നിർമ്മിത ബുദ്ധി മനുഷ്യൻ എന്ന സത്യത്തെ മാനിക്കണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലോക സാമൂഹിക മാധ്യമ ദിനമായി ആഘോഷിക്കുന്ന മെയ് മാസം പതിനേഴാം തീയതി, പരിശുദ്ധ പിതാവ് വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികൾക്കൊപ്പം നയിച്ച മധ്യാഹ്ന പ്രാർത്ഥനയുടെ അവസരത്തിൽ, വാർത്താവിനിമയ രംഗത്ത്, മാനുഷിക മൂല്യങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. "മനുഷ്യന്റെ ശബ്ദങ്ങളെയും മുഖങ്ങളെയും സംരക്ഷിക്കുക" എന്നതാണ് ഇത്തവണത്തെ വിനിമയ ദിന സന്ദേശത്തിന്റെ പ്രധാന പ്രമേയമെന്നത് പാപ്പാ അടിവരയിട്ടു പറഞ്ഞു. വാർത്താവിനിമയ രംഗത്തെ എല്ലാ നൂതന സാങ്കേതിക വിദ്യകളും മനുഷ്യൻ എന്ന സത്യത്തെ മുൻനിർത്തിയായിരിക്കണം വികസിപ്പിക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
നിർമ്മിത ബുദ്ധി സൃഷ്ടിക്കുന്ന 'സമാന്തര യാഥാർത്ഥ്യങ്ങൾ' മനുഷ്യബന്ധങ്ങളെയും സത്യത്തെയും തകിടം മറിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മിത ബുദ്ധി ഉയർത്തുന്ന വെല്ലുവിളികളെ ശാസ്ത്രീയമായും, ധാർമ്മികമായും അഭിമുഖീകരിക്കുവാൻ, കഴിഞ്ഞ ദിവസം, വത്തിക്കാനിൽ പാപ്പാ, കഴിഞ്ഞ ദിവസം, വത്തിക്കാനിലെ വിവിധ ഡിക്കസ്റ്ററികളെ ഏകോപിപ്പിച്ചുകൊണ്ട്, ഒരു അന്തർ-വിഭാഗ സമിതിക്ക് (Interdicasterial Commission) അംഗീകാരം നൽകിയിരുന്നു. വത്തിക്കാനിലെ വിവിധ ഡിക്കസ്റ്ററികളുടെയും, ശാസ്ത്ര-സാമൂഹിക അക്കാദമികളുടെയും പ്രതിനിധികൾ ഈ സമിതിയിൽ അംഗങ്ങളായിരിക്കും.
60 വർഷം മുമ്പ് പോൾ ആറാമൻ പാപ്പായാണ് ആഗോള വാർത്താവിനിമയ ദിനം സ്ഥാപിച്ചത്. ആധുനിക വിനിമയ ഉപാധികളെ ധാർമ്മികമായ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. സാങ്കേതിക വിദ്യയുടെ കാലത്തും ആശയ വിനിമയ രംഗത്ത് സുതാര്യതയും സത്യസന്ധതയും പുലർത്തണമെന്ന്, ഈ ദിനത്തിനായുള്ള സന്ദേശത്തിൽ ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തിരുന്നു.
നിർമ്മിതബുദ്ധിയുടെ ഉപയോഗവും അതിലുണ്ടായിരിക്കേണ്ട മൂല്യങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് പരാമർശിക്കുന്ന "മാഞ്ഞിഫിക്ക ഹുമാനിത്താസ്" (Magnifica Humanitas) എന്ന പേരിലുള്ള തന്റെ പ്രഥമ ചാക്രികലേഖനം, മെയ് മാസം ഇരുപത്തിയഞ്ചാം തീയതി ലിയോ പതിനാലാമൻ പാപ്പാ പ്രസിദ്ധീകരിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
