തുമതം, യഹൂദമതം, ഇസ്ലാം എന്നിവയുടെ വിശുദ്ധ ഗ്രന്ഥങ്ങളിൽ ഇത് എടുത്തു പറയുന്നതും ചൂണ്ടിക്കാട്ടി. , ഇത് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും കാലാതീതമായ പ്രതീകമായി വർത്തിക്കുന്നുവെന്നതും പാപ്പാ പറഞ്ഞു.
ശാരീരികവും ആത്മീയവുമായ മുറിവുകൾക്കുള്ള ഒരു തൈലം ഒലിവു മരം പ്രദാനം ചെയ്യുന്നുവെന്നും, അത് കഷ്ടപ്പെടുന്ന എല്ലാവരോടും ദൈവത്തിന്റെ അനന്തമായ അനുകമ്പയെ പ്രകടിപ്പിക്കുന്നുവെന്നും എടുത്തു പറഞ്ഞു.
"പരസ്പരബന്ധിതമായ ആഗോള ലോകത്ത്, നിങ്ങൾ സമാധാനത്തിന്റെ നിർമ്മാതാക്കളാകാൻ വിളിക്കപ്പെട്ടിരിക്കുന്നു: അസഹിഷ്ണുതയെ ചെറുക്കുക, അക്രമത്തെ മറികടക്കുക, ഒഴിവാക്കൽ ഒഴിവാക്കുക, നിങ്ങളുടെ വിശ്വാസത്തിന്റെ സാക്ഷ്യത്തിലൂടെ എല്ലാവർക്കും നീതിയിലേക്കും ഐക്യത്തിലേക്കും ഉള്ള പാത പ്രകാശിപ്പിക്കുക", പാപ്പാ ആഹ്വാനം ചെയ്തു. ലോകമെമ്പാടും, അനുരഞ്ജനത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും ദാനം "ലെബനനിൽ നിന്ന് ഒഴുകുന്ന അരുവികൾ പോലെ" പ്രവഹിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
