മനുഷ്യരെ വെറും അക്കങ്ങളായല്ല, വ്യക്തികളായി കണക്കാക്കണം: ബാങ്കുദ്യോഗസ്ഥരോട് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മനുഷ്യരെ കണക്കുകൂട്ടലുകളുടെ അക്കങ്ങൾക്ക് വിട്ടുകൊടുക്കാതെ, അവരെ വ്യക്തികളായി കണ്ട് മാനിക്കാനും, നൈതികതയോടും ധാർമ്മികതയോടും കൂടി അവരോട് പെരുമാറാനും ബാങ്കുദ്യോഗസ്ഥരോട് ലിയോ പതിനാലാമൻ പാപ്പാ. ഇറ്റലിയിൽനിന്നുള്ള വിവിധ ബാങ്കുകളുടെ നേതൃത്വങ്ങൾക്കും ഉദ്യോഗസ്ഥർക്കും മെയ് പതിനാറ് ശനിയാഴ്ച രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കവെ, ബാങ്കുകൾ സമൂഹത്തിന് നൽകുന്ന സേവനങ്ങളുടെ പ്രാധാന്യവും പരിശുദ്ധ പിതാവ് അനുസ്മരിച്ചു.
പണത്തേക്കാൾ മനുഷ്യരെ കേന്ദ്രീകരിച്ചുള്ളതാകണം ബാങ്കുകളുടെ പ്രവർത്തനമെന്നതായിരുന്നു അപ്പസ്തോലിക കൊട്ടാരത്തിലെ ക്ളമന്റീൻ ശാലയിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ പാപ്പാ മുന്നോട്ടുവച്ച പ്രധാനപ്പെട്ട ഒരു സന്ദേശം. കണക്കുകൂട്ടലുകളുടെ ആൽഗോറിഥങ്ങൾക്ക് മനുഷ്യരെ വിട്ടുകൊടുക്കരുതെന്നും, ചരിത്രത്തിലിന്നോളം സ്വകാര്യവ്യക്തികൾക്കും വ്യാവസായിക, സ്ഥാപന മേഖലകളിലും ബാങ്കുകൾ നടത്തിയ സാമ്പത്തിക പങ്കിടലും പുനർവിതരണവും സേവനങ്ങളും നൈതികതയുടെയും ധാർമികതയുടെയും മൂല്യങ്ങൾ പാലിച്ചുകൊണ്ട് തുടരണമെന്ന് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.
സ്വാർത്ഥമനോഭാവത്തോടെയുള്ള ധനത്തിന്റെ അസമത്വപൂർണ്ണവും അനാരോഗ്യകരവുമായ ശേഖരണത്തിനും ദാരിദ്ര്യത്തിനും കാരണമായേക്കാവുന്ന രീതിയിലുള്ള മൂലധനത്തിന്റെ ശേഖരണത്തെക്കുറിച്ച് പാപ്പാ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ നൂറ്റാണ്ടുകളിൽ മാനവികതയുടെ സാമ്പത്തിക, സാമൂഹിക വികസനത്തിനും വലിയ മാറ്റങ്ങൾക്കും പിന്നിൽ നിർണ്ണായകമായ സ്ഥാനം നിർവ്വഹിച്ച ബാങ്ക് പ്രസ്ഥാനം പൊതുവായ വികസനത്തിനും നന്മയ്ക്കും, സമത്വപൂർണ്ണമായ പങ്കിടൽ മനോഭാവത്തിനും പ്രോത്സാഹനം നൽകുന്ന രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
മാനവിക, സാംസ്‌കാരിക രംഗത്ത് ബാങ്കിങ് മേഖലയ്ക്കുള്ള സ്വാധീനവും ചുമതലകളും പരാമർശിച്ച പാപ്പാ, ഐക്യദാർഢ്യത്തിന്റേതായ നയവും പരസ്പരസഹകരണത്തിന്റേതായ മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ മേഖലയ്ക്കുള്ള വിളിയും പ്രത്യേകം എടുത്തുപറഞ്ഞു.
പൊതുനന്മ ലക്ഷ്യമാക്കി വ്യക്തികളെയും സമൂഹത്തെയും പരിശീലിപ്പിക്കുന്നതിലും അവർക്ക് അറിവ് പകരുന്നതിലും ബാങ്കിങ് വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് ഉള്ള കടമയും പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. സമൂഹത്തിൽ, പ്രത്യേകിച്ച് വ്യക്തികൾക്കും ബിസിനസ് പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇടയിൽ, ധനത്തിന്റെ, എല്ലാവർക്കുമായി ദൈവം ആദിയിൽ നൽകിയ വിഭവങ്ങളുടെ, ശരിയായ വിതരണം ഉറപ്പാക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുള്ള ഉത്തരവാദിത്വവും, ബാങ്കുകളുടെ സാമൂഹികപ്രാധാന്യത്തെകുറിച്ച് പരാമർശിച്ചുകൊണ്ട് പാപ്പാ അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
