ഫ്രാൻസിസ് പാപ്പായുടെ ലാംബെദൂസ സന്ദർശനസ്മരണ പുതുക്കി ലിയോ പതിനാലാമൻ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
2026 ജൂലൈ 4 ന്, മെഡിറ്ററേനിയൻ കടൽ കടക്കുന്ന കുടിയേറ്റക്കാർക്കുള്ള പ്രധാന പ്രവേശന കവാടമായ, ഇറ്റലിയിലെ ലാംബെദൂസ ദ്വീപിലേക്കുള്ള സന്ദർശന വേളയിൽ, ലിയോ പതിനാലാമൻ പാപ്പാ, രക്ഷാപ്രവർത്തനത്തിന്റെയും അതിജീവനത്തിന്റെയും യൂറോപ്യൻ മാനുഷിക സഹായത്തിന്റെയും ആഴത്തിലുള്ള പ്രതീകമായിട്ടുള്ള, മോളോ ഫാവലോറോ, എന്ന കോൺക്രീറ്റ് ശില ആശീർവദിച്ചു. തന്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പായ്ക്ക് സമർപ്പിക്കപ്പെട്ടതാണ് ഈ ശില. ലാംബെദൂസയിൽ എത്തിച്ചേർന്ന പാപ്പയെ, മേയർ ഡോ. ഫിലിപ്പോ മന്നിനോ, ഔദ്യോഗികമായി സ്വാഗതം ചെയ്തു സംസാരിച്ചു.
പാപ്പായുടെ സന്ദർശനം, ഏവർക്കും, ഒരു വലിയ സമ്മാനവും, സഹോദര തുല്യമായ ഒരു ആർദ്രതയും നൽകുന്നതോടൊപ്പം, ഒരു വലിയ ഉത്തരവാദിത്വവും ഓർമ്മപ്പെടുത്തുന്നുവെന്നു മേയർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. അനേകം ആളുകൾ രക്ഷയും അന്തസ്സും ഭാവിയും തേടിയെത്തിയ സ്ഥലമെന്ന നിലയിൽ, അവരുടെ ജീവിതത്തിന്റെ മൂല്യവും ഭാരവും നന്നായി അറിയാവുന്ന ആളുകളാണ് ലാംബെദൂസയിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതീകാത്മകമായി ഒരു ദീപവും പാപ്പായ്ക്ക് നൽകി. രാത്രിയിൽ പ്രകാശിക്കുകയും, വഴി കാണിക്കുകയും, തീരം തേടുന്നവരെ അനുഗമിക്കുകയും, ഇരുട്ടിൽ ആരും നഷ്ടപ്പെടരുതെന്ന് നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ദീപസ്തംഭമെന്നു അദ്ദേഹം എടുത്തു പറഞ്ഞു. തീരുമാനമെടുക്കാൻ അധികാരമുള്ളവർ മുറിവേറ്റ ജനതയുടെ നിലവിളി കേൾക്കട്ടെ എന്ന പ്രത്യാശയും മേയർ പങ്കുവച്ചു.
തന്റെ മറുപടി പ്രസംഗത്തിൽ, ലിയോ പതിനാലാമൻ, തന്റെ മുൻഗാമിയായ, ഫ്രാൻസിസ് പാപ്പാ, ലാംബെദൂസയിലേക്ക് നടത്തിയ സന്ദർശനം അനുസ്മരിച്ചു. ഇന്നും, പാപ്പാ, ലാംബെദൂസയിലെ ജനതയ്ക്കൊപ്പം ഉണ്ടെന്നും, അവരെ പിന്തുണയ്ക്കുകയും, പ്രോത്സാഹപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും എടുത്തുപറഞ്ഞു.
തന്റെ ഈ സന്ദർശനം, നീണ്ട പ്രഭാഷണങ്ങൾക്കു വേണ്ടിയല്ല മറിച്ച്, ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ പരമോന്നത അടയാളമായ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനു വേണ്ടിയാണെന്നു പാപ്പാ പറഞ്ഞു. നമുക്കായി അപ്പം മുറിക്കുമ്പോൾ, നമ്മുടെ ദൈനംദിനമുള്ള സഹായങ്ങൾക്കും, പങ്കുവയ്ക്കലിനും അർത്ഥം നൽകുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. വാക്കുകളേക്കാൾ ശരീര ഭാഷയാണ് ഈ ദ്വീപിൽ, കൂടുതൽ സംവദിക്കുന്നതെന്നും, എന്നാൽ, ഇവ മാനുഷികമാകണെമങ്കിൽ, ഹൃദയം കൂടിയേ തീരൂ എന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
