ഗാസായിലെ ജനത്തെ സഹായിക്കാനും മനുഷ്യാവകാശങ്ങൾ മാനിക്കാനും ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഗാസാ പ്രദേശത്തെ ജനത്തിന് മാനവികസഹായമെത്തിക്കാൻ അന്താരാഷ്ട്രസമൂഹത്തെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ. എല്ലാ മനുഷ്യരുടേയും അവകാശങ്ങൾ മാനിക്കപ്പെടണമെന്നും, മെയ് ഇരുപത്തിയാറ് ചൊവ്വാഴ്ച വൈകുന്നേരം കസ്തേൽ ഗന്തോൾഫോയിലുള്ള തന്റെ വേനൽക്കാലവസതിക്ക് മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പാപ്പാ ഓർമ്മിപ്പിച്ചു.
ഗാസാ പ്രദേശത്തേക്ക് സഹായമെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ചില പ്രവർത്തകർ വിലങ്ങുവയ്ക്കപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആഹ്വാനം പുതുക്കപ്പെടേണ്ടതുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. ഗാസായിൽ സഹനങ്ങളിലൂടെ കടന്നുപോകുന്ന സാധാരണജനത്തിന് വേണ്ട മാനവികസഹായം ഇനിയും എത്തുന്നില്ലെന്നും പാപ്പാ അപലപിച്ചു. ഇത്തരം സാഹചര്യത്തിൽ പലയിടത്തും പ്രതിഷേധപ്രകടനങ്ങൾ ഉണ്ടാകുന്നുണ്ടെന്നും, അത് കൂടുതൽ പ്രശ്‍നങ്ങളിലേക്കാണ് നയിക്കുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ഗാസായിലെ ജനത്തെ സഹായിക്കാനും, അവിടെയുള്ള പുനഃരുദ്ധരണനടപടികളിൽ പിന്തുണ നൽകാനും അന്താരാഷ്ട്രസമൂഹത്തോട് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. വലിയ ദുരിതങ്ങളിലൂടെയാണ് അവിടുത്തെ ജനം കടന്നുപോകുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ആധുനിക യുദ്ധരംഗത്ത് നിർമ്മിതബുദ്ധിയുടെ ഉപയോഗം കൂടുതലായി വരികയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, മനുഷ്യജീവന്റെ മൂല്യം തിരിച്ചറിയാതെയും മാനിക്കാതെയും, തീരുമാനങ്ങളെടുക്കുന്ന ഇത്തരം സാങ്കേതികതവിദ്യകളുയർത്തുന്ന ഭീഷണിയിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. ലെബനൻ യുദ്ധം പോലെയുള്ള ഇടങ്ങളിൽപ്പോലും നിർമ്മിതബുദ്ധി ഉപയോഗിക്കപ്പെടുന്നുണ്ടന്നും, മനുഷ്യരാണ് ഇതിന്റെ ഇരകളായി മാറുന്നതെന്നും പാപ്പാ പ്രസ്താവിച്ചു. നിരായുധീകരിക്കപ്പെട്ട ഒരു നിർമ്മിതബുദ്ധിയാണ് നമുക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
