പാപ്പാ വിശുദ്ധ ബലിയർപ്പിക്കുന്നു പാപ്പാ വിശുദ്ധ ബലിയർപ്പിക്കുന്നു   (ANSA)

നീതിയുടെയും സാഹോദര്യത്തിന്റെയും ഒരു ഭവനമാകൂ: ലെബനനോട് പാപ്പാ

ബെയ്‌റൂട്ട് വാട്ടർഫ്രണ്ടിൽ ലിയോ പതിനാലാമൻ പാപ്പാ നയിച്ച കുർബാനയിൽ, തന്റെ ആദ്യ അപ്പസ്തോലിക യാത്രയിലെ "തീവ്രമായ ദിവസങ്ങൾക്ക്" നന്ദി പ്രകടിപ്പിച്ചു. പ്രത്യാശയോടെ മുന്നേറുവാൻ ഏവരെയും ക്ഷണിച്ചു. സുവിശേഷപ്രസംഗത്തിന്റെ മലയാള പരിഭാഷ.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

വിവർത്തനം: ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നാം സന്തോഷത്തോടെ പങ്കുവച്ച  ഈ തീവ്രമായ ദിവസങ്ങളുടെ അവസാനത്തിൽ,  നമ്മുടെ ഇടയിൽ തന്നെത്തന്നെ സന്നിഹിതനാക്കിക്കൊണ്ടും, അവൻ നമുക്ക് സമൃദ്ധമായി വാഗ്ദാനം ചെയ്യുന്ന വചനത്താലും , ഒരുമിച്ച് ജീവിക്കാൻ നമ്മെ അനുവദിച്ച, കർത്താവിന്റെ നന്മനിറഞ്ഞ കൃപകൾക്ക് നമുക്ക് കർത്താവിനോട് നന്ദിയർപ്പിക്കാം.

നാം ഇപ്പോൾ വായിച്ചുകേട്ട വചന ഭാഗത്തിൽ പറയുന്നതുപോലെ, യേശുവും, തന്റെ പിതാവിന് നന്ദിയർപ്പിച്ചുകൊണ്ട് ഇപ്രകാരം പ്രാർത്ഥിക്കുന്നു: സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും പിതാവായ ദൈവമേ നിനക്ക് ഞാൻ സ്തുതികൾ അർപ്പിക്കുന്നു. (ലൂക്ക 10 ,21) എന്നാൽ സ്തുതിയുടെ മാനം എപ്പോഴും നമ്മുടെ ഉള്ളിൽ കണ്ടെത്തണമെന്നില്ല. ചിലപ്പോൾ ജീവിതത്തിന്റെ കഷ്ടപ്പാടുകളാൽ  ഭാരപ്പെട്ടതും, നമ്മെ ചുറ്റിയുള്ള നിരവധി പ്രശ്നങ്ങളിൽ മുഴുകി, തിന്മയുടെ മുന്നിൽ നിസ്സഹായതയാൽ തളർന്നുപോകുകയും നിരവധി പ്രയാസകരമായ സാഹചര്യങ്ങളാൽ അടിച്ചമർത്തപ്പെടുകയും ചെയ്യുമ്പോൾ, ഹൃദയത്തിന്റെ ആശ്ചര്യത്തെയും നന്ദിയെയും അപേക്ഷിച്ച്, നാം വിലാപത്തിലും, അടിയറവു വയ്ക്കുന്നതിലും താണുപോകുന്നു.

 കർത്താവ് നിങ്ങളുടെ നാടിനെ അലങ്കരിച്ച ഒരു അപൂർവ്വ സൗന്ദര്യത്തിന്റെ സ്വീകർത്താക്കളും അതേ സമയം, പല രൂപങ്ങളിൽ  തിന്മ ഈ മഹത്വത്തെ എത്രമാത്രം അവ്യക്തമാക്കുമെന്നതിന്റെ കാഴ്ചക്കാരും ഇരകളുമായ, പ്രിയപ്പെട്ട ലബനീസ് ജനതയേ, എപ്പോഴും പ്രശംസയുടെയും നന്ദിയുടെയും മനോഭാവം വളർത്തിയെടുക്കാൻ, നിങ്ങളെ ഞാൻ ക്ഷണിക്കുന്നു.

