പ്രതിനിധികൾക്കൊപ്പം പാപ്പാ പ്രതിനിധികൾക്കൊപ്പം പാപ്പാ   (@Vatican Media)

ക്രിസ്ത്യാനികൾ സമാധാനത്തിന്റെ വിശ്വസ്തരായ അടയാളങ്ങളാകുവാൻ വിളിക്കപ്പെട്ടിരിക്കുന്നു: പാപ്പാ

വിശുദ്ധ പത്രോസിന്റെയും, വിശുദ്ധ പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ച്, റോമിൽ എത്തിച്ചേർന്ന, കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയർക്കെറ്റിന്റെ പ്രതിനിധി സംഘവുമായി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, കൂടിക്കാഴ്ച നടത്തുകയും, സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കത്തോലിക്കാ സഭയ്ക്ക്, കോൺസ്റ്റാന്റിനോപ്പിളിലെ സഹോദര സഭയുമായും, എക്യൂമെനിക്കൽ പാത്രിയർക്കീസായ  ബർത്തലോമിയോയുമായുമുള്ള സഹോദര്യം വെളിപ്പെടുത്തുന്നതാണ്, വിശുദ്ധ പത്രോസിന്റെയും, വിശുദ്ധ പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ച്, റോമിൽ എത്തിച്ചേർന്ന പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയെന്നു എടുത്തു പറഞ്ഞുകൊണ്ടാണ്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ചയുടെ അവസരത്തിൽ നൽകിയ സന്ദേശം ആരംഭിച്ചത്.  സംഘത്തിന്റെ റോമൻ സന്ദർശനത്തിനു പാപ്പാ പ്രത്യേകം നന്ദിയർപ്പിക്കുകയും ചെയ്തു.

ക്രിസ്ത്യാനികൾക്കിടയിൽ പൂർണ്ണ ഐക്യത്തിലേക്കുള്ള പാതയിൽ പുരോഗമിക്കാനുള്ള പൊതുവായ ആഗ്രഹം പങ്കുവയ്ക്കുന്നതായിരുന്നു, കഴിഞ്ഞ നവംബർ 30 നു പാത്രിയാർക്കീസുമായുള്ള കൂടിക്കാഴ്ചയെന്നതും പാപ്പാ സന്ദേശത്തിൽ അനുസ്മരിച്ചു. നിഖ്യ സൂനഹദോസിന്റെ 1700 മത് വാർഷിക ആഘോഷങ്ങളെക്കുറിച്ചും പാപ്പാ എടുത്തു പറഞ്ഞു. ത്രിത്വയ്ക  ദൈവത്തിലുള്ള ഈ വിശ്വാസ പ്രഖ്യാപനം, 2033-ൽ രക്ഷയുടെ രണ്ടാം സഹസ്രാബ്ദത്തിന്റെ ആഘോഷത്തിലേക്കുള്ള യാത്ര. എല്ലാ ക്രിസ്തീയ സമൂഹങ്ങൾക്കിടയിലും കൂട്ടായ്മയുടെ ചൈതന്യം കൊണ്ടുവരട്ടെയെന്നു പാപ്പാ ആശംസിച്ചു.

യുദ്ധങ്ങളും, വർദ്ധിച്ചുവരുന്ന ധ്രുവീകരണവൽക്കരണവും, സാംസ്കാരികവും സാമൂഹികവുമായ വിഭജനങ്ങളും അടയാളപ്പെടുത്തുന്ന  ഒരു യുഗത്തിൽ, ക്രിസ്ത്യാനികൾക്ക്, പരസ്പരം അനുരഞ്ജനപ്പെട്ടുകൊണ്ട് ഒരുമിച്ചു നടക്കുവാനും,  ദൈവീക വിളിയിൽ  ഐക്യപ്പെടുവാനും,  സമാധാനത്തിന്റെ വിശ്വസ്ത അടയാളമായിരിക്കുവാനും സാധിക്കട്ടെയെന്നും പാപ്പാ പറഞ്ഞു. ഇന്നത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ ക്രിസ്ത്യാനികൾക്കിടയിൽ കൂടുതൽ സഹകരണത്തിന്റെ ആവശ്യകതയാണ് സുവിശേഷം നമുക്ക് മുൻപിൽ വയ്ക്കുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു.

ഈ സന്ദർശനത്തിനും ക്രിസ്തീയ ഐക്യത്തിന്റെ വിശുദ്ധ ലക്ഷ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പാത്രിയർകെറ്റിന്റെ പ്രതിബദ്ധതയ്ക്ക് ഒരിക്കൽക്കൂടി പാപ്പാ നന്ദിയർപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

30 ജൂൺ 2026, 13:30