ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിലെ പ്രതിബദ്ധത മുൻനിർത്തി ലിയോ പതിനാലാമൻ പാപ്പായ്ക്ക് ലിബർട്ടി പുരസ്‌കാരം

അമേരിക്കൻ ഐക്യനാടുകളുടെ 250-ാം സ്ഥാപക വാർഷികത്തിന്റെ തലേന്ന്, ജൂലൈമൂന്നാം തീയതി, ഫിലാഡൽഫിയയിൽ നടക്കുന്ന പൊതു ചടങ്ങിൽ ദേശീയ ഭരണഘടനാ കേന്ദ്രം, സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിലെ പ്രതിബദ്ധത മുൻനിർത്തി ലിയോ പതിനാലാമൻ പാപ്പായ്ക്ക് ലിബർട്ടി പുരസ്‌കാരം സമ്മാനിക്കും.

വത്തിക്കാൻ ന്യൂസ്

അമേരിക്ക സ്ഥാപിതമായതിന്റെ 250-ാം വാർഷിക തലേന്ന്, ജൂലൈ 3 ന് ഫിലാഡൽഫിയയിലെ "ഇൻഡിപെൻഡൻസ് മാളിന്" പുറത്ത് നടക്കുന്ന പൊതു ചടങ്ങിൽ ദേശീയ ഭരണഘടനാ കേന്ദ്രം  38-ാമത് ലിബർട്ടി പുരസ്‌കാരം  ലിയോ പതിനാലാമൻ പാപ്പായ്ക്ക് സമ്മാനിക്കും. അവാർഡ് സ്വീകരിക്കുന്നതിൽ പാപ്പാ  കൃതജ്ഞതയർപ്പിക്കുന്നുവെന്നു, വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തേയോ ബ്രൂണി അറിയിച്ചു.  അന്നേദിവസം, അവാർഡ് സ്വീകരിച്ചുകൊണ്ട്, പാപ്പാ തത്സമയം ഒരു പ്രസംഗം നടത്തും. ലോകമെമ്പാടും, മതസ്വാതന്ത്ര്യം, മനസ്സാക്ഷി, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ പാപ്പാ നടത്തിയ പ്രവർത്തനങ്ങളെ അംഗീകരിച്ചുകൊണ്ടാണ് ഈ അവാർഡ് സമ്മാനിക്കുന്നത്.

മതാന്തര, എക്യുമെനിക്കൽ സംഭാഷണങ്ങളോടുള്ള പാപ്പായുടെ  പ്രതിബദ്ധതയെ ദേശീയ ഭരണഘടനാ കേന്ദ്രത്തിന്റെ പത്രക്കുറിപ്പ് എടുത്തു പറയുന്നു. മതസ്വാതന്ത്ര്യത്തെ ഒരു അമൂർത്ത അവകാശമായിട്ടല്ല, മറിച്ച് മാനുഷിക അന്തസ്സിന്റെ മൂർത്തമായ പ്രകടനവും, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളും സംഘർഷത്താൽ ബാധിക്കപ്പെട്ടവരും ഉൾപ്പെടെയുള്ള തഴയപ്പെട്ട  സമൂഹങ്ങൾക്ക് വേണ്ടിയുള്ള  വിശാലമായ ഒരു ധാർമ്മിക വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ് പാപ്പായുടെ പ്രവർത്തനങ്ങളെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് ഭരണഘടനയുടെ ദ്വിശതാബ്ദിയുടെ സ്മരണയ്ക്കായി 1988-ലാണ് ലിബർട്ടി പുരസ്‌കാരം  സ്ഥാപിതമായത്. വർഷം തോറും നൽകുന്ന ഈ പുരസ്‌കാരം, ലോകമെമ്പാടുമുള്ള ആളുകൾക്ക് സ്വാതന്ത്ര്യത്തിന്റെ ഉറപ്പ് നൽകുവാൻ പ്രതിജ്ഞാബദ്ധരായ ധീരരും ദൃഢനിശ്ചയമുള്ളവരുമായ വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 മാർച്ച് 2026, 13:12