അംഗങ്ങൾക്കൊപ്പം പാപ്പാ അംഗങ്ങൾക്കൊപ്പം പാപ്പാ   (ANSA)

പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ദുരുപയോഗങ്ങൾ തടയുക എന്നത് സഭയുടെ ദൗത്യത്തിന്റെ ഒരു ഘടനാപരമായ മാനമാണ്: പാപ്പാ

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്ലീനറി അസംബ്ലിയിൽ സംബന്ധിക്കുന്നവർക്ക്, മാർച്ചു മാസം പതിനാറാം തീയതി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിക്കുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പരിചരണത്തിന്റെ ഒരു യഥാർത്ഥ സംസ്കാരം കെട്ടിപ്പടുക്കുന്നതിനായി, സഭയുടെ ദൗത്യം എപ്രകാരം മുൻപോട്ടു കൊണ്ടുപോകണമെന്ന് എടുത്തു പറഞ്ഞുകൊണ്ട് പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്ലീനറി അസംബ്ലിയിൽ സംബന്ധിക്കുന്നവർക്ക്, മാർച്ചു മാസം പതിനാറാം തീയതി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.

ദുരുപയോഗം തടയുക എന്നത് ഒരു ഐച്ഛിക ജോലിയല്ല, മറിച്ച് സഭയുടെ ദൗത്യത്തിന്റെ ഒരു ഘടനാപരമായ മാനമാണെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ദുരുപയോഗം തടയാൻ സഹായിക്കുക എന്നത്, കേവലം നടപടിക്രമങ്ങളോ, പെരുമാറ്റ ചട്ടങ്ങളോ അല്ല, അവ സഭയിലുടനീളം, പരിചരണത്തിന്റെ ഒരു സംസ്കാരം രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനവും, വിശ്വാസത്തിന്റെ സ്വാഭാവിക പ്രകടനവുമാണെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഇക്കാര്യത്തിൽ, ഇരകളുടെയും അതിജീവിച്ചവരുടെയും അനുഭവങ്ങൾ, തീർച്ചയായും വേദനാജനകവും കേൾക്കാൻ ബുദ്ധിമുട്ടുള്ളതുമാണെങ്കിലും, ശ്രവിക്കുകയും, അവരെ സഹായിക്കുകയും ചെയ്യുമ്പോൾ, സത്യം വെളിച്ചത്തു കൊണ്ടുവരുവാൻ സാധിക്കുകയും, അനുഭവിച്ച വേദനയുടെ തിരിച്ചറിവിലൂടെ, പ്രത്യാശയുടെയും നവീകരണത്തിന്റെയും വിശ്വസനീയമായ ഒരു പാത അവർക്കായി തുറക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വത്തിക്കാനിലെ വിവിധ ഡിക്കസ്റ്ററികളുടെ സഹകരണത്തോടെയാണ്, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് എന്ന കാര്യം എടുത്തു പറഞ്ഞ പാപ്പാ, ഇത് കമ്മീഷന്റെ പ്രവർത്തനങ്ങളെ കൂടുതൽ സമ്പന്നമാക്കുന്നുവെന്നു അടിവരയിട്ടു. സഭയുടെ നന്മയ്ക്കായി, പ്രത്യാശയുടെയും വിവേകത്തിന്റെയും പ്രയോഗത്തെയും കമ്മീഷന്റെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കുന്നുവെന്നും, നിരുത്സാഹത്തിന് വഴങ്ങുന്നതിൽ നിന്ന് പ്രത്യാശ നമ്മെ തടയുകയും, ദുരുപയോഗം തടയുന്നതിൽ വിവേകം നമ്മെ സംരക്ഷിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

പ്രാദേശിക സഭയിലെ മെത്രാന്മാർക്കും, വിവിധ സന്യാസ സഭകളിലെ മേലധികാരികൾക്കും, ഇക്കാര്യത്തിൽ ഉള്ള ഉത്തരവാദിത്വങ്ങളെയും പാപ്പാ ഓർമ്മപ്പെടുത്തി. പ്രാദേശിക സഭകൾക്ക്, പ്രത്യേകമായി, ആവശ്യത്തിന് വിഭവങ്ങളും,  വൈദഗ്ധ്യങ്ങളും  കുറവുള്ളിടത്ത്, സഭാപരമായ ഐക്യദാർഢ്യത്തിന് മൂർത്തമായ ആവിഷ്കാരം നൽകുക എന്നതും കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും, ഇത് സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ അറിയുവാൻ താൻ കാത്തിരിക്കുകയാണെന്നും പാപ്പാ പറഞ്ഞു. "കാലത്തിന്റെ അടയാളങ്ങൾ" വായിക്കുന്നതിലൂടെ, സംരക്ഷണത്തിന്റെ വെല്ലുവിളികളെ ധൈര്യപൂർവ്വം നേരിടാനും അജപാലന വ്യക്തതയോടും ഘടനാപരമായ നവീകരണത്തോടും കൂടി പ്രതികരിക്കാനും കമ്മീഷൻ ആഗോള സഭയെ സഹായിക്കുന്നതും പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 മാർച്ച് 2026, 13:31