ലിയോ പതിനാലാമൻ പാപ്പായും ഇറ്റലിയിലെ രഹസ്യാന്വേഷണ, സുരക്ഷാവിഭാഗങ്ങളുടെ തലവന്മാരും ലിയോ പതിനാലാമൻ പാപ്പായും ഇറ്റലിയിലെ രഹസ്യാന്വേഷണ, സുരക്ഷാവിഭാഗങ്ങളുടെ തലവന്മാരും  (ANSA)

രഹസ്യാന്വേഷണവിഭാഗങ്ങൾ മനുഷ്യാന്തസ്സ് ഉറപ്പാക്കിയും ധാർമ്മികതയോടെയും പ്രവർത്തിക്കണം: ലിയോ പതിനാലാമൻ പാപ്പാ

രഹസ്യാന്വേഷണവിഭാഗങ്ങളിൽ രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്നവർ, തങ്ങളുടെ അന്വേഷണമേഖലയിൽ മനുഷ്യരുടെ അന്തസ്സ് മാനിക്കണമെന്നും, ആശയവിനിമയത്തിലുണ്ടാകേണ്ട ധാർമ്മികത കാത്തുസൂക്ഷിക്കണമെന്നും ലിയോ പതിനാലാമൻ പാപ്പാ. ഇറ്റലിയിലെ വിവിധ രഹസ്യാന്വേഷണവിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഡിസംബർ 12 വെള്ളിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, ഇത്തരമൊരു ആഹ്വാനം പരിശുദ്ധ പിതാവ് മുന്നോട്ടുവച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

രഹസ്യാന്വേഷണവിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നവർ രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ള തങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രാധാന്യം കാത്തുസൂക്ഷിക്കുമ്പോൾത്തന്നെ, ആരുടെയും അന്തസ്സ് ഇല്ലാതാക്കപ്പെടുന്നില്ലെന്നും, എല്ലാവരുടെയും അവകാശങ്ങൾ മാനിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ പരിശ്രമിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. പൊതുനന്മയ്ക്കായുള്ള പ്രവർത്തനത്തിന്റെ ഭാഗമെന്ന നിലയിൽ പലപ്പോഴും ഈ ധാർമ്മിക ഉത്തരവാദിത്വം അവഗണിക്കപ്പെട്ടേക്കാമെന്നും, സന്തുലിതമായ ഒരു നിലപാട് എളുപ്പമായിരിക്കില്ലെന്നും ഓർമ്മിപ്പിച്ച പാപ്പാ, ഇത്തരം സേവനമേഖലയിലെ പ്രവർത്തനങ്ങൾ വ്യക്തികളുടെ അവകാശങ്ങളെ ആഴത്തിൽ ബാധിക്കുന്നതാണെന്ന് മറക്കരുതെന്ന് പറഞ്ഞു. ഇറ്റലിയിലെ വിവിധ രഹസ്യാന്വേഷണവിഭാഗങ്ങളിൽ (Italian intelligence agencies) ജോലി ചെയ്യുന്നവർക്ക് ഡിസംബർ 12 വെള്ളിയാഴ്ച രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, ഈയൊരു പ്രധാനപ്പെട്ട പ്രവർത്തനമേഖലയിലുണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ച് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചത്.

രഹസ്യാന്വേഷണവിഭാഗത്തിൽ അധികാരവുമായി ബന്ധപ്പെട്ടും മറ്റു മേഖലകളിലും പല പ്രലോഭനങ്ങളും ഉണ്ടാകാമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, പൊതുനന്മയും, രാഷ്ട്രത്തിന്റെ സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം, സ്വകാര്യ-കുടുംബ ജീവിതം, മനഃസാക്ഷിയുടെ സ്വാതന്ത്ര്യം, നീതിപൂർണ്ണമായ നടപടിക്രമങ്ങൾ തുടങ്ങി, വ്യക്തികളുടെ അവകാശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും, അന്വേഷണങ്ങൾ കൃത്യമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.

ആശയവിനിമയരംഗത്തുണ്ടാകേണ്ട ധാർമ്മികതയെക്കുറിച്ച് സംസാരിച്ച പാപ്പാ, കഴിഞ്ഞ ഏതാനും വർഷങ്ങളിലായി നിർമ്മിതബുദ്ധിയുടെ വളർച്ചയുൾപ്പെടെ സാങ്കേതികരംഗം ഏറെ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഈ രംഗത്തുള്ള നന്മതിന്മകളെക്കുറിച്ച് പരാമർശിച്ച പാപ്പാ, ആശയവിനിമയരംഗവുമായി ബന്ധപ്പെട്ടും, പൊതു ഇടങ്ങളിലും നിലനിൽക്കുന്ന വാർത്തകളിലെ സത്യവും നുണകളും തമ്മിൽ വേർതിരിച്ചറിയുന്നത്, വ്യക്തികളുടെ സ്വകാര്യജീവിതം അനാവശ്യമായി പരസ്യപ്പെടുത്തുന്നത്, ദുർബലരായ മനുഷ്യരെ വഞ്ചിക്കുന്നത്, ഭീഷണിപ്പെടുത്തൽ, വിദ്വേഷത്തിനും അക്രമത്തിനും പ്രേരിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് കാത്തുസൂക്ഷിക്കേണ്ട വിവേകത്തിന്റെയും ശ്രദ്ധയുടെയും ആവശ്യത്തെക്കുറിച്ചും സംസാരിച്ചു.

രഹസ്യാത്മകസ്വഭാവമുള്ള വിവരങ്ങൾ അന്യായമായി ഉപയോഗിക്കുന്നതിനെതിരെ സംസാരിച്ച പാപ്പാ, സഭയുടെ കാര്യത്തിൽപ്പോലും ചില രാജ്യങ്ങൾ ഇത്തരം വിവരങ്ങൾ, അടിച്ചമർത്തൽ, സ്വാതന്ത്ര്യം നിഷേധിക്കൽ, തുടങ്ങിയ നല്ലതല്ലാത്ത ലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നുണ്ടെന്ന് അപലപിച്ചു.

രഹസ്യാന്വേഷണവിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കുള്ളത് ഏറെ സൂക്ഷമമായി കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വമാണെന്ന് പറഞ്ഞ പാപ്പാ, ഇത്തരമൊരു പ്രധാനപ്പെട്ട സേവനമേഖലയിൽ ജോലി ചെയ്യുന്നതിനായി ജീവനും ആരോഗ്യവും നൽകേണ്ടിവന്നവരെയും അനുസ്മരിച്ചു.

പരിശുദ്ധ സിംഹാസനത്തിന്റെയും വത്തിക്കാന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി ഇറ്റലിയിലെ രഹസ്യാന്വേഷണവിഭാഗങ്ങൾ ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, പൊതുനന്മ ലക്ഷ്യമാക്കിയും, മറ്റെല്ലാത്തിനേക്കാളും മനുഷ്യാന്തസ്സിനെ ഉയർത്തിപ്പിടിക്കുന്ന നൈയാമിക, ധാർമ്മിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ചും മുന്നോട്ട് പോകാൻ ഏവരെയും ആഹ്വാനം ചെയ്തു.

ജൂബിലിയുടെ ആഘോഷങ്ങളുടെ കൂടി ഭാഗമായി ഒരുമിച്ച് ചേർന്ന സുരക്ഷാ, രഹസ്യാന്വേഷണവിഭാഗങ്ങളിലുള്ളവർക്ക് നന്ദി പറഞ്ഞ പാപ്പാ, ഏവർക്കും ക്രിസ്തുമസ് ആശംസകളും നേർന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഡിസംബർ 2025, 13:29