മാർച്ച് പതിനൊന്നാം തീയതിയിൽ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം മാർച്ച് പതിനൊന്നാം തീയതിയിൽ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം  (@Vatican Media)

ഫാ. പിയർ എൽ റായിയുടെ രക്തം ലെബനനിൽ സമാധാനത്തിന്റെ വിത്താകട്ടെ: ലിയോ പതിനാലാമൻ പാപ്പാ

ലെബനനിൽ മാർച്ച് ഒൻപതിന് നടന്ന ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫാ. പിയർ എൽ റായിയുടെ മൃതസംസ്കാരദിനത്തിൽ, അദ്ദേഹത്തിന്റെ സേവനത്തെ പ്രകീർത്തിച്ചും, സമാധാനത്തിനുവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിച്ചും ലിയോ പതിനാലാമൻ പാപ്പാ. ക്ലായയിലെ മാറോനീത്ത ഇടവക വികാരിയായിരുന്ന ഫാ. പിയർ ചിന്തിയ രക്തം ലെബനനിൽ സമാധാനത്തിന് കാരണമാകട്ടെയെന്ന്, മാർച്ച് 11 ബുധനാഴ്ച പൊതുകൂടിക്കാഴ്ചാമധ്യേ പരിശുദ്ധ പിതാവ് ആശംസിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലെബനനിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഫാ. പിയർ എൽ റായിയെ അദ്ദേഹത്തിന്റെ മൃതസംസ്കാരദിനത്തിൽ അനുസ്മരിച്ച് ലിയോ പതിനാലാമൻ പാപ്പാ. തന്റെ ജനത്തിന് നല്ല ഇടയാനായി ശുശ്രൂഷ ചെയ്ത അദ്ദേഹം ചിന്തിയ രക്തം ലബനനിൽ സമാധാനത്തിന്റെ വിത്താകട്ടെയെന്ന് പരിശുദ്ധ പിതാവ് ആശംസിച്ചു. മാർച്ച് 11 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിൽ വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ.

കൊല്ലപ്പെട്ട ഫാ. പിയറിന്റെ പേരിലെ "എൽ റായി" എന്നത്, അറബ് ഭാഷയിൽ "ഇടയൻ" എന്നാണ് പരിഭാഷപ്പെടുത്തുക എന്ന് ഓർമ്മിപ്പിച്ച പാപ്പാ, യേശുവെന്ന നല്ലിടയന്റെ സ്നേഹവും ത്യാഗമനോഭാവവും സ്വന്തമാക്കി എപ്പോഴും തന്റെ ജനത്തിനൊപ്പം കൂടെ നിന്ന ഒരു യഥാർത്ഥ ഇടയനായിരുന്നുവെന്ന് പ്രസ്താവിച്ചു. ഒരു ബോംബാക്രമണത്തിൽ തന്റെ ഇടവകയിലെ ചിലർക്ക് പരിക്കേറ്റുവെന്ന് കേട്ടയുടനെ, അവർക്ക് സഹായമേകാൻ എത്തിയ അവസരത്തിൽ ഉണ്ടായ മറ്റൊരു ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പാപ്പാ വിശദീകരിച്ചു.

ലെബനനിലെ ജനം അവിടെ ഇപ്പോഴും തുടരുന്ന യുദ്ധമെന്ന ഭീകരത അനുഭവിക്കുകയാണെന്ന് ഓർമ്മിപ്പിച്ച ലിയോ പതിനാലാമൻ പാപ്പാ, അതിരൂക്ഷമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനത്തിന് തന്റെ സാമീപ്യം ഉറപ്പുനൽകി. ഇറാനിലും മധ്യപൂർവ്വദേശങ്ങളിൽ മുഴുവനിലും സമാധാനം ഉണ്ടാകുവാൻ വേണ്ടി തുടർന്നും പ്രാർത്ഥിക്കാൻ പരിശുദ്ധ പിതാവ് ഏവരെയും ആഹ്വാനം ചെയ്തു.

നിഷ്കളങ്കരായ നിരവധി കുട്ടികളുൾപ്പെടെ ഒരുപാട് ജീവിതങ്ങളാണ് നിലവിലെ യുദ്ധങ്ങൾ ഇല്ലാതാക്കുന്നതെന്ന് അനുസ്മരിച്ച പാപ്പാ, ഈ ദുരിതങ്ങൾ മൂലം വിഷമിക്കുന്നവർക്ക് നമ്മുടെ പ്രാർത്ഥനകൾ ആശ്വാസമാകട്ടെയെന്നും, ഭാവിക്കായുള്ള പ്രത്യാശയുടെ വിത്താകട്ടെയെന്നും ആശംസിച്ചു.

താൻ സേവനം ചെയ്തിരുന്ന ക്ളായ എന്ന മാറോണീത്ത സഭയുടെ ഇടവകയിൽ മാർച്ച് പതിനൊന്ന് ബുധനാഴ്ചയാണ് ഫാ. പിയർ എൽ റായിയുടെ മൃതസംസ്കാരം നടന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 മാർച്ച് 2026, 13:51