കടലിനെ അഭിമുഖീകരിക്കുന്ന ഈ സ്ഥലത്തു നിന്നും, തിരുവെഴുത്തിൽ വിവരിക്കുന്ന ലെബനന്റെ സൗന്ദര്യം മനസിലാക്കുവാൻ എനിക്ക് സാധിക്കും. കർത്താവ് തന്റെ ഉയരമുള്ള ദേവദാരു മരങ്ങൾ അവിടെ നട്ടുപിടിപ്പിച്ചു, അവയെ പോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്തു. ഉത്തമഗീതത്തിലെ മണവാട്ടിയുടെ വസ്ത്രങ്ങൾ  ഈ ദേശത്തിന്റെ സൗരഭ്യത്താൽ  സുഗന്ധം പരത്തുകയും ചെയ്തു. മിശിഹായുടെ വരവിനായി വെളിച്ചം ധരിച്ച വിശുദ്ധ നഗരമായ ജെറുസലേമിന്  അവിടുന്ന് ഇപ്രകാരം പ്രഖ്യാപിക്കുന്നു: "എന്റെ വിശുദ്‌ധസ്‌ഥലം അലങ്കരിക്കാന്‍ ലബനോന്റെ മഹത്വമായ സരളവൃക്‌ഷവും പുന്നയും ദേവദാരുവും നിന്റെ അടുക്കല്‍ എത്തും. എന്റെ പാദപീഠം ഞാന്‍ മഹത്വപൂര്‍ണമാക്കും." (ഏശയ്യാ 60 : 13)

എന്നിരുന്നാലും, അതേ സമയം, ഈ സൗന്ദര്യം ദാരിദ്ര്യത്താലും കഷ്ടപ്പാടുകളാലും, നിങ്ങളുടെ ചരിത്രത്തെ അടയാളപ്പെടുത്തിയ മുറിവുകളാലും ഒളിമങ്ങിയിരിക്കുന്നു. തുറമുഖത്ത് സ്ഫോടനം നടന്ന സ്ഥലത്തു അല്പസമയം മുൻപ് ഞാൻ പ്രാർത്ഥിക്കുവാനായി  പോയിരുന്നു. ദുർബലവും പലപ്പോഴും അസ്ഥിരവുമായ ഒരു രാഷ്ട്രീയ സന്ദർഭം, നിങ്ങളെ അടിച്ചമർത്തുന്ന നാടകീയമായ സാമ്പത്തിക പ്രതിസന്ധി, പുരാതന ഭയങ്ങളെ ഉണർത്തിയ അക്രമങ്ങളും സംഘർഷങ്ങളും ഇങ്ങനെ നിങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളാൽ എല്ലാം അവ്യക്തമാണ്. അത്തരമൊരു സാഹചര്യത്തിൽ എളുപ്പത്തിൽ കൃതജ്ഞത  നിരാശയിലേക്ക് വഴിമാറുന്നു. ഹൃദയത്തിന്റെ ശൂന്യതയിൽ സ്തുതിഗീതത്തിന് സ്ഥാനമില്ല, പ്രത്യാശയുടെ ഉറവിടം അനിശ്ചിതത്വത്താലും, ദിശാബോധമില്ലായ്മയാലും വറ്റിപ്പോകുന്നു.

എന്നിരുന്നാലും, കർത്താവിന്റെ വചനം, കൃതജ്ഞതയിലേക്ക് സ്വയം തുറന്നുകൊണ്ട്, ഈ ദേശത്തോടുള്ള പൊതുപ്രതിബദ്ധതയ്ക്ക് നമ്മെ പ്രേരിപ്പിക്കുന്ന  ചെറിയ തിളങ്ങുന്ന വിളക്കുകൾ, ഇരുട്ടിന്റെ നാഴികയിൽ  കണ്ടെത്താൻ നമ്മെ ക്ഷണിക്കുന്നു. 

