അംഗങ്ങൾക്കൊപ്പം പാപ്പാ അംഗങ്ങൾക്കൊപ്പം പാപ്പാ   (@VATICAN MEDIA)

സഭയിൽ ഇന്നും മിഷനറി ഉത്സാഹം ഏറെ ആവശ്യമാണ് : പാപ്പാ

മിഷനറി രൂപതകൾക്കും, പ്രത്യേകിച്ച് അമേരിക്കയുടെ തെക്കൻ അതിർത്തിയിലെ രാജ്യങ്ങൾക്കും അവരുടെ സേവനങ്ങളിൽ സഹായം നൽകുന്ന സംഘടനയായ കാത്തലിക്ക് എക്സ്റ്റൻഷൻ സൊസൈറ്റിയുടെ പ്രതിനിധിസംഘവുമായി മെയ് മാസം പതിനെട്ടാം തീയതി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച നടത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സഭാ ജീവിതത്തിന്റെ നിർണ്ണായക നിമിഷമായ പന്തക്കുസ്ത തിരുനാളിനോടനുബന്ധിച്ച്,  കാത്തലിക്ക് എക്സ്റ്റൻഷൻ സൊസൈറ്റിയുടെ പ്രതിനിധി സംഘം റോമിലേക്ക് നടത്തുന്ന തീർത്ഥാടനം ഏറെ പ്രധാനപ്പെട്ടതാണെന്നു പറഞ്ഞുകൊണ്ടാണ്, മിഷനറി രൂപതകൾക്കും, പ്രത്യേകിച്ച് അമേരിക്കയുടെ തെക്കൻ അതിർത്തിയിലെ രാജ്യങ്ങൾക്കും അവരുടെ സേവനങ്ങളിൽ സഹായം നൽകുന്ന സംഘടനയിലെ അംഗങ്ങൾക്ക്, പാപ്പാ സന്ദേശം നൽകിയത്.  അപ്പസ്തോലന്മാർ, തങ്ങളുടെ പ്രബോധനത്തിലും, സാഹോദര്യ ഐക്യത്തിലും അടിസ്ഥാനപ്പെടുത്തിയാണ് സഭാസമൂഹങ്ങൾക്ക് രൂപം നൽകിയതെന്നും, തുടർന്ന്, ഇതിനു ശക്തി പകർന്നത്, വിശുദ്ധ കുർബാനയും, പ്രാർത്ഥനാ ജീവിതവും ആയിരുന്നുവെന്നതും പാപ്പാ ഓർമ്മപ്പെടുത്തി.

ആദിമ സഭയിലെ ക്രിസ്ത്യാനികളെ പ്രേരിപ്പിച്ച അതേ തീക്ഷ്ണതയാണ്, ഈ സംഘടനയുടെ സ്ഥാപകനായ. ഫാദർ ഫ്രാൻസിസ് ക്ലെമന്റ് കെല്ലിയെയും പ്രചോദിപ്പിച്ചതെന്നും, കൂദാശകളിലൂടെയും,സഭയുടെ  പിന്തുണയിലൂടെയും ക്രിസ്തുവിന്റെ ജീവിതം വിദൂര സമൂഹങ്ങളിലേക്ക് കൊണ്ടുവരുവാൻ അദ്ദേഹം നടത്തിയ മിഷനറി ഉത്സാഹം ഇന്നും ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പാപ്പാ നന്ദിയർപ്പിക്കുകയും ചെയ്തു.  അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണ്  എന്ന് ഏവരെയും ഓർമ്മപ്പെടുത്തുന്നതാണ്, സംഘടനയുടെ പ്രവർത്തങ്ങൾ എന്നതും പാപ്പാ ഓർമ്മിപ്പിച്ചു.

ദരിദ്രരോടുള്ള സ്നേഹം "ദൈവത്തിന്റെ ഹൃദയത്തോട് വിശ്വസ്തതയുള്ള ഒരു സഭയുടെ സുവിശേഷ മുഖമുദ്ര"ആണെന്നും, കർത്താവിന്റെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുമ്പോൾ അവനെ കൂടുതൽ ആഴത്തിൽ അറിയാനുള്ള വാതിൽ തുറക്കപ്പെടുന്നുവെന്നും പാപ്പാ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. ഈ സംഘടന പോലെ,  വിശ്വാസം നിറഞ്ഞ കൂട്ടായ്മകൾ, നിരവധി വ്യക്തികൾക്ക്,  ക്രിസ്തുവിൽ  ജീവിതത്തിന്റെ സന്തോഷം അനുഭവിക്കാൻ അവസരം നൽകുന്നുവെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 മേയ് 2026, 15:47