പാപ്പാ വീഡിയോ സന്ദേശം നൽകുന്നു പാപ്പാ വീഡിയോ സന്ദേശം നൽകുന്നു  

സൃഷ്ടിയെ പരിപാലിക്കുന്നതിനും, എല്ലാ ജീവിതങ്ങളെയും ബഹുമാനിക്കുന്നതിനും സാധിക്കണം: പാപ്പാ

ആമസോണിയൻ മെത്രാൻ സമിതിയുടെ ആറാമത് പൊതു സമ്മേളനത്തിൽ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട്, ലിയോ പതിനാലാമൻ പാപ്പായുടെ വീഡിയോ സന്ദേശം പ്രസിദ്ധീകരിച്ചു. വൈവിധ്യത്തിൽ ഐക്യത്തിന്റെ അടയാളമായും, ജീവൻ നൽകുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സുരക്ഷിതകേന്ദ്രമായും പ്രാദേശിക സഭകൾ സേവനം തുടരുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മാർച്ചു മാസം പതിനാറു മുതൽ ഇരുപതു വരെ , കൊളംബിയയിലെ ബൊഗോട്ടയിൽ വച്ച് നടക്കുന്ന ആമസോണിയൻ മെത്രാൻ സമിതിയുടെ ആറാമത് പൊതു സമ്മേളനത്തിൽ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ വീഡിയോ സന്ദേശം നൽകി. പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കുവാനുള്ള ഒരു സമയമാണ്, ഈ പൊതു സമ്മേളനം എന്ന് പറഞ്ഞ പാപ്പാ, ആമസോണിയൻ ജനതയോടുള്ള തന്റെ അടുപ്പവും അറിയിച്ചു.

'ആമസോണിയൻ പ്രദേശത്ത്, സഭ ദൗത്യത്തിന്റെ പുതിയ പാതകൾ തുറക്കുക' എന്ന ഉദ്ദേശ്യത്തോടെ, സമ്മേളന അവസരത്തിലെ  ചിന്തകൾക്കായി തിരഞ്ഞെടുത്തിരിക്കുന്ന, "ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ?" (ഏശ 43:19) എന്ന  ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ വചനവും പാപ്പാ ഉദ്ധരിച്ചു. ദുർബലമാണെങ്കിലും, അദൃശ്യമാണെങ്കിലും നവമായ  എന്തോ ഒന്ന്, "കാട്ടിലെ ഭീമൻ" എന്ന് വിളിക്കപ്പെടുന്ന ഷിഹുവാക്കോ മരത്തിന്റെ ചിത്രം എടുത്തു കാണിച്ചുകൊണ്ട് പാപ്പാ വിശദീകരിച്ചു. അത് നിരവധി ജീവികൾക്ക്  സുരക്ഷിതമായ അഭയസ്ഥാനം ഒരുക്കുന്നതുപോലെ, നാനാത്വത്തിൽ ഏകത്വത്തിന്റെ അടയാളവും ജീവൻ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സുരക്ഷിതമായ അഭയസ്ഥാനമായും സഭ ആയിരിക്കണമെന്ന് ഓർമ്മിപ്പിച്ചു.

ഏശയ്യാ പ്രവാചകൻ പ്രഖ്യാപിച്ച വാഗ്ദാനപൂർവ്വകവും,  പ്രത്യാശാജനകവുമായ ഭാവി,  ഒരു പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ച് നമ്മോട് സംസാരിക്കുന്ന വെളിപാട് പുസ്തകത്തിൽ അതിന്റെ പൂർണ്ണതയിലെത്തുന്നുവെന്നു പറഞ്ഞ പാപ്പാ, "ഞാൻ നിങ്ങളെ സ്നേഹിച്ചു" എന്ന് നമ്മോട് ആവർത്തിക്കുന്ന ക്രിസ്തുവിൽ വേരൂന്നിയ  ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാൻ ഏവരെയും ക്ഷണിച്ചു.

ഈ അർത്ഥത്തിൽ, നാം ക്രിസ്തുവിന്റെ സ്വന്തമാകുവാൻ  ആഗ്രഹിക്കുന്നുവെങ്കിൽ, ചെറിയവർക്ക് ഇടം നൽകുകയും,  ദരിദ്രരോടൊപ്പം നടക്കുകയും ചെയ്യുന്ന ഒരു സഭ  ആകുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു. ദുരുപയോഗത്തിന്റെയും ചൂഷണത്തിന്റെയും സാഹചര്യങ്ങളാൽ ഭീഷണി നേരിടുന്ന ആമസോണിൽ,  നിലനിൽക്കുന്ന നിരവധി സാമൂഹിക, പാരിസ്ഥിതിക, സാംസ്കാരിക, സഭാ വെല്ലുവിളികൾക്ക് മതിയായ പ്രതികരണം നൽകേണ്ടത് ഏറെ ആവശ്യമാണെന്നും പാപ്പാ വീഡിയോ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.

"ആമസോണിയൻ മുഖം" ഉള്ള ഒരു സഭയുടെ രൂപരേഖ തയ്യാറാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്നും, വിശ്വാസത്തിന്റെ വളർച്ചയിലൂടെ, സഭ പുതിയ ആവിഷ്കാരങ്ങളും മൂല്യങ്ങളും കൊണ്ട് സമ്പന്നമാക്കപ്പെടുന്നുവെന്നും പാപ്പാ പറഞ്ഞു. കർത്താവിന്റെ പീഡകളോട് ചേർന്ന് , രക്തം ചിന്തിയ അനേകം സഹോദരങ്ങളാണ്, ആമസോണിൽ വളരുന്ന ഒരു "ഭീമൻ വൃക്ഷത്തിന്റെ" വേരായി മാറിയതെന്നും, അതിനാൽ വിതയ്ക്കുന്നത് ഇന്നും തുടരുവാനും ഏവരെയും ആഹ്വാനം ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 മാർച്ച് 2026, 14:25