സമ്മേളന അവസരത്തിൽ പാപ്പാ സമ്മേളന അവസരത്തിൽ പാപ്പാ   (@VATICAN MEDIA)

ക്രൈസ്തവൻ അപരന്റെ നന്മ ആഗ്രഹിക്കുന്നവനാകണം: പാപ്പാ

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ബാഴ്‌സലോണയിലെ കുതിരസവാരി ക്ലബ്ബിലെ അംഗങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട്, മെയ് മാസം ഇരുപത്തിയഞ്ചാം തീയതി ലിയോ പതിനാലാമൻ പാപ്പാ സംസാരിച്ചു

വത്തിക്കാൻ ന്യൂസ്

1856 ൽ സ്‌പെയിനിൽ  സാമൂഹിക പ്രവർത്തനങ്ങളിൽ പ്രതിജ്ഞാബദ്ധരായ സംരംഭകർ സ്ഥാപിച്ച  ക്ലബ്ബിന്റെ സ്ഥാപക വാർഷികത്തോടനുബന്ധിച്ച്, മെയ് മാസം ഇരുപത്തിയഞ്ചാം തീയതി ലിയോ പതിനാലാമൻ പാപ്പാ  കൂടിക്കാഴ്ച്ച അനുവദിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. ക്രിസ്തീയ ജീവകാരുണ്യത്തോടുള്ള പ്രതിബദ്ധതയാണ് ഈ ക്ലബിലെ അംഗങ്ങളുടെ പ്രത്യേകതയെന്ന് പാപ്പാ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

ക്രിസ്തുവിലുള്ള ഓരോ വിശ്വാസിയും തന്റെ ജീവിതം പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനായി തുറന്നിടാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞു. ഇത് ക്രിസ്തീയ സ്നേഹം ജീവിക്കുവാനുള്ള ഒരു ക്ഷണമാണ് ഏവർക്കും നൽകുന്നതെന്നും പാപ്പാ അടിവരയിട്ടു. അതുകൊണ്ട്, ക്രിസ്ത്യാനി ഒരു സാധാരണ മനുഷ്യസ്‌നേഹിയല്ല, മറിച്ച് നിസ്വാർത്ഥമായി സ്നേഹിക്കുകയും മറ്റുള്ളവരുടെ സമഗ്രക്ഷേമം സജീവമായി അന്വേഷിക്കുകയും ചെയ്യുന്ന കാരുണ്യത്തിന്റെ മനുഷ്യൻ ആയിരക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഏറ്റവും ദുർബലരായ ആളുകളിലാണ് ദൈവം കാണപ്പെടുന്നതെന്ന് മനസ്സിൽ വെച്ചുകൊണ്ട് പ്രവർത്തനങ്ങൾ നടത്തുവാൻ ആഹ്വാനം ചെയ്‌ത പാപ്പാ,  "ക്ഷമയോടും അനുകമ്പയോടും കൂടി" അപരനെ അനുഗമിക്കുവാനും, മറ്റുള്ളവരോടുള്ള വ്യക്തിപരമായ സമർപ്പണത്തിലൂടെ "കർത്താവ് തന്റെ സ്നേഹത്തിൽ വളരാൻ ഏവരെയും  അനുവദിക്കട്ടെ"യെന്നു ആശംസിക്കുകയും ചെയ്തു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 മേയ് 2026, 14:10