അൾജീരിയൻ സന്ദർശന വേളയിൽ അന്നബയിലെ  മ മേസൊൺ (ma maison) മുതിർന്നവർക്കായുള്ള ഭവനത്തിൽ ലിയോ പതിനാലാമൻ പാപ്പാ അൾജീരിയൻ സന്ദർശന വേളയിൽ അന്നബയിലെ മ മേസൊൺ (ma maison) മുതിർന്നവർക്കായുള്ള ഭവനത്തിൽ ലിയോ പതിനാലാമൻ പാപ്പാ   (@Vatican Media)

ദൈവത്തിന്റെ ഹൃദയം ചെറിയവരോടും താഴ്മയുള്ളവരോടും കൂടിയാണ്: പാപ്പാ

അൾജീരിയൻ സന്ദർശന വേളയിൽ അന്നബയിലെ മ മേസൊൺ (ma maison) മുതിർന്നവർക്കായുള്ള ഭവനത്തിൽ ലിയോ പതിനാലാമൻ പാപ്പാ സന്ദർശനം നടത്തുകയും അവർക്ക് ഹ്രസ്വ സന്ദേശം നൽകുകയും ചെയ്‌തു. സന്ദേശത്തിന്റെ മലയാള പരിഭാഷ
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആദരണീയരേ,

പ്രിയ സഹോദരിമാരെ,

പ്രിയ സഹോദരീ സഹോദരന്മാരേ, സുപ്രഭാതം! അസ്സലാമു അലൈക്കും!

ഈ ഭവനത്തിൽ എന്നെ സ്വാഗതം ചെയ്തതിനു ഏവർക്കും നന്ദി. ഈ ഭവനത്തിൽ ദൈവം  വസിക്കുന്നുവെന്നതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്. കാരണം, സ്നേഹവും, സേവനവും ഉള്ളിടത്താണ് ദൈവമുള്ളത്.

പാവപ്പെട്ടവരുടെ കൊച്ചു സഹോദരിമാർക്കും, ഭവനത്തിലെ  ജീവനക്കാർക്കും ഞാൻ  നന്ദി പറയുന്നു.  എനിക്ക് നൽകിയ സ്വീകരണത്തിന് മദർ ഫിലോമിനക്കു നന്ദി.

പ്രിയ മോൺസിഞ്ഞോർ ദെഫാർജ്  (monsignor Desfarges), താങ്കളുടെ ഹൃദയസ്പർശിയായ വാക്കുകൾക്ക് നന്ദി. താങ്കളെ ശ്രവിക്കുമ്പോഴും, വൃദ്ധരായ സഹോദരീ സഹോദരന്മാർക്കിടയിൽ അങ്ങയുടെ സാന്നിധ്യം കാണുമ്പോഴും, ദൈവത്തെ  സ്തുതിക്കുവാനും, നന്ദി പറയുവാനും സ്വയംപ്രേരിതമായി തോന്നുന്നു.

പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനായി യേശു അന്ന് പറഞ്ഞത് ഇപ്രകാരമാണ്: "സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്ഞാനികളില്‍നിന്നും ബുദ്ധിമാന്‍മാരില്‍നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം." (ലൂക്ക 10,21)

മനോഹരവും അതേസമയവും ആശ്വാസദായകവുമായ സാല ബുഷേമേലിന്റെ സാക്ഷ്യത്തിനും ഞാൻ നന്ദി പറയുന്നു. യുദ്ധങ്ങളാലും, അക്രമങ്ങളാലും, അനീതിയാലും, നേരുകേടുകളാലും ദൈവത്തിന്റെ ഹൃദയം മുറിയപ്പെട്ടിരിക്കുകയാണെന്നും, എന്നാൽ ഇതുപോലെ, സാഹോദര്യത്തിൽ വസിക്കുന്ന ഒരു ഭവനം കാണുമ്പോൾ, ഇനിയും പ്രത്യാശയുണ്ടെന്നു, കർത്താവിനു സ്വർഗത്തിലിരുന്നു ചിന്തിക്കാൻ സാധിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു.

നമ്മുടെ പിതാവിന്റെ ഹൃദയം ദുഷ്ടന്മാരോടും അഹങ്കാരികളുടെയും കൂടെയല്ല; മറിച്ച് ദൈവത്തിന്റെ ഹൃദയം ചെറിയവരോടും താഴ്മയുള്ളവരോടും കൂടിയാണ്. അവരോടുകൂടെ അവിടുന്ന് അനുദിനം തന്റെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും രാജ്യം മുൻപോട്ടു കൊണ്ടുപോകുന്നു. ദൈനംദിന സേവനത്തിലും സൗഹൃദത്തിലും ഒരുമിച്ചു ജീവിക്കുവാൻ  നിങ്ങൾ ഇവിടെ പരിശ്രമിക്കുന്നതു പോലെയാണത്.

പ്രിയ സഹോദരീ സഹോദരന്മാരേ, ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി! എന്റെ പ്രാർത്ഥനകളിൽ ഞാൻ നിങ്ങളെ ഓർക്കുന്നു, ഒപ്പം എന്റെ ആശീർവാദവും  ഹൃദയപൂർവ്വം ഞാൻ നിങ്ങൾക്ക്  അർപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഏപ്രിൽ 2026, 14:03