വിശുദ്ധ ബലിവേളയിൽ പാപ്പാ വചന സന്ദേശം നൽകുന്നു വിശുദ്ധ ബലിവേളയിൽ പാപ്പാ വചന സന്ദേശം നൽകുന്നു   (ANSA)

പരിശുദ്ധാത്മാവിനാൽ, വഞ്ചനയുടെ ഇടമായിരുന്ന ഊട്ടുശാല പുനരുത്ഥാനത്തിന്റെ ഇടമായി രൂപാന്തരപ്പെടുന്നു: പാപ്പാ

മെയ് മാസം ഇരുപത്തിനാലാം തീയതി, പന്തക്കുസ്ത തിരുനാൾ ദിവസം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന വിശുദ്ധ ബലിക്ക്, ലിയോ പതിനാലാമൻ പാപ്പാ മുഖ്യ കാർമ്മികത്വം വഹിച്ചു. തദവസരത്തിൽ നൽകിയ വചന സന്ദേശത്തിൽ, പരിശുദ്ധാത്മാവിന്റെ ദാനങ്ങളാൽ, സകല വിധ ദുരിതങ്ങളിൽ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാമെന്നു പാപ്പാ ആഹ്വാനം ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഉയിർപ്പുതിരുനാളിനു ശേഷം, അൻപതാം ദിവസം സഭയിൽ ആഘോഷിക്കുന്ന പന്തക്കുസ്താ തിരുനാൾ ദിവസം, ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിലെ  വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധ ബലിയർപ്പിച്ചു. ദേവാലത്തിനുള്ളിലും, ചത്വരത്തിലുമായി ഏകദേശം മുപ്പത്തി അയ്യായിരത്തിനു മുകളിൽ ആളുകൾ ചടങ്ങുകളിൽ സംബന്ധിച്ചു. ഉത്ഥിതതനായ ക്രിസ്തുവിനെ കണ്ട മാത്രയിൽ, ശിഷ്യന്മാരും ജീവനിലേക്കു മടങ്ങിവരുന്നുവെന്നും, ഭയം മൂലം കതകടച്ചിരുന്ന അവർക്ക് കർത്താവ്  സന്തോഷത്തിന്റെ പൂർണ്ണത നൽകുന്നുവെന്നും പാപ്പാ, വചന സന്ദേശത്തിന്റെ ആമുഖത്തിൽ എടുത്തു പറഞ്ഞു.

"നിങ്ങൾക്ക് സമാധാനം" എന്നഅഭിവാദ്യത്തോടെ, ശിഷ്യന്മാരുടെ നേരെ നിശ്വസിച്ചുകൊണ്ട്, പിതാവിനാൽ സ്നേഹിക്കപ്പെടുന്ന ഉയിർപ്പിക്കപ്പെട്ട  പുത്രൻ,  അവനിൽ നമ്മെയും സഹോദരങ്ങളായി വീണ്ടെടുത്തുവെന്നു പാപ്പാ ഓർമ്മിപ്പിച്ചു. പുതിയതും നിത്യവുമായ ഉടമ്പടി സ്ഥാപിച്ച അതേ ഊട്ടുശാലയിൽ തന്നെയാണ്, ആത്മാവിനെയും യേശു നമുക്ക് പകർന്നു നല്കിയതെന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു. തുടർന്ന്, സെഹിയോൻ ശാലയുടെ പരിവർത്തനത്തെക്കുറിച്ച് പാപ്പാ ആഴമായി പ്രതിപാദിച്ചു. "അന്ത്യ അത്താഴത്തിന്റെയും ഒറ്റിക്കൊടുക്കലിന്റെയും ആ സ്ഥലം പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. അപ്പസ്തോലന്മാരുടെ കല്ലറയായിരുന്ന ആ മുറി, ഇന്ന് തിരുസഭയുടെ മുഴുവൻ ഉത്ഥാനത്തിന്റെ ഗർഭപാത്രമായി മാറിയിരിക്കുന്നു," പാപ്പാ പറഞ്ഞു. ഉത്ഥിതന്റെ ആത്മാവ് ഒരിക്കൽ മാത്രം നൽകപ്പെട്ട ഒന്നല്ല, മറിച്ച് അത് നിരന്തരം വർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

