പാപ്പാ വിശുദ്ധ ബലിയർപ്പിക്കുന്നു പാപ്പാ വിശുദ്ധ ബലിയർപ്പിക്കുന്നു   (ANSA)

യേശുവുമായുള്ള സംഭാഷണം, നമ്മെ അവന്റെ പ്രഘോഷകനാക്കി മാറ്റുന്നു: പാപ്പാ

മാർച്ചുമാസം എട്ടാം തീയതി, ഞായറാഴ്ച്ച, റോമൻ രൂപതയിലെ തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി, ലിയോ പതിനാലാമൻ പാപ്പാ, തോറെവേക്യയിലെ, സാന്താ മരിയ ദെല്ല പ്രെസെന്റത്സിയോനെ ഇടവക ദേവാലയത്തിൽ, വിശ്വാസികളുമായി കൂടിക്കാഴ്ച്ച നടത്തുകയും, വിശുദ്ധ ബലിയർപ്പിച്ച്, വചന സന്ദേശം നൽകുകയും ചെയ്തു. യേശുവും, സമരിയക്കാരി സ്ത്രീയുമായുള്ള സംഭാഷണം വിവരിക്കുന്ന സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം നൽകിയത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലത്തീൻ സഭയിൽ, നോമ്പുകാലത്തിന്റെ  മൂന്നാം ഞായറാഴ്ചയായ, മാർച്ചുമാസം എട്ടാം  തീയതി, ലിയോ പതിനാലാമൻ പാപ്പാ, റോമൻ രൂപതയിലെ തോറെവേക്യ സാന്താ മരിയ ദെല്ല പ്രെസെന്റത്സിയോനെ ഇടവക ദേവാലയത്തിൽ, വിശുദ്ധ ബലിയർപ്പിച്ച് വചന സന്ദേശം നൽകി.  യേശുവും, സമരിയക്കാരി സ്ത്രീയുമായുള്ള സംഭാഷണം വിവരിക്കുന്ന സുവിശേഷഭാഗം, വാസ്തവത്തിൽ, നമ്മോട് സംസാരിക്കുന്നതിനു പുറമേ, നമ്മെക്കുറിച്ച് സംസാരിക്കുകയും ദൈവവുമായുള്ള നമ്മുടെ ബന്ധം പുനഃപരിശോധിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നു പാപ്പാ പറഞ്ഞു. സമരിയക്കാരി സ്ത്രീയുടെ ദാഹം, സകല മനുഷ്യരാശിയുടെയും, സഭയുടെയും, ദാഹമാണെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു.

മറ്റ് സ്ത്രീകളുടെ മുൻവിധി നിറഞ്ഞ നോട്ടം ഒഴിവാക്കാൻ, പാർശ്വവൽക്കരണത്തിന്റെ ഭാരവും പേറി സമരിയക്കാരി സ്ത്രീ നട്ടുച്ചസമയത്ത്, കിണറ്റിൻ കരയിൽ എത്തുമ്പോൾ, അവൾക്കായി യേശു കാത്തിരിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, ആശ്ചര്യങ്ങളുടെ ദൈവത്തെ വെളിപ്പെടുത്തുന്ന ഒരു രംഗമാണ് ഇവിടെ വിവരിക്കപ്പെടുന്നതെന്നും കൂട്ടിച്ചേർത്തു. എല്ലാ ദാഹവും ശമിപ്പിക്കാനും എല്ലാ അസ്വസ്ഥതകളും ശമിപ്പിക്കാനും കഴിവുള്ള, പുതിയതും ജീവനുള്ളതുമായ ജലം അവൾക്ക് നൽകാനാണ്  കർത്താവ് ആഗ്രഹിച്ചതെന്നും, ഈ ജലം ദൈവത്തിന്റെ ഹൃദയത്തിൽ നിന്നുമാണ് ഒഴുകുന്നതെന്നും പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു.

തന്നെത്തന്നെ ദാനമായി നൽകുന്ന ഒരു ദൈവത്തെയാണ് സംഭാഷണ വേളയിൽ കർത്താവ് സമരിയക്കാരിക്ക് വെളിപ്പെടുത്തുന്നതെന്നും, ഈ കണ്ടുമുട്ടലിൽ എല്ലാം രൂപാന്തരപ്പെടുകയും, നിത്യജീവന്റെ ഉറവിടമായി സമരിയക്കാരി  മാറുകയും ചെയ്തുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഇതാണ് കർത്താവിന്റെ പ്രഘോഷകയും പ്രേഷിതയുമായി, സമരിയക്കാരി സ്ത്രീയെ ഗ്രാമനിവാസികൾക്കായി മാറ്റിയതെന്നും പാപ്പാ പറഞ്ഞു.

ജീവിതത്തിൽ ഇത്രയധികം ദിശാബോധം നഷ്ടപ്പെടുകയും പരാജയപ്പെടുകയും ചെയ്ത തനിക്ക് ഒരു ദിവസം ശുദ്ധജലം ആസ്വദിക്കാൻ കഴിയുമെന്ന്, സമരിയക്കാരി ചിന്തിച്ചിരുന്നില്ലെന്നും, എന്നാൽ യേശുവുമായുള്ള കൂടിക്കാഴ്ച്ച, അവളിൽ ക്രമമായ മാറ്റങ്ങൾ കൊണ്ടുവരുന്നുവെന്നും, ഇത്, യേശുവിൽ, പ്രവാചകൻ, മിശിഹാ, രക്ഷകൻ എന്നിവ തിരിച്ചറിയുവാൻ, അവൾക്ക് സാധിച്ചുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

മാമ്മോദീസയിലൂടെ നമുക്കെല്ലാവർക്കും ഒരു പുതിയ ജലത്തിന്റെ കൃപ ലഭിച്ചിരിക്കുന്നുവെന്നും, അത് എല്ലാ കുറ്റങ്ങളും കഴുകിക്കളയുകയും എല്ലാ ദാഹവും ശമിപ്പിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞ പാപ്പാ, ഈ നോമ്പുകാലത്ത്, ഈ കൂദാശയുടെ കൃപ വീണ്ടും ഊട്ടിയുറപ്പിക്കുവാനും ഏവരെയും ക്ഷണിച്ചു.

തുടർന്ന് ഇടവകയുടെ, പരിതാപകരമായ അവസ്ഥകളെയും പാപ്പാ ചൂണ്ടിക്കാണിച്ചു. ആശങ്കാജനകവും ഭൗതികവും ധാർമ്മികവുമായ ദാരിദ്ര്യത്തിന്റെ സാഹചര്യങ്ങളും, ഭാവിയെക്കുറിച്ചുള്ള നിരാശ നേരിടുന്ന യൗവനവുമെല്ലാം ഇടവകയുടെ വേദനയാണെന്നും, എന്നാൽ യേശുവിന്റെ സാമീപ്യം, തിന്മകളിൽ നിന്ന് നമ്മുടെ അസ്തിത്വത്തെ വീണ്ടെടുക്കാനുള്ള ഇച്ഛാശക്തി ഏവരിലും ഊട്ടിയുറപ്പിക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 മാർച്ച് 2026, 14:14