ലിയോ പതിനാലാമൻ പാപ്പായും ഇറ്റലിയുടെ പ്രസിഡന്റ് സേർജ്ജ്യോ മത്തരെല്ലയും ലിയോ പതിനാലാമൻ പാപ്പായും ഇറ്റലിയുടെ പ്രസിഡന്റ് സേർജ്ജ്യോ മത്തരെല്ലയും  (ANSA)

സമാധാനത്തിനായുള്ള ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം ലോകമെങ്ങും പ്രതിധ്വനിക്കുന്നു: പ്രസിഡന്റ് മത്തരെല്ല

പത്രോസിന്റെ പിൻഗാമിയായ തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പാ തന്റെ ശുശ്രൂഷയുടെ ഒരു വർഷം പൂർത്തിയാക്കുമ്പോൾ, സമാധാനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ആഹ്വാനങ്ങൾ ലോകമെങ്ങും പ്രതിധ്വനിക്കുന്നുണ്ടെന്ന് ഇറ്റലിയുടെ പ്രസിഡന്റ് സേർജ്ജ്യോ മത്തരെല്ല. തിരഞ്ഞെടുപ്പ് വാർഷികവുമായി ബന്ധപ്പെട്ട് മെയ് പാപ്പായ്ക്കയച്ച 18-ന് ഒരു അഭിനന്ദനസന്ദേശത്തിൽ, സ്വാർത്ഥമതികളുടെ മനസ്സുകളെയും ഹൃദയങ്ങളെയും പോലും ഈ വിളി സ്പർശിക്കുന്നുണ്ടെന്ന് അദ്ദേഹം എഴുതി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സമാധാനസ്ഥാപനത്തിനും സഹകരണത്തോടെയുള്ള സഹവാസത്തിനും സംവാദങ്ങൾക്കും ക്ഷണിക്കുന്ന പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഇറ്റലിയുടെ പ്രസിഡന്റ് സേർജ്ജ്യോ മത്തരെല്ല. പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം തന്റെ ആദ്യ പ്രഭാഷണത്തിൽത്തന്നെ സമാധാനത്തിനുവേണ്ടി പാപ്പാ നടത്തിയ ആഹ്വാനം, സ്വാർത്ഥതയുടെയും അഹങ്കാരത്തിന്റെയും ഇരുളടഞ്ഞ ഹൃദയങ്ങളുൾപ്പെടെ ഏവരുടെയും ഹൃദയങ്ങളെ സ്പർശിച്ചിട്ടുണ്ടെന്ന്, പരിശുദ്ധ പിതാവിന്റെ തിരഞ്ഞെടുപ്പ് വാർഷികവുമായി ബന്ധപ്പെട്ട് പാപ്പായ്ക്കയച്ച തന്റെ സന്ദേശത്തിൽ പ്രസിഡന്റ് മത്തരെല്ല എഴുതി.

മത, സാംസ്‌കാരിക വ്യത്യാസങ്ങൾ നോക്കാതെ, എല്ലായിടങ്ങളിലും പ്രത്യാശ വളർത്താൻ സഹായിക്കുന്ന സംവാദങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതിനും, നീതിയും സമാധാനവും സാധ്യമാകുന്നതിനും വേണ്ടി, ആയുധങ്ങൾ നിശബ്ദമാകാനുള്ള ക്ഷണമാണ് പരിശുദ്ധ പിതാവ് തുടർച്ചയായി നൽകിയിരുന്നതെന്ന് ഇറ്റലിയുടെ പ്രഥമപൗരൻ അനുസ്മരിച്ചു.

ബുദ്ധിമുട്ടേറിയതെങ്കിലും സാധ്യമായ ഒരു നന്മയായി സമാധാനത്തെ കാണാനാണ് പാപ്പാ ഏവരെയും ക്ഷണിക്കുന്നതെന്ന് എഴുതിയ മത്തരെല്ല, അടുത്തിടെ നടന്ന ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലികയാത്രയിലൂടെയും അനുദിനവിചിന്തനങ്ങളിലൂടെയും പരിശുദ്ധ പിതാവ് ഈയൊരു സന്ദേശമാണ് സാക്ഷ്യപ്പെടുത്തിയതെന്ന് ഇറ്റലിയുടെ ഭരണാധികാരി പ്രസ്താവിച്ചു. താൻ സന്ദർശിച്ച രാജ്യങ്ങളിലെ യുവജനങ്ങൾക്കും അധികാരികൾക്കും സഹകരണമനോഭാവത്തോടെയും, വികസനം ലക്ഷ്യമാക്കിയുമുള്ള സഹവാസം, വിദ്യഭ്യാസ, പരിശീലനരംഗങ്ങളിൽ ധനനിക്ഷേപം, പൊതുനന്മയ്ക്കായുള്ള പ്രവർത്തനങ്ങൾ എന്നിവയുടെ ആവശ്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്നതിന് പാപ്പാ പരിശ്രമിച്ചതും അദ്ദേഹം അനുസ്മരിച്ചു.

സാഹോദര്യ, ഐക്യദാർഢ്യ മനോഭാവത്തോടെ ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ ഇന്നത്തെ യുവതലമുറയ്ക്ക് സാധിക്കുമെന്ന വിശ്വാസം നിലനിർത്താനുള്ള പ്രചോദനമാണ് പരിശുദ്ധ പിതാവിന്റെ ഉദ്ബോധനങ്ങളും അഭ്യർത്ഥനകളുമെന്ന് അഭിപ്രായപ്പെട്ട പ്രസിഡന്റ് മത്തരെല്ല, ഇത് ഭാവി നേരിട്ടേക്കാവുന്ന മൂല്യശോഷണം വന്ന ആദ്ധ്യാത്മിക, ഭൗതിക അവസ്ഥകളെ ഒഴിവാക്കാൻ സഹായിക്കുമെന്നും എഴുതി.

ഇറ്റലിയിലെ ജനത്തിന് പാപ്പാ നൽകുന്ന സാമീപ്യവും, ഇറ്റലിയിൽ ഈ വർഷം നടക്കാനിരിക്കുന്ന പാപ്പായുടെ അപ്പസ്തോലികയാത്രകളും പരാമർശിച്ച പ്രസിഡന്റ്, പരിശുദ്ധ പിതാവിന് നന്ദി പറയുകയും, പാപ്പായുമൊത്ത് നാളിതുവരെ ഉണ്ടായിട്ടുളളതുപോലെ ഇനിയും കൂടിക്കാഴ്ചകൾ ഉണ്ടാകുമെന്ന പ്രത്യാശ പങ്കുവയ്ക്കുകയും ചെയ്തു. മുഴുവൻ സഭയ്ക്കും മാനവികതയ്ക്കും വേണ്ടി പരിശുദ്ധ പിതാവ് ചെയ്യുന്ന ശുശ്രൂഷകൾക്ക് എല്ലാ ആശംസകളും അദ്ദേഹം നേർന്നു.  



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 മേയ് 2026, 13:49