ലിയോ പതിനാലാമൻ പാപ്പായും പാരാലിമ്പിക്‌സ്‌ മത്സരത്തിൽ പങ്കെടുത്ത ഇറ്റലിയുടെ കായികതാരങ്ങളും ലിയോ പതിനാലാമൻ പാപ്പായും പാരാലിമ്പിക്‌സ്‌ മത്സരത്തിൽ പങ്കെടുത്ത ഇറ്റലിയുടെ കായികതാരങ്ങളും  (ANSA)

കായികരംഗം മനുഷ്യകേന്ദ്രീകൃതമാകണം: ലിയോ പതിനാലാമൻ പാപ്പാ

മത്സരത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ഇടാമെന്ന നിലയിൽ കായികമത്സരരംഗംത്ത്, മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും മനുഷ്യന് പ്രാമുഖ്യം നൽകണമെന്നും ലിയോ പതിനാലാമൻ പാപ്പാ. പാരാലിമ്പിക്‌സ്‌ മത്സരത്തിൽ പങ്കെടുത്ത ഇറ്റലിയുടെ കായികതാരങ്ങൾക്ക് ഏപ്രിൽ 9 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മനുഷ്യകേന്ദ്രീകൃതവും മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതും ആകണം കായികരംഗമെന്ന് ലിയോ പതിനാലാമൻ പാപ്പാ. മിലാൻ കൊർത്തീനയിൽ മാർച്ച് പകുതിയോടെ നടന്ന പാരാലിമ്പിക്‌സ്‌ മത്സരങ്ങളിൽ പങ്കെടുത്ത ഇറ്റലിയുടെ കായികതാരങ്ങൾക്ക് ഏപ്രിൽ 9 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കവെയാണ്, ഈ രംഗത്തുണ്ടാകേണ്ട മൂല്യങ്ങളിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്. കായികമത്സരങ്ങൾ മാനവിക, സാംസ്‌കാരിക, ആദ്ധ്യാത്മിക സന്ദേശം പകരുന്ന ഇടം കൂടിയാകണമെന്നും പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു.

കായികരംഗവും മത്സരങ്ങളും വെറുമൊരു ശാരീരിക, ആരോഗ്യ പ്രകടനത്തിന്റെ ഇടമല്ല എന്ന് ഓർമ്മിപ്പിച്ച പാപ്പാ, അത് ആശയവിനിമയത്തിന്റെയും പുതിയ തുടക്കങ്ങളുടെയും വിജയപരാജയങ്ങളുടെയും ഇടം കൂടിയാണെന്ന് അഭിപ്രായപ്പെട്ടു. കായികതാരങ്ങൾക്ക് ത്യാഗത്തിന്റെയും അച്ചടക്കത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും സന്ദേശം പരത്താനുള്ള ഒരിടം കൂടിയാണ് കായികരംഗം ഒരുക്കുന്നത്.

ഒളിമ്പിക്സിൽനിന്ന് വിഭിന്നമായി, അംഗപരിമിതികൾ അനുഭവിക്കുന്ന ആളുകൾ മത്സരിക്കുന്ന ഇടമെന്ന നിലയിൽ, പാരാലിമ്പിക്‌സ്‌ മേഖല, വ്യക്തികളെ തടസ്സപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥകളെ എങ്ങനെ രൂപാന്തരപ്പെടുത്താനും തരണം ചെയ്യാനും കഴിയുമെന്ന് മനസ്സിലാക്കിത്തരുന്നതും, തങ്ങളിലെ കഴിവുകളെ കണ്ടെത്താൻ സഹായിക്കുന്നതുമായ ഒന്നാണെന്ന് പാപ്പാ പ്രസ്താവിച്ചു.

സ്വഭാവ പക്വതയിലേക്ക് വളരാൻ സഹായിക്കുകയും, ശരീരത്തെ ഒരു ആരാധനാപാത്രമായി അവതരിപ്പിക്കുന്നതിന് പകരം, വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്ന കായികരംഗം ഉറച്ച ആത്മീയത ആവശ്യപ്പെടുന്ന ഒരിടമാണെന്ന് പാപ്പാ പറഞ്ഞു. പരസ്പരബഹുമാനത്തിന്റെയും പങ്കുവയ്ക്കപ്പെടുന്ന ആനന്ദത്തിന്റെയും മൂല്യങ്ങളും പാഠങ്ങളും പകർന്നുതരുന്ന ഒരു പാഠ്യശാലകൂടിയാണ് കായികരംഗം.

ഏതുവിധേനയും വിജയിക്കാനുള്ള പ്രവണതയും പ്രലോഭനവും മുന്നോട്ടുവയ്ക്കുകയും, അതിനായി ഉത്തേജകമരുന്നുകൾ പോലും ഉപയോഗിക്കാൻ പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ഒരിടം കൂടിയാണ് കായികരംഗമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

കായികതാരങ്ങൾക്ക് മറ്റുള്ളവരെ അവമതിക്കാതെ വിജയിക്കുന്നതിനും, സ്വന്തം മൂല്യബോധം നഷ്ടപ്പെടാതെ പരാജയം സമ്മതിക്കാനും ഉള്ള കഴിവിനെയും പാപ്പാ അഭിനന്ദിച്ചു. മനുഷ്യർക്കിടയിൽ അനുരഞ്ജനം കൊണ്ടുവരാനുള്ള ഒരു മാർഗ്ഗം കൂടി കായികരംഗം തുറക്കുന്നുണ്ടെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഏപ്രിൽ 2026, 14:15