വിശ്വാസത്തിന്റെ കണ്ണുകളാൽ, യുക്തിയുടെ വ്യക്തതയോടെ, നിഗൂഢതയോടുള്ള തുറന്ന മനസ്സോടുകൂടി പരിവർത്തനങ്ങളെ നോക്കി കാണണം: പാപ്പാ

മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, വത്തിക്കാനിലെ സിനഡൽ ശാലയിൽ വച്ച്, ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രിക ലേഖനമായ "മാഞ്ഞിഫിക്ക ഹുമാനിത്താസ്"ന്റെ പ്രകാശന കർമ്മം നടന്നു. തദവസരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ, സാങ്കേതിക വിദ്യകളുടെ പ്രത്യേകിച്ചും നിർമ്മിതബുദ്ധിയുടെ അതിപ്രസരത്താൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, എപ്രകാരം മാനുഷിക അന്തസ്സിനെ ബഹുമാനിച്ചുകൊണ്ട് ജീവിക്കാം എന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട്, സന്ദേശം നൽകി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

'നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തെ ആധാരമാക്കി ലിയോ പതിനാലാമൻ പാപ്പാ രചിച്ച ആദ്യ ചാക്രികലേഖനം, "മാഞ്ഞിഫിക്ക ഹുമാനിത്താസ്"ന്റെ പ്രകാശന കർമ്മം, വത്തിക്കാനിലെ സിനഡൽ ശാലയിൽ വച്ച്, പരിശുദ്ധ പിതാവിന്റെ സാന്നിധ്യത്തിൽ, മെയ് മാസം ഇരുപത്തിയഞ്ചാം തീയതി നടന്നു. കർമ്മത്തിൽ പങ്കെടുക്കുവാൻ എത്തിയ എല്ലാവർക്കും, പ്രത്യേകിച്ച്, ആന്ത്രോപിക് സഹസ്ഥാപകനായ ക്രിസ്റ്റഫർ ഒലായുടെ സാന്നിധ്യത്തിന്  പാപ്പാ നന്ദിയർപ്പിച്ചു.  നിർമ്മിത ബുദ്ധിയുടെ  കാലഘട്ടത്തിൽ, മാനവികതയുടെ പാത കണ്ടെത്തുന്നതിന് ഒരുമിച്ച് നടക്കാനും, കേൾക്കാനും, ഒരുമിച്ച് സംസാരിക്കാനുമുള്ള ക്ഷണം പപ്പാ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, അതിനിടയിൽ പരസ്പരമുള്ള ശ്രദ്ധ പ്രത്യാശയുടെ വലിയ അടയാളമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഇത് മനുഷ്യരാശിയുടെ ഭാവിയെ വിവേചിച്ചറിയുവാനുള്ള കൂട്ടായ പരിശ്രമങ്ങളെ എടുത്തുകാണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. 135 വർഷങ്ങൾക്ക് മുമ്പ്, തന്റെ മുൻഗാമിയായ ലിയോ പതിമൂന്നാമൻ പാപ്പാ,  ദ്രുതഗതിയിലുള്ള വ്യാവസായിക പരിവർത്തനം മൂലം, തൊഴിലാളികളുടെയും അവരുടെ വേരോടെ പിഴുതെറിയപ്പെട്ട കുടുംബങ്ങളുടെയും ദാരിദ്ര്യവസ്ഥയെ ചൂണ്ടികാണിച്ചതും പാപ്പാ അനുസ്മരിച്ചു. മനുഷ്യന്റെ അന്തസ്സിനെ ഭീഷണിപ്പെടുത്തുന്ന യുഗമാറ്റത്തിന്റെ ഒരു സമയത്ത്, റേരും നോവാരും ചാക്രികലേഖനം ചെലുത്തിയ സ്വാധീനവും പാപ്പാ അടിവരയിട്ടു. ഈ ഒരു സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ പാപ്പാ, നമ്മുടെ ജീവിതത്തിന്റെ പല മേഖലകളെയും സ്പർശിക്കുകയും മനുഷ്യ സഹവർത്തിത്വത്തെ രൂപപ്പെടുത്തുന്ന തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്ന നിർമ്മിത ബുദ്ധിയുടെ പ്രത്യാഘാതങ്ങൾ വളരെ വലുതാണെന്നും കൂട്ടിച്ചേർത്തു.

അതിനാൽ, വിശ്വാസത്തിന്റെ കണ്ണുകളാൽ, യുക്തിയുടെ വ്യക്തതയോടെ, രഹസ്യാത്മകതയോടുള്ള  തുറന്ന മനസ്സോടുകൂടി  ദരിദ്രരുടെ നിലവിളികൾ ശ്രവിക്കുവാൻ ഏവരും ക്ഷണിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ലോകത്തിന്റെ ഈ അവസ്ഥകളെ ശ്രവിച്ചതിൽ നിന്നുമാണ്, "മാഞ്ഞിഫിക്ക ഹുമാനിത്താസ്" ജന്മം കൊണ്ടതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യകളിൽ ആത്മാർത്ഥമായ ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും താൻ ഈ ചാക്രിക ലേഖന രചനയ്ക്ക് വേണ്ടി ശ്രവിച്ചുവെന്നും, അതുപോലെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരുടെ ആശങ്കകളും തന്റെ ഈ രചനയ്ക്ക് ആധാരമാക്കിയിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു.