തുടർന്ന് പന്തക്കുസ്താദിനത്തിന്റെ ചൈതന്യത്തിൽ, പരിശുദ്ധാത്മാവിന്റെ  പ്രധാനപ്പെട്ട പ്രവർത്തന വശങ്ങളും പാപ്പാ ചൂണ്ടിക്കാണിച്ചു. ഒന്നാമതായി, ഉയിർത്തെഴുന്നേറ്റവന്റെ ആത്മാവ് സമാധാനത്തിന്റെ ആത്മാവാണ്. യേശു നൽകിയ സമാധാനം പാപമോചനത്തിൽ നിന്നാണ് ഉടലെടുക്കുന്നതെന്നും, ഇത് ക്ഷമയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നുവെന്നു പാപ്പാ പറഞ്ഞു. ഈ ക്ഷമയുടെയും, സമാധാനത്തിന്റയും മാതൃക നമുക്ക് നൽകുന്നത് യേശു തന്റെ ജീവിതത്തിലൂടെയാണെന്നതും പാപ്പാ അടിവരയിട്ടു. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും എന്ന വാക്കുകൾ ശിഷ്യന്മാർക്ക് അരുളിചെയ്തുകൊണ്ട്, പാപങ്ങൾ മോചിക്കുവാനുള്ള അധികാരം സാർവത്രിക അനുരഞ്ജനത്തിന്റെ അടയാളത്തിൽ യേശു നൽകിയെന്നത് പാപ്പാ ചൂണ്ടിക്കാണിച്ചു. ഈ ഒരു കൃപയിൽ നിന്നും കർത്താവ് ആരെയും ഒഴിവാക്കുന്നില്ലെന്ന യാഥാർഥ്യവും പാപ്പാ എടുത്തു പറഞ്ഞു.

തുടർന്ന്, ഉയിർത്തെഴുന്നേറ്റവന്റെ ആത്മാവ് ദൗത്യത്തിന്റെ ആത്മാവാണെന്നത് പാപ്പാ വിശദീകരിച്ചു. "പിതാവ് എന്നെ അയച്ചതുപോലെ, ഞാനും നിങ്ങളെ അയക്കുന്നു", യേശുവിന്റെ ഈ വാക്കുകൾ, സഭ കേവലം ഒരു കാവൽക്കാരൻ മാത്രമല്ല, സുവിശേഷ പ്രഘോഷണത്തിലെ പ്രധാന പങ്കാളിയാണെന്ന സത്യം വെളിപ്പെടുത്തുന്നുവെന്നു പാപ്പാ പറഞ്ഞു. പരിശുദ്ധാത്മാവ് നമ്മെ നയിക്കുന്ന ചൈതന്യമാണ്. നാം ലോകത്തിന്റെ പുതുമയും വെളിച്ചവും ഉപ്പുമായി മാറണം. ലോകത്തെ വാർദ്ധക്യത്തിലേക്ക് നയിക്കുന്ന അക്രമങ്ങൾക്കും തെറ്റായ മാറ്റങ്ങൾക്കും വിപരീതമായി, പരിശുദ്ധാത്മാവ് ഹൃദയങ്ങളിൽ പുതിയ ജീവൻ നിറയ്ക്കുകയും ചരിത്രത്തെ രക്ഷയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

മൂന്നാമതായി, ഉയിർത്തെഴുന്നേറ്റവന്റെ ആത്മാവ് "സത്യത്തിന്റെ ആത്മാവ്" ആണ് എന്നത് പാപ്പാ ചൂണ്ടിക്കാണിച്ചു. സഭയിൽ ഐക്യം നിലനിർത്തുന്നത് പരിശുദ്ധാത്മാവാണ്. വിഭാഗീയതകളിൽ നിന്നും കപടതകളിൽ നിന്നും സുവിശേഷത്തിന്റെ വെളിച്ചം കെടുത്തുന്ന പ്രവണതകളിൽ നിന്നും ആത്മാവ് നമ്മെ സംരക്ഷിക്കുന്നു. മാമ്മോദീസയിലൂടെ ക്രിസ്ത്യാനികളായും, സ്ഥൈര്യലേപനത്തിലൂടെ സാക്ഷികളായും, തിരുപ്പട്ടത്തിലൂടെ ദൈവജനത്തിന്റെ ശുശ്രൂഷകരായും നമ്മെ മാറ്റുന്നത് ഈ ആത്മാവാണെന്നത് പാപ്പാ ചൂണ്ടിക്കാണിച്ചു.

ഉപസംഹാരമായി ലോകത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളെയും പാപ്പാ അനുസ്മരിച്ചു. ലോകത്തെ ഗ്രസിച്ചിരിക്കുന്ന യുദ്ധത്തിന്റെ തിന്മയിൽ നിന്ന് മാനവികതയെ രക്ഷിക്കാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമെന്നു പാപ്പാ ആഹ്വാനം ചെയ്തു. ലോകത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുന്നത് കണക്കില്ലാത്ത സമ്പത്തല്ല, മറിച്ച് അക്ഷയമായ ദൈവീക ദാനമാണെന്നും  പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 മേയ് 2026, 14:19