അംഗങ്ങൾക്കൊപ്പം പാപ്പാ അംഗങ്ങൾക്കൊപ്പം പാപ്പാ   (ANSA)

ആരോഗ്യം ചുരുക്കം ചിലർക്കുള്ള ആഡംബരമല്ല, സാമൂഹിക സമാധാനത്തിന് അനിവാര്യമായ വ്യവസ്ഥയാണ്: പാപ്പാ

യൂറോപ്യൻ മെത്രാൻ സമിതി, ഇറ്റാലിയൻ മെത്രാൻ സമിതി, ലോകാരോഗ്യ സംഘടന- യൂറോപ്യൻ ഘടകം എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന "ഇന്ന് എന്റെ അയൽക്കാരൻ ആരാണ്?" എന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചു. ആരോഗ്യ സംരക്ഷണത്തിലെ അസമത്വങ്ങളെ ചെറുക്കുന്നതിൽ സഭയ്ക്കും ഗണ്യമായ സംഭാവന നൽകുവാൻ കഴിയുമെന്ന് പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പല രാജ്യങ്ങളിലും ആരോഗ്യമേഖലയിലെ അസമത്വങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും,  ദാരിദ്ര്യം, ഏകാന്തത, ഒറ്റപ്പെടൽ എന്നിവയാൽ നിരവധിയാളുകൾ മാനസിക ബുദ്ധിമുട്ടുകൾക്ക് വിധേയരാകുന്നുവെന്നും എടുത്തു പറഞ്ഞുകൊണ്ട്,  യൂറോപ്യൻ മെത്രാൻ സമിതി, ഇറ്റാലിയൻ മെത്രാൻ സമിതി, ലോകാരോഗ്യ സംഘടന- യൂറോപ്യൻ ഘടകം എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന "ഇന്ന് എന്റെ അയൽക്കാരൻ ആരാണ്?" എന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി.

ആരോഗ്യം ചുരുക്കം ചിലർക്കുള്ള ആഡംബരമല്ല, മറിച്ച് സാമൂഹിക സമാധാനത്തിന് അനിവാര്യമായ വ്യവസ്ഥയാണെന്നും, സാർവത്രിക ആരോഗ്യ പരിരക്ഷ  ഒരു സാങ്കേതിക ലക്ഷ്യമല്ല, ധാർമ്മിക അനിവാര്യതയാകണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ആരോഗ്യ സംരക്ഷണവും, പരിചരണവും സമൂഹത്തിലെ ഏറ്റവും ദുർബലർക്ക് പോലും പ്രാപ്യമായിരിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ജീവിതത്തിലെ ഈ നിമിഷത്തിൽ,നമ്മുടെ അയൽക്കാരൻ  ആരാണ്? എന്ന ചോദ്യത്തിന്, നാം ജീവിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളിൽ, ഉത്തരങ്ങൾ വ്യത്യസ്തമാണെങ്കിലും, മറ്റൊരാളുടെ അടുത്തേക്ക്, പ്രത്യേകിച്ചും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരുടെ അടുത്തേക്ക്  പോകാനുള്ള ക്ഷണമാണ്  ഇത് നൽകുന്നതെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. നാം അപരന് അയൽക്കാരനായി  മാറണമെന്നും, കാരണം, അവന്റെ മാനവികതയെ സംരക്ഷിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ക്രിസ്ത്യാനി, കഷ്ടപ്പെടുന്നവരിലേക്ക്, ഏകാന്തരായ ആളുകളുടെ വേദനകളിലേക്ക്, വിവിധ കാരണങ്ങളാൽ പാർശ്വവൽക്കരിക്കപ്പെടുന്നവരിലേക്കു തങ്ങളുടെ ദൃഷ്ടികൾ ഉറപ്പിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും,  കാരണം അവരില്ലാതെ നമുക്ക് നീതിയുക്തമായ സമൂഹങ്ങൾ കെട്ടിപ്പടുക്കാൻ കഴിയില്ലെന്നും പാപ്പാ ഓർമ്മപ്പെടുത്തി. അല്ലാത്തപക്ഷം നിസ്സംഗതയിലേക്ക് നാം വീണുപോകുമെന്നുള്ള മുന്നറിയിപ്പും പാപ്പാ നൽകി.

"മനുഷ്യന്റെയും സാർവത്രിക സാഹോദര്യത്തിന്റെയും ഉന്നമനത്തിനുള്ള സേവനത്തിൽ" സഭയ്ക്കുള്ള കടമയും പാപ്പാ എടുത്തു പറഞ്ഞു. അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് ആരോഗ്യമേഖലയിലെ അസമത്വങ്ങളെ ചെറുക്കുന്നതിൽ സഭയ്ക്ക്  നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 മാർച്ച് 2026, 14:29