പാപ്പാ സന്ദേശം നൽകുന്നു പാപ്പാ സന്ദേശം നൽകുന്നു   (ANSA)

ഒരു രാജ്യത്തിന്റെ ചൈതന്യം മനുഷ്യജീവിതത്തിന് നൽകുന്ന മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു: പാപ്പാ

അമേരിക്കൻ ഐക്യനാടുകളുടെ 250-ാം പിറവി വാർഷികത്തിന്റെ തലേന്ന്, ഫിലാഡൽഫിയയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലിബർട്ടി മെഡൽ സ്വീകരിച്ചുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ, വീഡിയോ സന്ദേശം നൽകി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപനത്തിന്റെ ഇരുന്നൂറ്റമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഫിലാഡൽഫിയയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലിബർട്ടി മെഡൽ സ്വീകരിച്ചുകൊണ്ട്, ലിയോ പതിനാലാമൻ വീഡിയോ കോളിലൂടെ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായി.

1776 ജൂലൈ 4-ന് ഒപ്പിട്ട സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ സ്മരണകൾ പുതുക്കുന്ന ഈ വേളയിൽ, അമേരിക്കയുടെ സ്ഥാപക പിതാക്കന്മാർ വിഭാവനം ചെയ്ത ഉന്നതമായ ആദർശങ്ങളെ വർത്തമാനകാലത്തിന്റെ വെല്ലുവിളികളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരുന്നു പാപ്പായുടെ  വാക്കുകൾ. ഈ മഹത്തായ രാജ്യത്തിന്റെ പുത്രൻ എന്ന നിലയിൽ, സ്വാതന്ത്ര്യത്തിന്റെയും മെച്ചപ്പെട്ട ലോകത്തിന്റെയും സ്വപ്നങ്ങളുമായി ഈ മണ്ണിൽ ജീവിതം കെട്ടിപ്പടുത്ത ധീരരായ മനുഷ്യരുടെ പിൻഗാമിയായി താൻ ഈ പുരസ്കാരം വിനയപൂർവ്വം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ഭാവിയിൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകണമെന്നും, നീതിയിലും ഐക്യത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ഒരു രാഷ്ട്രമായി ഇത് തുടരണമെന്നും അദ്ദേഹം ആശംസിച്ചു.

സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ വാക്കുകൾക്ക് നൂറ്റാണ്ടുകൾക്ക് ശേഷവും മാറ്റമില്ലാത്ത വീര്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിനിയമത്തെയും, ദൈവത്തെയും സാക്ഷിനിർത്തിക്കൊണ്ട് , എല്ലാ മനുഷ്യരും തുല്യരായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന പ്രഖ്യാപനം വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ല, മറിച്ച് അത് മനുഷ്യന്റെ അസ്തിത്വത്തിന്റെ ആഴത്തിലുള്ള സത്യമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ജ്ഞാനോദയത്തിന്റെ ഭാഷയിലാണ് ഈ തത്വങ്ങൾ ആവിഷ്കരിക്കപ്പെട്ടതെങ്കിലും, അവയുടെ വേരുകൾ മനുഷ്യനെ ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും കാണുന്ന വചനത്തിൽ  അധിഷ്ഠിതമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഏതൊരു ഭരണകൂടവും രൂപീകൃതമാകുന്നതിനും മുൻപേ മനുഷ്യന് ലഭിച്ചിട്ടുള്ള അന്തസ്സിനെ സംരക്ഷിക്കുക എന്നതാണ് രാഷ്ട്രത്തിന്റെ പരമമായ ലക്ഷ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് അമേരിക്ക സ്വാതന്ത്ര്യത്തിന്റെ പര്യായമായി മാറിയത് ഈ ദർശനം മൂലമാണെന്ന് പറഞ്ഞ പാപ്പാ, പലായനം ചെയ്തെത്തിയവർക്കും കുടിയേറ്റക്കാർക്കും തങ്ങളുടെ സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ വാതിലുകൾ തുറന്നുകൊടുത്ത ചരിത്രമാണ് ഈ രാജ്യത്തിന്റേതെന്നും അടിവരയിട്ടു പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ കറുത്ത ദിനങ്ങളിൽ, ലോകമഹായുദ്ധങ്ങളുടെ കാലത്ത്, സ്വന്തം അതിരുകൾക്കപ്പുറത്ത് സ്വാതന്ത്ര്യത്തിന്റെ വിളക്കുമാടമായി നിൽക്കാൻ അമേരിക്ക വലിയ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നതും അദ്ദേഹം അനുസ്മരിച്ചു.

