ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ചയ്ക്കായി എത്തുന്നു ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ചയ്ക്കായി എത്തുന്നു   (@VATICAN MEDIA)

രക്ഷ ഒരു ആശയമല്ല മറിച്ച് ക്രിസ്തു എന്ന ജീവിക്കുന്ന വ്യക്തിയാണ്: പാപ്പാ

ഇറ്റലിയിലെ മിലിറ്ററി അജപാലന മേഖലയിൽ സേവനം ചെയ്യുന്നവരുമായി ലിയോ പതിനാലാമൻ പാപ്പാ, മാർച്ചുമാസം, ഏഴാം തീയതി കൂടിക്കാഴ്ച്ച നടത്തുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലോകമെമ്പാടുമുള്ള, മിലിറ്ററി അജപാലന മേഖലയിൽ സേവനം ചെയ്യുന്നവർ തമ്മിലുള്ള സംഭാഷണവും സഹകരണവും തുടരാനും, ആഴത്തിലാക്കാനും ആഹ്വാനം ചെയ്തു കൊണ്ട്, ഇറ്റലിയിലെ മിലിറ്ററി അജപാലന മേഖലയിൽ സേവനം ചെയ്യുന്നവരുമായി ലിയോ പതിനാലാമൻ പാപ്പാ, മാർച്ചുമാസം, ഏഴാം തീയതി കൂടിക്കാഴ്ച്ച  നടത്തുകയും,  സന്ദേശം നൽകുകയും ചെയ്തു.  സ്മരണകൾ നശിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും, എന്നാൽ, സഭയുടെ കാഴ്ചപ്പാടിൽ ഓർമ്മ എന്നത്, വിവരങ്ങളുടെ ശേഖരണമല്ല, മറിച്ച്, ജീവനുള്ള ഒരു മനഃസാക്ഷിയാണെന്നും, അത് നമ്മുടെ ഉത്തരവാദിത്വത്തെ പറ്റി നമ്മെ അനുസ്മരിപ്പിക്കുന്നതും, പ്രവചനങ്ങളെ സംജാതമാക്കുന്നതാണെന്നും പാപ്പാ പറഞ്ഞു.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം, ചരിത്രത്തിലേക്ക് കടന്നു വരുന്ന ഒരു ദൈവത്തിന്റെയും, ചരിത്രത്തിൽ അധിഷ്ഠിതമായ ഒരു വിശ്വാസത്തിന്റെയും, ആശയമായി ഒതുങ്ങാതെ യേശുക്രിസ്തുവെന്ന വ്യക്തിയിൽ വെളിവാക്കപ്പെട്ട രക്ഷയുടെയും, സ്മരണ വ്യതിരിക്തമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

സമാധാനത്തിന്റെ ശോഭനമായ നാളുകളിലും യുദ്ധത്തിന്റെ നാടകീയമായ നാളുകളിലും, ത്യാഗത്തോടും ധൈര്യത്തോടും അർപ്പണബോധത്തോടും കൂടി, യൂണിഫോമിലുള്ള വനിതകളും, പുരുഷന്മാരും സഭയിലെ അജപാലകർക്കൊപ്പം നടന്നതിന്റെ സ്മരണയാണ്, ഇറ്റലിയിലെ മിലിറ്ററി അജപാലന മേഖലയുടെ ശതാബ്ദി വേള അടയാളപ്പെടുത്തുന്നതെന്നും പാപ്പാ പറഞ്ഞു. മിലിറ്ററി അംഗങ്ങളുടെ സേവനം, രാഷ്ട്രത്തോടും, ജനതയോടുമുള്ള, പ്രത്യേകിച്ച് ദുർബലരായ ആളുകളോടുള്ള  സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണെന്നു  പാപ്പാ ഓർമ്മപ്പെടുത്തി.

കർത്താവിനു വേണ്ടി, അവന്റെ അജഗണങ്ങളെ ശുശ്രൂഷിക്കുവാനുള്ള വിളിയാണ്, മിലിട്ടറി അജപാലന ശുശ്രൂഷയെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. മനുഷ്യന്റെ ചലനാത്മകതയും സാംസ്കാരിക ബഹുസ്വരതയും അടയാളപ്പെടുത്തിയ ഒരു സമൂഹത്തിൽ, ഐക്യത്തിന്റെ ഉപകരണമായി മാറുന്ന ഒരു സഭയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ജനങ്ങൾ, സംസ്കാരങ്ങൾ, മതങ്ങൾ എന്നിവ തമ്മിലുള്ള കൂട്ടായ്മയുടെ സേവനമാണ്, മിലിറ്ററി അജപാലകർ ചെയ്യുന്നതെന്നും അത് നിശ്ശബ്ദമായ ഒരു ശുശ്രൂഷയാണെന്നും പാപ്പാ എടുത്തുപറഞ്ഞു.

ദുർബലരെ സംരക്ഷിക്കുക, സമാധാനപരമായ സഹവർത്തിത്വം സംരക്ഷിക്കുക, ദുരന്തങ്ങളിൽ  ഇടപെടുക, സമാധാനം സംരക്ഷിക്കുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ദൗത്യങ്ങളിൽ  പ്രവർത്തിക്കുക എന്നിങ്ങനെയുള്ള, മിലിറ്ററി അജപാലകരുടെ സേവനങ്ങളെ, വെറുതെ ഒരു തൊഴിലായി ചുരുക്കുവാൻ സാധിക്കില്ലെന്നും, മറിച്ച്, ഔദാര്യം, സേവന മനോഭാവം, ഉയർന്ന  അഭിലാഷങ്ങൾ, ആഴത്തിലുള്ള വികാരങ്ങൾ  എന്നിവയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന കൃപയുടെ ദാനമാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി. ഇവയെയെല്ലാം സുവിശേഷത്തിന്റെ പ്രചോദനത്താൽ ഊട്ടിയുറപ്പിക്കണമെന്നും  പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മാർച്ച് 2026, 12:28