ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം നൽകാൻ ദൈവജനമെന്ന നിലയിൽ നാം വിളിക്കപ്പെട്ടിരിക്കുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
അർക്കരശ്മികളുടെ നേർത്തരേഖകൾ വത്തിക്കാന്റെ പത്രോസിന്റെ ചത്വരത്തെ മനോഹരമാക്കിയ മാർച്ചുമാസം പതിനെട്ടാം തീയതി ലിയോ പതിനാലാമൻ പാപ്പായുടെ പൊതുവാരകൂടിക്കാഴ്‌ചയ്‌ക്കായി, നഗരം ഒന്നാകെ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ചത്വരത്തിൽ, വിവിധ രാജ്യക്കാരായിരുന്ന നിരവധി തീർത്ഥാടകരും സന്ദർശകരും സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന തുറന്ന വാഹനത്തിൽ അങ്കണത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു.
വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 10.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനം രണ്ടാം അധ്യായം, ഒൻപതും പത്തും വചനങ്ങൾ ആയിരുന്നു വായിക്കപ്പെട്ടത്.
"എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം. മുമ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല; ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങള്‍ക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോള്‍ കരുണ ലഭിച്ചിരിക്കുന്നു."
ഈ വായനയ്ക്കു ശേഷം പാപ്പാ, രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ "ലുമെൻ ജെൻസിയുമിനെ" അധികരിച്ച് പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയിൽ താൻ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു.
പ്രിയ സഹോദരന്മാരെ സഹോദരിമാരെ
ദൈവജനമെന്ന നിലയിൽ സഭയ്ക്ക് സമർപ്പിച്ചിരിക്കുന്ന കൗൺസിൽ പ്രമാണരേഖയായ "ലുമെൻ ജെൻസ്യും" (Lumen gentium) ന്റെ രണ്ടാം അധ്യായത്തെക്കുറിച്ച് ഇന്ന് വീണ്ടും ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
മിശിഹായുടെ ജനത, ക്രിസ്തുവിൽ നിന്ന് തന്റെ രക്ഷാകര ദൗത്യം നിർവഹിക്കുന്ന, പൗരോഹിത്യ, പ്രവചന, രാജകീയ പ്രവർത്തനങ്ങളിൽ പങ്കുകാരാകുന്നു. കർത്താവായ യേശു പുതിയതും നിത്യവുമായ ഉടമ്പടിയിലൂടെ, തന്റെ ശിഷ്യന്മാരെ ഒരു "രാജകീയ പൗരോഹിത്യത്തിൽ" ഉൾപ്പെടുത്തിക്കൊണ്ട് ഒരു പൗരോഹിത്യ രാജ്യം സ്ഥാപിച്ചുവെന്നാണ് കൗൺസിൽ പിതാക്കന്മാർ പഠിപ്പിക്കുന്നത്. വിശ്വാസികളുടെ ഈ പൊതു പൗരോഹിത്യം മാമ്മോദീസയിലൂടെ നൽകപ്പെടുന്നു. ഇത് ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കാനും "സഭയിലൂടെ ദൈവത്തിൽ നിന്ന് ലഭിച്ച വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാനും" നമ്മെ പ്രാപ്തരാക്കുന്നു.
മാത്രവുമല്ല സ്ഥൈര്യലേപന കൂദാശയിലൂടെ, ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാ ആളുകളും, സഭയുമായി കൂടുതൽ പൂർണ്ണമായി ബന്ധിക്കപ്പെട്ടിരിക്കുകയും, പരിശുദ്ധാത്മാവിനാൽ ഒരു പ്രത്യേക ശക്തിയാൽ സമ്പന്നരാകപ്പെടുകയും, ചെയ്തിരിക്കുന്നതിനാൽ, ഈ വിധത്തിൽ ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷികളെന്ന നിലയിൽ വാക്കിലൂടെയും, പ്രവൃത്തിയിലൂടെയും, വിശ്വാസം പ്രചരിപ്പിക്കാനും പ്രതിരോധിക്കാനും കൂടുതൽ അടുത്ത് ബാധ്യസ്ഥരാണ്. പട്ടം സ്വീകരിച്ചവരെയും, സാധാരണ വിശ്വാസികളെയും ഒന്നിപ്പിക്കുന്ന പൊതു ദൗത്യത്തിന്റെ അടിസ്ഥാനം ഈ സമർപ്പണമാണ്.
