ലിയോ പതിനാലാമൻ പാപ്പാ - അപ്പസ്തോലികയാത്രയിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - അപ്പസ്തോലികയാത്രയിൽനിന്നുള്ള ഒരു ദൃശ്യം 

ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ആഫ്രിക്കൻ അപ്പസ്തോലിക സന്ദർശനം ഏപ്രിൽ 13 മുതൽ 23 വരെ

ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള ലിയോ പതിനാലാമൻ പാപ്പയുടെ ആദ്യ അപ്പസ്തോലിക സന്ദർശനം ഏപ്രിൽ 13 മുതൽ 23 വരെ. അൽജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിലേക്കാണ് പരിശുദ്ധ പിതാവ് ഇത്തവണ യാത്ര ചെയ്യുക.

വത്തിക്കാൻ ന്യൂസ്

ലിയോ പതിനാലാമൻ  പാപ്പയുടെ  ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള  ആദ്യ അപ്പസ്തോലിക സന്ദർശനം ഏപ്രിൽ 13 മുതൽ 23 വരെ  നടക്കും.  പരിശുദ്ധ പിതാവ് നടത്തിയ അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയതായ ഈ   സന്ദർശനം, അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിലേക്കാണ് ക്രമീകരിച്ചിരിക്കുന്നത്. അപ്പസ്തോലിക യാത്രയുടെ വിശദാംശങ്ങൾ  ഏപ്രിൽ മാസം ഒൻപതാം തീയതി നടന്ന   വാർത്താസമ്മേളനത്തിൽ  വത്തിക്കാൻ പ്രസ്സ് ഓഫീസ് ഡയറക്ടർ മത്തേയോ ബ്രൂണി  വിശദീകരിച്ചു.

അൾജീരിയിലേക്ക്  ഒരു പാപ്പാ നടത്തുന്ന ആദ്യത്തെ യാത്രയാണ് ഇത്തവണ ലിയോ പതിനാലാമൻ നടത്തുന്നതെന്ന പ്രത്യേകത ഈ യാത്രയ്ക്കുണ്ട്. മറ്റു മൂന്ന് രാജ്യങ്ങളിലേക്കു ദശാബ്ദങ്ങൾക്കുശേഷമാണ് ഒരു പാപ്പാ എത്തുന്നത്. ഈ സന്ദർശനത്തിൽ  ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിൽ പാപ്പാ വിശ്വാസി സമൂഹത്തെയും, പൗരന്മാരെയും അഭിസംബോധന ചെയ്യും. സമാധാനം, കുടിയേറ്റം, പരിസ്ഥിതി, യുവജനങ്ങൾ, കുടുംബം എന്നിവ സന്ദേശങ്ങളിലെ  മുഖ്യവിഷയങ്ങളായിരിക്കും.

വിവിധ സംസ്കാരങ്ങൾ, ഭാഷകൾ, പാരമ്പര്യങ്ങൾ എന്നിവയാൽ സമ്പന്നമായ ഈ  രാജ്യങ്ങളിൽ സാമൂഹിക-രാഷ്ട്രീയ വെല്ലുവിളികൾ  ഏറെയാണ്. വിശുദ്ധ അഗസ്റ്റിന്റെ  ജന്മദേശമായ   അൾജീരിയയിൽ, വടക്കേ ആഫ്രിക്കയിലെ ക്രൈസ്തവ സാന്നിദ്ധ്യവും, വിശുദ്ധന്റെ   സംഭാവനകളും,  മുസ്ലിം ലോകവുമായുള്ള  സംവാദവും, കുടിയേറ്റ പ്രശ്നവും പാപ്പയുടെ  സന്ദർശനത്തിന്റെ പ്രധാന വിഷയങ്ങളായിരിക്കും.

“ചെറിയ ആഫ്രിക്ക” എന്നു വിശേഷിപ്പിക്കപ്പെടുന്ന, കാമറൂണിൽ, ഈ രാജ്യത്തിൻ്റെ ഭൂമിശാസ്ത്രപരവും സംസ്കാരപരവുമായ വൈവിധ്യം മുൻനിർത്തി സമാധാനം, സഹവർത്തിത്വം, യുവജനങ്ങൾ, സമഗ്ര മനുഷ്യവികസനം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. അംഗോളയിൽ, യുവജനങ്ങളുടെ പങ്ക്, പ്രകൃതിയും മനുഷ്യ വിഭവങ്ങളും, അഴിമതിയും കോളനിവാഴ്ചയുടെ ചരിത്രവും പാപ്പായുടെ സന്ദേശത്തിന്റെ  പ്രമേയങ്ങളാണ്. അതേസമയം വളരെ ചെറിയ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിൽ, സംസ്കാരവും, വിദ്യാഭ്യാസവും, സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ സഭയുടെ പങ്കും പരാമർശിക്കപ്പെടും.

പാപ്പായോടൊപ്പം വത്തിക്കാനിലെ  വിവിധ ഡികാസ്റ്ററികളിൽ നിന്നുള്ള പ്രതിനിധികളും  ആഫ്രിക്കയിൽ നിന്നുള്ള കർദ്ദിനാൾമാരും  യാത്രാസംഘത്തിൽ ഉണ്ടാകും. പതിവുപോലെ, റോമിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിനുള്ളിൽ മാധ്യമപ്രവർത്തകരുമായി പാപ്പാ വാർത്താസമ്മേളനം   നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഏപ്രിൽ 2026, 12:24