സഹകരണം, സംഘടിത കുറ്റകൃത്യങ്ങൾ, സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്‌ത് പാപ്പായും കൊളംബിയയുടെ പ്രസിഡന്റും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലിയോ പതിനാലാമൻ പാപ്പാ കൊളമ്പിയയുടെ പ്രസിഡന്റ് ഗുസ്താവോ ഫ്രാൻസിസ്കോ പേത്രോ ഉറേഗോയ്ക്ക് (Gustavo Francisco Petro Urrego) ജൂലൈ 2 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.
വത്തിക്കാനിലെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റ് സമുച്ചയത്തിലുള്ള അപ്പസ്തോലിക കൊട്ടാരത്തിൽ പരിശുദ്ധ പിതാവുമൊത്ത് നടന്ന കൂടിക്കാഴ്ചയെത്തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനുമായും പ്രസിഡന്റ് ഉറേഗോ കൂടിക്കാഴ്ച നടത്തി. വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം ഉപതലവൻ മോൺ. ഡാനിയേൽ പാക്കോയും ഈ കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ ഓഫീസുകളിൽ വച്ച് നടന്ന ഈ സുപ്രധാന കൂടിക്കാഴ്ചകളിൽ ഇരു നേതൃത്വങ്ങളും പരിശുദ്ധ സിംഹാസനവും കൊളംബിയ റിപ്പബ്ലിക്കും തമ്മിലുള്ള നല്ല ബന്ധവും, സമാധാനവും അനുരഞ്ജനവും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യത്തെ പ്രാദേശികസഭയും രാഷ്ട്രവും തമ്മിലുള്ള ക്രിയാത്മകവും തുടർച്ചയുള്ളതുമായ സഹകരണവും ചർച്ചാവിഷയമായെന്നും പ്രെസ് ഓഫീസ് വ്യക്തമാക്കി.
കൊളംബിയിലെയും തെക്കേ അമേരിക്കൻ പ്രദേശങ്ങളിലെയും സാമൂഹ്യ-രാഷ്ട്രീയ സ്ഥിതിയും നിലവിൽ വിവിധയിടങ്ങളിൽ തുടരുന്ന സംഘർഷങ്ങൾ രാജ്യത്തുണ്ടാക്കുന്ന മാറ്റങ്ങൾ, അന്താരാഷ്ട്ര സംഘടിതകുറ്റകൃത്യങ്ങൾ, കാലാവസ്ഥാവ്യതിയാനം തുടങ്ങിയവയും ചർച്ചകളിൽ ഇടം പിടിച്ചുവെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു.
2022 ഓഗസ്റ്റ് 7-നാണ് കൊളംബിയയുടെ പ്രസിഡന്റായി ഗുസ്താവോ ഫ്രാൻസിസ്കോ പേത്രോ ഉറേഗോ തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ നാല്പത്തിരണ്ടാമത് പ്രസിഡന്റാണ് അദ്ദേഹം. കൊളംബിയയിൽ സാധാരണയായി നാല് വർഷത്തേക്കാണ് പ്രസിഡന്റ് സ്ഥാനം നീളുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