ഇക്കാര്യത്തിൽ ഫ്രാൻസിസ് പാപ്പായുടെ ദർശനം ഇപ്രകാരമാണ്: ദൈവ ജനത്തെ നോക്കുക എന്നാൽ, നാമേവരും സാധാരണ വിശ്വാസികളായിട്ടാണ് സഭയിൽ പ്രവേശിച്ചത് എന്നത് നമ്മെ ഓർമ്മപ്പെടുത്തുന്നു. ആദ്യത്തെ കൂദാശ, നമ്മുടെ സ്വത്വം എന്നെന്നേക്കുമായി മുദ്രവെക്കുന്ന, നാം എപ്പോഴും അഭിമാനിക്കേണ്ട ഒന്ന്, വിശുദ്ധ മാമ്മോദീസയാണ്. അതിലൂടെയും പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെയും [വിശ്വാസികൾ] 'ഒരു ആത്മീയദേവാലയവും വിശുദ്ധ പൗരോഹിത്യവുമായി' രൂപീകരിക്കാൻ അഭിഷേകം ചെയ്യപ്പെടുന്നു. അതിനാൽ നാമെല്ലാവരും ദൈവത്തിന്റെ വിശുദ്ധവും, വിശ്വസ്‌തവുമായ ജനതയായി മാറുന്നു.
രാജകീയ പൗരോഹിത്യത്തിന്റെ പ്രവർത്തനം പല തരത്തിൽ നടക്കുന്നു, എന്നാൽ എല്ലാം ലക്‌ഷ്യം വയ്ക്കുന്നത് , പ്രഥമമായി വിശുദ്ധ കുർബാനയിൽ പങ്കാളികളാകുന്നതിലൂടെ, നമ്മുടെ വിശുദ്ധീകരണമാണ്. പ്രാർത്ഥന, സന്യാസം, സജീവമായ ദാനധർമ്മം എന്നിവയിലൂടെ ദൈവകൃപയാൽ നവമാക്കപ്പെടുന്ന ഒരു ജീവിതത്തിന് നാം സാക്ഷ്യം വഹിക്കുന്നു. കൗൺസിൽ സംഗ്രഹിക്കുന്നതുപോലെ, "പൗരോഹിത്യ സമൂഹത്തിന്റെ പവിത്രമായ സ്വഭാവവും, ജൈവ ഘടനയും കൂദാശകളിലൂടെയും സദ്ഗുണങ്ങളിലൂടെയുമാണ് യാഥാർഥ്യമാകുന്നത്."
ദൈവത്തിന്റെ വിശുദ്ധജനവും ക്രിസ്തുവിന്റെ പ്രാവചനിക ദൗത്യത്തിൽ പങ്കുചേരുന്നുവെന്ന് കൗൺസിൽ പിതാക്കന്മാർ പഠിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ, വിശ്വാസത്തിന്റെ അർത്ഥവും വിശ്വാസികളുടെ സമവായവും എന്ന സുപ്രധാന വിഷയം അവതരിപ്പിക്കപ്പെടുന്നു. കൗൺസിലിന്റെ സൈദ്ധാന്തിക കമ്മീഷൻ വ്യക്തമാക്കിയത് ഈ സെൻസുസ് ഫിദെയി, മുഴുവൻ സഭയുടെയും ഒരു അധികാരം പോലെയാണെന്നും, കാരണം, അവൾ തന്റെ വിശ്വാസത്തിൽ, കൈമാറിയ വെളിപാടിനെ അംഗീകരിക്കുകയും, വിശ്വാസത്തിന്റെ കാര്യങ്ങളിൽ സത്യവും അസത്യവും തമ്മിൽ വേർതിരിച്ചറിയുകയും, അതേ സമയം ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട്, ആഴങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നുവെന്നുമാണ്. അതിനാൽ വിശ്വാസത്തിന്റെ അർത്ഥം വ്യക്തിഗത വിശ്വാസികൾക്ക് അവരുടെ സ്വന്തം അവകാശത്തിലല്ല, മറിച്ച് മൊത്തത്തിൽ, ദൈവജനത്തിന്റെ അംഗങ്ങൾ എന്ന നിലയിലാണ് അവകാശപ്പെട്ടിരിക്കുന്നത്.
