ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (@Vatican Media)

ഓസ്‌ട്രേലിയയിൽ നടന്ന കിരാത ആക്രമണത്തിൽ ദുഃഖമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ

സിഡ്‌നിയിൽ കഴിഞ്ഞ ദിവസം പതിനാറ് പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും സാമീപ്യവും ഐക്യദാർഢ്യവും പ്രഖ്യാപിച്ചും, പ്രാർത്ഥനാശംസകൾ ഏകിയും ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പരൊളീനാണ് പരിശുദ്ധ പിതാവിന്റെ പേരിൽ സിഡ്‌നി ആർച്ച്ബിഷപ് അഭി. ഫിഷറിന് ടെലെഗ്രാം സന്ദേശമയച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സിഡ്‌നിയിലെ ബൊന്തായ് (Bondi) കടൽത്തീരത്ത് പതിനാറ് പേരുടെ ജീവനെടുക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കിന് കാരണമാകുകയും ചെയ്ത കിരാത ആക്രമണത്തിൽ ദുഃഖമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഡിസംബർ 14 ഞായറാഴ്ച്ച വൈകുന്നേരം, യഹൂദസമൂഹത്തിന്റെ ഹനുക്ക ആഘോഷത്തിനായി ഒത്തുചേർന്ന ആളുകൾക്കിടയിലേക്ക് രണ്ട് അക്രമികൾ നടത്തിയ ഈ ആക്രമണത്തിന്റെ ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും തന്റെ പ്രാർത്ഥനകളും സാമീപ്യവും പരിശുദ്ധ പിതാവ് വാഗ്ദാനം ചെയ്തു. സിഡ്‌നി ആർച്ച്ബിഷപ് അഭി. ആന്റണി ഫിഷറിന് (H.G. Msgr. Anthony Fisher, OP) ഇതുമായി ബന്ധപ്പെട്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ ഒപ്പിട്ടയച്ച ഒരു ടെലെഗ്രാം സന്ദേശത്തിലൂടെയാണ് സംഭവത്തിൽ ദുഃഖിക്കുന്ന ഏവർക്കും പരിശുദ്ധ പിതാവ് തന്റെ ഐക്യദാർഢ്യം അറിയിച്ചത്.

സംഭവത്തെ, അവിവേകപരമായ അക്രമപ്രവർത്തിയെന്ന് വിശേഷിപ്പിച്ച പാപ്പാ, അക്രമത്തിനുള്ള പ്രലോഭനം നേരിടുന്നവർ, മനഃപരിവർത്തനത്തിലൂടെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാർഗ്ഗത്തിലേക്ക് മടങ്ങട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. പരിക്കേറ്റവർ വേഗം സുഖമാകട്ടെയെന്ന് ആശംസിച്ച പാപ്പാ, അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെക്കുറിച്ച് ദുഃഖിക്കുന്നവർക്ക് സാന്ത്വനം നേരുകയും, മരണമടഞ്ഞവരെ പിതാവായ ദൈവത്തിന്റെ കരുണയ്ക്ക് സമർപ്പിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയിലെ ഏവർക്കും ദൈവാനുഗ്രഹങ്ങളും, സമാധാനവും ധൈര്യവും പാപ്പാ ആശംസിക്കുന്നുവെന്ന് കർദ്ദിനാൾ പരൊളീൻ തന്റെ ടെലെഗ്രാം സന്ദേശത്തിൽ എഴുതി.

വത്തിക്കാനിലെ ക്രിസ്തുമസ് പുൽക്കൂടും ക്രിസ്തുമസ് മരവും സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത ആളുകളെ നവംബർ 15-ന് വത്തിക്കാനിൽ സ്വീകരിച്ച് സംസാരിച്ച വേളയിലും, സിഡ്‌നിയിൽ നടന്ന ആക്രമണത്തിന്റെ ഇരകളെ പരിശുദ്ധ പിതാവ് അനുസ്മരിക്കുകയും സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യഹൂദർക്കെതിരായ അക്രമം ഏവർക്കുമെതിരായ അക്രമം

സിഡ്‌നി ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ പ്രദേശത്തെ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഫിഷർ, യഹൂദർക്കെതിരായ ആക്രമണം എല്ലാവർക്കുമെതിരായ ആക്രമണമാണെന്ന് പറഞ്ഞിരുന്നു. വിദ്യാഭ്യാസത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും, സെമിറ്റിക് വിരുദ്ധ ചിന്തകൾ അവസാനിപ്പിക്കുന്നതിനായി ശ്രമിക്കാൻ കത്തോലിക്കാ സമൂഹത്തെ അദ്ദേഹം ആഹ്വാനം ചെയ്തു.

ഡിസംബർ 14-ന് നടന്ന കിരാത അക്രമണത്തെക്കുറിച്ച് വത്തിക്കാൻ ന്യൂസിനോട് സംസാരിച്ച ബൊന്തായ് ബീച്ച് പ്രദേശത്തെ, സെന്റ് ആൻസ്, സെന്റ് പാട്രിക് ദേവാലയങ്ങളുടെ വികാരി ഫാ. ആന്റണി റോബി, കഴിഞ്ഞ ഏപ്രിൽ മാസത്തിലും സമീപ്രദേശത്ത് ഒരു അക്രമണമുണ്ടായിരുന്നുവെന്നും, അതിൽ അക്രമിയുൾപ്പെടെ 6 പേർ കൊല്ലപ്പെട്ടിരുന്നുവെന്നും, ഇനിയും ഇതുപോലെയുള്ള ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് തങ്ങൾ ഭയപ്പെടുന്നതെന്നും അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഡിസംബർ 2025, 13:13