ഒരു മനുഷ്യനും ഒരു സർക്കാരിനും യഥാർത്ഥത്തിൽ നിയന്ത്രിക്കാൻ സാധിക്കാതെ വരുന്ന സ്വയംഭരണ ആയുധ സംവിധാനങ്ങൾ ഉയർത്തുന്ന ആശങ്കകൾ, ആരോഗ്യ സംരക്ഷണം, ജോലി, സുരക്ഷ എന്നിവയിലേക്കുള്ള പ്രവേശനം തടയുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ, തീരുമാനങ്ങൾ എടുക്കുമ്പോൾ നിശബ്ദമാക്കപ്പെടുന്ന ആളുകൾ, എന്നിവയെല്ലാം തന്റെ ശ്രദ്ധ പതിഞ്ഞ ഇടങ്ങൾ ആയിരുന്നുവെന്നു പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ നിർമ്മിത ബുദ്ധിയുടെ സാങ്കേതിക വികസനം, നിരായുധമാകണം എന്ന തത്വമാണ് താൻ മുൻപോട്ടു വയ്ക്കുന്നതെന്നും പപ്പ ചൂണ്ടിക്കാണിച്ചു.

ആണവ നിരായുധീകരണത്തിനായി സഭ വളരെക്കാലമായി പ്രവർത്തിക്കുന്നുവെന്നത് ചൂണ്ടിക്കാണിച്ച പാപ്പാ, ഏതൊരു വലിയ സാങ്കേതിക ശക്തിക്കും ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുവാൻ സാധിക്കുമെന്നും അതിനാൽ, മതിയായ ധാർമ്മിക വിവേചനവും,  പൊതു പരിശോധനയും എല്ലാ കാര്യങ്ങളിലും നടപ്പാക്കണമെന്നും പാപ്പാ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.

"നിർമ്മിത ബുദ്ധി, ആധിപത്യത്തിന്റെയും ബഹിഷ്കരണത്തിന്റെയും മരണത്തിന്റെയും ഉപകരണമാക്കി മാറ്റുന്ന യുക്തിയിൽ നിന്ന് മോചിതരാകണം, അത് എല്ലാവരുടെയും സേവനത്തിലും പൊതുനന്മയിലും അടിസ്ഥാനപ്പെടുത്തണം", പാപ്പാ പറഞ്ഞു.  സാങ്കേതികവിദ്യ നമ്മുടെ വിമർശനാത്മക ബോധത്തെ ദുർബലപ്പെടുത്തുമ്പോൾ, സമാധാനം തന്നെ അപകടത്തിലാകുമെന്ന മുന്നറിയിപ്പും പാപ്പാ നൽകി. അതിനാൽ എല്ലാ മേഖലയിലും ഒരു പുനർനിർമാണം ആവശ്യമാണെന്നും പാപ്പാ അനുസ്മരിപ്പിച്ചു. ബന്ധങ്ങൾ നന്നാക്കുക, വിശ്വാസം പുനഃസ്ഥാപിക്കുക, ഭാവിയിൽ പ്രത്യാശ ഉണർത്തുക എന്നതാണ് പുനർനിർമ്മാണം അർത്ഥമാക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. എല്ലാവരുടെയും അന്തസ്സ് സംരക്ഷിക്കാൻ കഴിവുള്ള കൂടുതൽ നീതിയുക്തമായ സഹവർത്തിത്വം ഇന്നത്തെ കാലത്ത് ഏറെ ആവശ്യമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.

ഒരു യന്ത്രത്തിനും പകരം വയ്ക്കാൻ  കഴിയാത്ത സ്നേഹം ഉള്ളിൽ പേറുന്നവനാണ് ഓരോ വ്യക്തിയും എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈ സമഗ്രകാഴ്ചപ്പാടിലൂടെ, ബുദ്ധിയെ പൊതുനന്മയിലേക്ക്  നയിക്കണമെന്ന് പാപ്പാ പറഞ്ഞു. ഇതാണ് സ്നേഹത്തിന്റെ നാഗരികതയെന്നും, തന്റെ മുൻഗാമികളായ, വിശുദ്ധ പോൾ ആറാമനെയും, വിശുദ്ധ ജോൺ പോൾ രണ്ടാമനെയും ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള സംഭാഷണങ്ങളുടെ ഭാഗമാകാൻ സഭ വിനയത്തോടെയും തുറന്ന മനസ്സോടെയും ആഗ്രഹിക്കുന്നുവെന്നും, ദൈവത്തെ അന്വേഷിക്കാനും മറ്റുള്ളവരെ സേവിക്കാനും നമ്മുടെ പൊതു ഭവനത്തെ പരിപാലിക്കാനും കഴിവുള്ള, സ്വതന്ത്രവും ബുദ്ധിമാനുമായ ഒരു വിഷയമാണിതെന്നും പാപ്പാ എടുത്തു പറഞ്ഞു. "പരസ്പരം കേൾക്കുവാനും,  ഇപ്പോഴത്തെ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാനും,  കൂടുതൽ  മാനുഷികവും സാഹോദര്യപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും,  സഹകരിക്കാനും നമുക്ക് പഠിക്കാം", പാപ്പാ പറഞ്ഞു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 മേയ് 2026, 12:51