"ലുമെൻ ജെൻസ്യും" ഈ അവസാന വശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, പാപ്പായുടെ അപ്രമാദിത്വം, അന്തർലീനവും, സേവിക്കുന്നതുമായ സഭയുടെ അപ്രമാദിത്വത്തോടു ബന്ധപ്പെടുത്തുകയും ചെയ്യുന്നു. പരിശുദ്ധനായവനാൽ അഭിഷേകം ചെയ്യപ്പെട്ടതുകൊണ്ട്, (1 യോഹ 2:20, 27) വിശ്വാസികളുടെ സമൂഹത്തിനു ഒന്നാകെ വിശ്വാസത്തിൽ തെറ്റ് പറ്റുകയില്ല. മെത്രാൻ മുതൽ അൽമായ വിശ്വാസികളിൽ അവസാനത്തെ ആൾ വരെ വിശ്വാസവും സന്മാർഗവും സംബന്ധിച്ച കാര്യങ്ങളിൽ പൊതുവായ അഭിപ്രായ ഐക്യം പ്രകടിപ്പിക്കുമ്പോഴാണ് ദൈവ ജനമെന്ന നിലക്ക് വിശ്വാസത്തിന്റെ അതിസ്വാഭാവികമായ അർത്ഥത്തിൽ തങ്ങളുടെ പ്രത്യേകമായ വരം അവർ പ്രകാശിപ്പിക്കുന്നത്. (ലുമെൻ ജെൻസ്യും 12). അതിനാൽ , അജപാലകർ ഉൾപ്പെടുന്ന വിശ്വാസികളുടെ കൂട്ടായ്മയെന്ന നിലയിൽ സഭയ്ക്ക് വിശ്വാസത്തിൽ തെറ്റ് വരുത്താൻ കഴിയില്ല: പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിൽ സ്ഥാപിതമായ ഈ സഭ, വിശ്വാസികളുടെ പൊതുവായ അഭിപ്രായസമന്വയത്തിൽ വെളിപ്പെടുന്ന, ദൈവജനത്തിന്റെ മുഴുവൻ അതിസ്വാഭാവികമായ വിശ്വാസാവബോധമാണ്. സഭയുടെ പഠനങ്ങൾ കാത്തുസൂക്ഷിക്കുന്ന ഈ ഐക്യത്തിൽ നിന്ന്, ജ്ഞാനസ്നാനമേറ്റ ഓരോ വ്യക്തിയും, സുവിശേഷവത്കരണത്തിന്റെ സജീവ വിഷയമാണെന്ന് ഇത് വെളിപ്പെടുത്തുന്നു. കർത്താവ് മുഴുവൻ സഭയ്ക്കുമായി നൽകുന്ന പ്രവചന ദാനമനുസരിച്ച്, ക്രിസ്തുവിനെക്കുറിച്ച് യുക്ത്യനുസൃതമായ സാക്ഷ്യം നൽകാൻ വിളിക്കപ്പെട്ടിരിക്കുന്നു.
ഉയിർത്തെഴുന്നേറ്റ യേശുവിൽ നിന്ന് നമ്മിലേക്ക് വരുന്ന പരിശുദ്ധാത്മാവ് വാസ്തവത്തിൽ "സഭയുടെ നവീകരണത്തിനും അഭിവൃദ്ധിക്കും ഉപയോഗപ്രദമായ വിവിധ ചുമതലകളും കർത്തവ്യങ്ങളും ഏറ്റെടുക്കാൻ, ഓരോ നിലകളിലുമുള്ളവരെ, യോഗ്യരും സജ്ജരുമാക്കുന്ന, പ്രത്യേക കൃപകൾ നൽകുന്നു". (ലുമെൻ ജെൻസ്യും, 12). ഈ കരിസ്മാറ്റിക് ജീവാംശം പ്രത്യേകമായി വെളിപ്പെടുന്ന ഒന്നാണ് സമർപ്പിതജീവിതം, കാരണം അത് തുടർച്ചയായി, കൃപയുടെ പ്രവർത്തനത്താൽ മുളയ്ക്കുകയും, അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു. സഭാരൂപങ്ങളുടെ കൂട്ടായ്മയും, ദൈവജനത്തിന്റെ ഉന്നമനത്തിനായി , ആത്മീയ ഫലങ്ങളുടെ വൈവിധ്യത്തിന്റെയും ഫലത്തിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ്.
പ്രിയരേ, ദൈവജനത്തിന്റെ ഭാഗമാകാനുള്ള ദാനം ലഭിച്ചതിന്റെ അവബോധവും, നന്ദിയും, ഒപ്പം ഇത് ഉൾക്കൊള്ളുന്ന ഉത്തരവാദിത്തവും നമ്മിൽ ഉണർത്താം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
