മാധ്യമപ്രവർത്തകർക്കൊപ്പം പാപ്പാ മാധ്യമപ്രവർത്തകർക്കൊപ്പം പാപ്പാ   (ANSA)

മാനുഷിക മാതൃക അനുസരിച്ച് ആശയവിനിമയം നിയന്ത്രിക്കണം: പാപ്പാ

ഇറ്റലിയിലെ റായി, ടെലിവിഷൻ ശൃഖലയിലെ, ടി ജി ദുവെ (Tg2) സ്ഥാപിതമായതിന്റെ 50-ാം വാർഷികത്തിൽ, അതിന്റെ മാധ്യമ പ്രവർത്തകരുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. നിർമ്മിതബുദ്ധിയുടെ യുഗത്തിൽ, "ഉപാധികൾക്കും ലക്ഷ്യങ്ങൾക്കും ഇടയിൽ" വേർതിരിച്ചറിയുന്ന "മനുഷ്യ മാതൃക" എപ്പോഴും നിലനിർത്തുവാൻ പാപ്പാ മാധ്യമ പ്രവർത്തകരെ ആഹ്വാനം ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

 ഇറ്റലിയിലെ റായി, ടെലിവിഷൻ ശൃഖലയിലെ, ടി ജി ദുവെ (Tg2) സ്ഥാപിതമായതിന്റെ 50-ാം വാർഷികത്തിൽ, ഇത്, കടന്നുപോയ വെല്ലുവിളികളുടെയും ഇനിയും വരാനിരിക്കുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ, പിന്നിട്ട വഴികളെക്കുറിച്ച്  ചിന്തിക്കുവാനുള്ള ഒരു അവസരമാണെന്നു പാപ്പാ  മാധ്യമ പ്രവർത്തകർക്ക് അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ എടുത്തു പറഞ്ഞു. ഈ കാലഘട്ടത്തിലെ വെല്ലുവിളി, നിർമ്മിത ബുദ്ധിയുടെ ആവിർഭാവമാണെങ്കിലും, ആത്യന്തികമായി, മാർഗങ്ങളും ലക്ഷ്യങ്ങളും തമ്മിൽ വേർതിരിച്ചറിഞ്ഞുകൊണ്ട്, മാനുഷിക മാതൃക അനുസരിച്ച് ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.

വിവര സ്രോതസ്സുകളുടെ മതേതരത്വവും ബഹുസ്വരതയുമാണ്, ടി ജി ദുവെ മാധ്യമത്തിന്റെ വ്യതിരിക്തതയെന്നും, തുറന്ന മനസ്സില്ലാതെ, നല്ല ആശയവിനിമയമോ യഥാർത്ഥ സ്വാതന്ത്ര്യമോ, ആരോഗ്യകരമായ ബഹുസ്വരതയോ ഉണ്ടാകില്ലയെന്നും പാപ്പാ എടുത്തു പറഞ്ഞു. ധ്രുവീകരണം, പ്രത്യയശാസ്ത്രപരമായ അടച്ചുപൂട്ടലുകൾ, മുദ്രാവാക്യങ്ങൾ എന്നിവയാൽ ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ, യാഥാർത്ഥ്യത്തിന്റെ സങ്കീർണ്ണത കാണുന്നതിൽ നിന്നും, മനസ്സിലാക്കുന്നതിൽ നിന്നും നമ്മെ തടയുന്ന ഒരു കാലത്ത്, വ്യത്യസ്ത സാംസ്കാരിക നിലപാടുകളുടെ സഹവർത്തിത്വം സൗഹൃദത്തിന്റെ ചൈതന്യത്താൽ സജീവമാക്കിയ മാധ്യമമായിരുന്നു ടി ജി ദുവെ എന്നതും പാപ്പാ ചൂണ്ടിക്കാട്ടി.

യുദ്ധത്തിന്റെ നാടകീയമായ സാഹചര്യങ്ങളിൽ, വിവരങ്ങൾ പ്രചാരണമാക്കി  മാറ്റാനുള്ള അപകടസാധ്യതയിൽ നിന്ന്  മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും, വാർത്തകൾ പരിശോധിക്കുന്നതിൽ മാധ്യമപ്രവർത്തകരുടെ ചുമതല കൂടുതൽ അടിയന്തിരതയും, ജാഗ്രതയും ഈ കാലഘട്ടത്തിൽ  ആവശ്യപ്പെടുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. യുദ്ധം എല്ലായ്പ്പോഴും ജനങ്ങൾക്ക് നൽകുന്ന കഷ്ടപ്പാടുകൾ മാധ്യമങ്ങൾ പൊതുസമൂഹത്തെ അറിയിക്കണമെന്നും, എന്നാൽ അതൊരു വീഡിയോ ഗെയിമാക്കി തരംതാഴ്ത്തരുതെന്നും പാപ്പാ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 മാർച്ച് 2026, 13:25