നീതിയുടെ ക്രമം, സ്നേഹത്തിന്റെ ക്രമത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വത്തിക്കാൻ രാഷ്ട്രത്തിന്റെ നീതിന്യായ വ്യവഹാരത്തിൽ, വിവേകപൂർണ്ണവും നിശബ്ദവുമായ, വിലയേറിയ സേവനം നൽകുന്ന ഏവർക്കും നന്ദിയർപ്പിച്ചുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാനിലെ കോടതിവത്സരം ഉദ്‌ഘാടനം ചെയ്തു സംസാരിച്ചത്. നീതിയുടെ ഭരണവും ഐക്യത്തിന്റെ മൂല്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചിന്തകൾ പാപ്പാ തുടർന്ന് പങ്കുവച്ചു. ക്രിസ്തീയ പാരമ്പര്യം എല്ലായ്പ്പോഴും വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്റെ ക്രമത്തിന്റെ അടിസ്ഥാന ഗുണമായി നീതിയെ അംഗീകരിച്ചിട്ടുണ്ടെന്ന വസ്തുത അടിവരയിട്ട പാപ്പാ, സമൂഹത്തിന്റെ ക്രമം സ്നേഹത്തിന്റെ ക്രമത്തിൽ നിന്നാണ് പിറവിയെടുക്കുന്നതെന്നു, വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.
സ്നേഹം ശരിയായി ക്രമീകരിക്കപ്പെടുമ്പോഴും, ദൈവത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോഴും, അയൽക്കാരന്റെ അന്തസ്സിനെ അംഗീകരിക്കുമ്പോഴുമാണ്, വ്യക്തിപരവും സാമൂഹികവുമായ ജീവിതം മുഴുവൻ അതിന്റെ ശരിയായ ദിശാബോധം വീണ്ടെടുക്കുന്നതെന്നു പാപ്പാ ഓർമ്മിപ്പിച്ചു. സ്നേഹത്തിന്റെ ഈ ക്രമത്തിൽ നിന്നാണ് നീതിയുടെ ക്രമം ഉത്ഭവിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ നീതി ഒരു നിയമപരമായ തത്വം മാത്രമല്ല, കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിനും സമൂഹത്തിന്റെ ജീവിതം സുസ്ഥിരമാക്കുന്നതിനും സംഭാവന ചെയ്യുന്ന മൂല്യമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
ഓരോ വ്യക്തിക്കും അർഹമായത് നൽകാനുള്ള സ്ഥിരവും ശാശ്വതവുമായ ഇച്ഛാശക്തിയാണ് നീതിയെന്നുള്ള വിശുദ്ധ തോമസ് അക്വീനാസിന്റെ വാക്കുകളും പാപ്പാ എടുത്തു പറഞ്ഞു. അതുകൊണ്ട്, അത് ഓരോ വ്യക്തിയുടെയും സത്യത്തിലും, പൊതുനന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിലും വേരൂന്നിയതാണെന്നും പാപ്പാ പറഞ്ഞു.
യഥാർത്ഥ നീതി ഇല്ലാത്തിടത്ത് ആധികാരിക അവകാശവും നിഷേധിക്കപ്പെടുന്നുവെന്നും, കാരണം ഓരോ വ്യക്തിയുടെയും അസ്തിത്വത്തിന്റെയും അന്തസ്സിന്റെയും തിരിച്ചറിവിൽ നിന്നാണ് നിയമം രൂപം കൊള്ളൂന്നതെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. ദാനധർമ്മത്തിൽ വെളിവാക്കപ്പെടുന്ന സ്നേഹത്തിന്റെ മൂർത്തീമത്ഭാവത്തിലേക്ക് , ഓരോ വ്യക്തിയുടെയും അവകാശങ്ങളെ ബഹുമാനിക്കാനും, വ്യക്തികളോടും പൊതുനന്മയോടും തുല്യത പ്രോത്സാഹിപ്പിക്കുന്ന ഐക്യം മനുഷ്യ ബന്ധങ്ങളിൽ സ്ഥാപിക്കാനും, നമ്മെ ക്ഷണിക്കുന്ന നീതിയിലൂടെ മാത്രമേ കടക്കുവാൻ സാധിക്കുകയുള്ളൂവെന്നും പാപ്പാ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
യഥാർത്ഥമായ നീതി, വിഭജിക്കുന്നില്ല, മറിച്ച് ആളുകളെ ഒന്നിപ്പിക്കുന്ന ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചിട്ടയായ സഹവർത്തിത്വം സാധ്യമാക്കുന്ന പരസ്പര വിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.
നീതിന്യായ ഭരണം തർക്ക പരിഹാരത്തിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് നിയമ ക്രമത്തിന്റെ സംരക്ഷണത്തിനും സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്കും സംഭാവന നൽകുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. വളരെ പ്രത്യേകമായി, വത്തിക്കാന്റെ നീതിന്യായ സേവനം, സ്ഥാപനപരമായി മാത്രമല്ല, അഗാധമായ സഭാപരമായ ഒരു മൂല്യവും ഉൾക്കൊള്ളുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
സഭയിലെ നീതി എന്നത് കേവലം മാനദണ്ഡത്തിന്റെ സാങ്കേതിക വ്യായാമമല്ല, മറിച്ച് ദൈവജനത്തിന്റെ സേവനത്തിനായുള്ള ഒരു ശുശ്രൂഷയാണെന്നും, അതിനാൽ, നിയമപരമായ കഴിവിന് പുറമേ, ജ്ഞാനം, സന്തുലിതാവസ്ഥ, ദാനധർമ്മത്തിൽ അധിഷ്ഠിതമായ സത്യത്തിനായുള്ള നിരന്തരമായ അന്വേഷണം എന്നിവ ഇതിന് ആവശ്യമാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. സത്യസന്ധതയോടും വിവേകത്തോടും സുവിശേഷ മനോഭാവത്തോടും കൂടി ഈ സേവനം നിർവഹിക്കുന്നത് തുടരുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
