ലിയോ പതിനാലാമൻ പാപ്പായും , പലസ്തീൻ സംസ്ഥാനത്തിന്റെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ലിയോ പതിനാലാമൻ പാപ്പായും , പലസ്തീൻ സംസ്ഥാനത്തിന്റെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും  (ANSA)

ലിയോ പതിനാലാമൻ പാപ്പാ പലസ്തീൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു

മധ്യ പൂർവേഷ്യൻ സംഘർഷത്തിന്റെ വികാസങ്ങളും, പലസ്തീൻ ജനതയുടെ ജീവിത സാഹചര്യങ്ങളും വിശകലനം ചെയ്തുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പായും , പലസ്തീൻ സംസ്ഥാനത്തിന്റെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ടെലിഫോണിൽ സംസാരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മാർച്ചു മാസം പതിനാറാം  തീയതി, പലസ്തീൻ സംസ്ഥാനത്തിന്റെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ലിയോ പതിനാലാമൻ പാപ്പായെ ടെലിഫോണിൽ ബന്ധപ്പെട്ടു സംസാരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ, വത്തിക്കാൻ പ്രസ് ഓഫിസ് ആണ് വ്യക്തമാക്കിയത്. മധ്യപൂർവദേശത്തെ സംഘർഷത്തിലെ ആശങ്കാജനകമായ സംഭവവികാസങ്ങളും, പലസ്തീൻ ജനതയുടെ ജീവിത സാഹചര്യങ്ങളും ഇരുവരും സംസാരിച്ചു. രാഷ്ട്രീയവും നയതന്ത്രപരവുമായ സംഭാഷണങ്ങളിലൂടെയും അന്താരാഷ്ട്ര നിയമങ്ങളോടുള്ള പൂർണ്ണമായ ബഹുമാനത്തിലൂടെയും ഒരു സമാധാന ഉടമ്പടി കൈവരിക്കേണ്ടതിന്റെ ആവശ്യകത പാപ്പാ ഒരിക്കൽ കൂടി എടുത്തു പറഞ്ഞു.

പരിശുദ്ധ സിംഹാസനവും പലസ്തീൻ രാജ്യവും തമ്മിലുള്ള സമഗ്ര കരാറിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, നവംബർ 6-ന് വത്തിക്കാൻ അപ്പസ്തോലിക കൊട്ടാരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ, പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ വത്തിക്കാനിൽ സ്വീകരിച്ചിരുന്നു. ഗാസാ മുനമ്പിലുൾപ്പെടെ ആക്രമണങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ,  സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതിന്റെയും, അവ അവസാനിപ്പിക്കേണ്ടതിന്റെയും ആവശ്യവും അന്ന് ചർച്ചാവിഷയമായിരുന്നു.

2015 ജൂൺ 26-നാണ് പരിശുദ്ധ സിംഹാസനവും പാലസ്തീനും തമ്മിലുള്ള ഉഭയകക്ഷി കരാർ ഒപ്പുവയ്ക്കപ്പെട്ടത്. പാലസ്തീന്റെ സ്വയം നിർണ്ണയാവകാശം, ഇരുരാഷ്ട്ര പോംവഴി, യഹൂദർക്കും, ക്രൈസ്തവർക്കും, ഇസ്ലാം മതസ്ഥർക്കും ജെറുസലേം നഗരവുമായി ബന്ധപ്പെട്ട ആത്മീയ പ്രാധാന്യം എന്നിവ ഈ കരാറിൽ എടുത്തുപറയുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 മാർച്ച് 2026, 13:19