നാം കേട്ടതുപോലെ, യേശു പിതാവിന് നന്ദി പറയാനുള്ള കാരണം അസാധാരണമായ പ്രവൃത്തികൾ ചെയ്തതു കൊണ്ടല്ല, മറിച്ച് ആരും ശ്രദ്ധിക്കാത്തവരിലേക്കും, അവഗണിക്കപ്പെടുന്നവരിലേക്കും,  ശബ്ദമില്ലാത്തവരിലേക്കും  അവൻ തന്റെ മഹത്വം കൃത്യമായി വെളിപ്പെടുത്തുന്നതിനാലാണ്. യേശു ഉദ്ഘാടനം ചെയ്യാൻ വരുന്ന രാജ്യത്തിന്, വാസ്തവത്തിൽ, ഏശയ്യാ പ്രവാചകൻ നമ്മോട് പറഞ്ഞ ഈ സ്വഭാവം കൃത്യമായി ഉണ്ട്:  ജെസ്സെയുടെ കുറ്റിയിൽ നിന്ന് ഒരു മുള കിളിർത്തുവരും; അവന്റെ വേരിൽ നിന്ന് ഒരു ശാഖ പൊട്ടികിളിർക്കും; എല്ലാം അവസാനിച്ചതായി തോന്നുമ്പോൾ പുനർജന്മം വാഗ്ദാനം ചെയ്യുന്ന ഒരു ചെറിയ പ്രത്യാശ. ഒരു ചെറിയ മുളയായിട്ടാണ് മിശിഹായുടെ വരവ് പ്രഖ്യാപിക്കപ്പെടുന്നത്. എളിയവർക്കു മാത്രമാണ് ഇത് തിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ. വലിയ ഭാവമില്ലാതെ ജീവിക്കുന്നവർക്ക്  ചരിത്രത്തിലെ ദൈവത്തിന്റെ അടയാളങ്ങളും, അതിന്റെ വിശദാംശങ്ങളും തിരിച്ചറിയുവാൻ സാധിക്കുന്നു.

വേദനാജനകമായ സംഭവങ്ങളിൽ പോലും നമ്മെ വളരുവാൻ സഹായിക്കുന്ന, ചെറിയ മുളകൾ തിരിച്ചറിയുവാൻ നമ്മുടെ ദൃഷ്ടികൾക്ക് സാധിക്കും. രാത്രിയിൽ തിളങ്ങുന്ന ചെറിയ വിളക്കുകൾ, മുളയ്ക്കുന്ന ചെറിയ മുളകൾ, ഈ ചരിത്ര കാലഘട്ടത്തിലെ വരണ്ട പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ച ചെറിയ വിത്തുകൾ,  എന്നിവ ഇവിടെയും ഇന്നും,  എന്നും നമുക്ക് കാണാൻ കഴിയും. നിങ്ങളുടെ കുടുംബങ്ങളിൽ വേരൂന്നിയതും ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  പരിപോഷിപ്പിക്കപ്പെട്ടതുമായ നിങ്ങളുടെ ലളിതവും ആത്മാർത്ഥവുമായ വിശ്വാസത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു.  ജനങ്ങളുടെ  ആവശ്യങ്ങൾ  നിറവേറ്റുന്നതിനായി ഇടവകകൾ, സഭകൾ, പ്രസ്ഥാനങ്ങൾ എന്നിവയുടെ നിരന്തരമായ പ്രവർത്തനത്തെക്കുറിച്ചും  ഞാൻ ചിന്തിക്കുന്നു. അനേകം പ്രയാസങ്ങൾക്കിടയിലും തങ്ങളുടെ ദൗത്യത്തിനായി സ്വയം സമർപ്പിക്കുന്ന പുരോഹിതരെക്കുറിച്ചും സമർപ്പിതരെക്കുറിച്ചും ഞാൻ ചിന്തിക്കുന്നു. ജീവകാരുണ്യ രംഗത്തും സമൂഹത്തിൽ സുവിശേഷം പ്രചരിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന നിങ്ങളെപ്പോലുള്ള സാധാരണക്കാരെക്കുറിച്ചും ഞാൻ ചിന്തിക്കുന്നു. രാത്രിയുടെ ഇരുട്ടിനെ പ്രകാശിപ്പിക്കാൻ  കഠിനമായി ശ്രമിക്കുന്ന ഈ വിളക്കുകൾക്കും, ഭാവിയിൽ  പ്രത്യാശ തുറന്നുകൊടുക്കുന്ന ഈ ചെറുതും അദൃശ്യവുമായ മുളകൾക്കും, ഇന്ന് നാം യേശുവിനെപ്പോലെ പറയണം: "പിതാവേ, ഞങ്ങള് അങ്ങയെ സ്തുതിക്കുന്നു! ഞങ്ങളോടൊപ്പമുണ്ടായിരുന്നതിനും ഞങ്ങളെ വീഴാൻ അനുവദിക്കാത്തതിനും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ".

അതേസമയം, ഈ നന്ദി, അടുപ്പമുള്ളതും മിഥ്യാബോധമുള്ളതുമായ ഒരു ആശ്വാസമായി തുടരരുത്. അത് ഹൃദയത്തിന്റെയും ജീവിതത്തിന്റെയും  പരിവർത്തനത്തിലേക്കും,  ദൈവം നമ്മുടെ ജീവിതം വിഭാവനം ചെയ്തിട്ടുള്ള വിശ്വാസത്തിന്റെ വെളിച്ചത്തിലും, പ്രത്യാശയുടെ വാഗ്ദാനത്തിലും, ദാനധർമ്മത്തിന്റെ സന്തോഷത്തിലുമാണെന്ന ചിന്തയിലേക്കും നമ്മെ നയിക്കണം. അതിനാൽ, നാമെല്ലാവരും ഈ മുകുളങ്ങൾ വളർത്താൻ വിളിക്കപ്പെട്ടിരിക്കുന്നു, നിരുത്സാഹപ്പെടരുത്, അക്രമത്തിന്റെയും, പണത്തിന്റെ വിഗ്രഹാരാധനയുടെയും യുക്തിക്ക് വഴങ്ങാതിരിക്കുക, വ്യാപകമായ തിന്മയ്ക്ക് സ്വയം കീഴടങ്ങാതിരിക്കുക.

ഓരോരുത്തരും അവരവരുടെ പങ്ക് നിർവഹിക്കണം, ഈ പ്രദേശത്തിന്  അതിന്റെ പ്രൗഢിയിലേക്ക് മടങ്ങിവരാനുള്ള ശ്രമങ്ങളിൽ  നാമെല്ലാവരും പങ്കുചേരണം. നമുക്ക് അത് ചെയ്യാൻ ഒരേയൊരു മാർഗമേയുള്ളൂ: നമുക്ക് നമ്മുടെ ഹൃദയങ്ങളെ നിരായുധരാക്കാം, നമ്മുടെ വംശീയവും രാഷ്ട്രീയവുമായ അടച്ചുപൂട്ടലുകളുടെ കവചം ഉപേക്ഷിക്കാം, മതങ്ങൾക്കിടയിൽ കൂടിക്കാഴ്ചകൾ നടത്താം, സമാധാനവും നീതിയും വിജയിക്കുന്ന, എല്ലാവർക്കും പരസ്പരം സഹോദരീസഹോദരന്മാരായി തിരിച്ചറിയാൻ കഴിയുന്ന, ഒടുവിൽ, ഏശയ്യാ പ്രവാചകൻ നമ്മോട് വിവരിക്കുന്ന കാര്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു ഏകീകൃത ലെബനൻ എന്ന സ്വപ്നം നമ്മുടെ ഹൃദയങ്ങളിൽ പുനരുജ്ജീവിപ്പിക്കാം. ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. (ഏശയ്യാ 11 : 6)

ഇത് നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന സ്വപ്നം ആകുന്നു, സമാധാനത്തിന്റെ ദൈവം നിങ്ങളുടെ കൈകളിൽ അർപ്പിക്കുന്നതു ഇതാണ്. ലെബനൻ, എണീക്ക്! നീതിയുടെയും സാഹോദര്യത്തിന്റെയും ഭവനമാകുക!  സമാധാനത്തിന്റെ പ്രവചനം ആകുക!

സഹോദരീ സഹോദരന്മാരേ, "പിതാവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു" എന്ന യേശുവിന്റെ വാക്കുകൾ ആവർത്തിച്ചുകൊണ്ട് പറയാൻ ഞാനും ആഗ്രഹിക്കുന്നു. നിങ്ങളുടെ കഷ്ടപ്പാടുകളും പ്രത്യാശകളും എന്റെ ഹൃദയത്തിൽ വഹിക്കുമ്പോൾ, ഈ ദിവസങ്ങൾ നിങ്ങളുമായി പങ്കുവെച്ചതിന് ഞാൻ കർത്താവിനോട് നന്ദി രേഖപ്പെടുത്തുന്നു. നീതിയുടെ സൂര്യനായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ഈ നാട് എപ്പോഴും പ്രകാശിക്കട്ടെയെന്നും,  മങ്ങാത്ത പ്രത്യാശയ കാത്തുസൂക്ഷിക്കാൻ അവനോട് നന്ദിയുള്ളവരായിരിക്കുവാൻ ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഡിസംബർ 2025, 14:52