എന്നിരുന്നാലും, നീതിയും സ്വാതന്ത്ര്യവും എല്ലാവർക്കും ലഭ്യമാകുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നത് ലളിതമായ ഒരു പ്രക്രിയയല്ലെന്നും അതൊരു തുടർച്ചയായ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ തലമുറയും പുതിയ വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഈ ദർശനം പുതുക്കേണ്ടതുണ്ട്. ചരിത്രപരമായ ഈ വാർഷികം അമേരിക്കയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കാനുള്ള അവസരമാണ് നൽകുന്നതെന്നും, ഈ രാജ്യം 'സ്വാതന്ത്ര്യത്തിന്റെ നാടും ധീരരുടെ വാസസ്ഥലവും' എന്ന ഖ്യാതി നിലനിർത്തണമെങ്കിൽ അടിസ്ഥാന അവകാശങ്ങളിൽ അടിയുറച്ചു നിൽക്കണമെന്ന്  അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 'ജീവിക്കാനുള്ള അവകാശമാണ്'. ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരാൾക്ക് സ്വാതന്ത്ര്യമോ സന്തോഷമോ ആസ്വദിക്കാൻ കഴിയില്ല. ഒരു രാജ്യം മനുഷ്യജീവന് നൽകുന്ന മൂല്യമാണ് ആ രാജ്യത്തിന്റെ ജീവശക്തിയെ നിർണ്ണയിക്കുന്നതെന്നും, ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സ് അവരുടെ നിലനിൽപ്പിൽ തന്നെ അടങ്ങിയിരിക്കുന്നുവെന്നും, അതിനാൽ  ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ഓരോ ജീവനെയും പവിത്രമായി കാണുന്ന ഒരു സംസ്കാരം നാം വളർത്തിയെടുക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. നിയമങ്ങൾ ഈ പവിത്രതയെ സംരക്ഷിക്കുന്നതാകണമെന്നും, സമൂഹത്തിലെ ഏറ്റവും ദുർബലരായവരുടെ ജീവനെ സംരക്ഷിക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കിയാണ് ഒരു രാഷ്ട്രത്തിന്റെ ധാർമ്മികമായ മഹത്വം അളക്കപ്പെടുന്നതെന്നും പാപ്പാ അടിവരയിട്ടു.

ജീവിക്കാനുള്ള അവകാശത്തിന് ശേഷം  സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും,  സ്വാതന്ത്ര്യം എന്നാൽ ഒരാൾക്ക് തോന്നിയതുപോലെ പ്രവർത്തിക്കാനുള്ള അധികാരമല്ല, മറിച്ച്, സത്യത്തെ അറിയാനും നന്മയെ മുറുകെപ്പിടിക്കാനുമുള്ള കഴിവാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. പലപ്പോഴും വലിയ വില നൽകേണ്ടി വന്നാലും നന്മയുടെ പക്ഷം ചേരുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്നും, ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ചോദിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത് ഈ സ്വാതന്ത്ര്യമാണെന്നും പാപ്പാ പറഞ്ഞു.

സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ രാജ്യത്തിനകത്തും പുറത്തും ഒരുപോലെ തുടരേണ്ടതുണ്ടെന്നും പാപ്പാ എടുത്തു പറഞ്ഞു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും മതങ്ങളിൽ നിന്നും വന്ന മനുഷ്യർ ഒത്തുചേർന്നാണ് ഈ രാജ്യം പടുത്തുയർത്തിയതെന്നും, ആ വൈവിധ്യങ്ങൾക്കിടയിലും, 'അനേകരിൽ നിന്ന് ഒന്ന്' എന്ന ആദർശമാണ് അമേരിക്കയെ ശക്തിപ്പെടുത്തിയതെന്നും പാപ്പാ പറഞ്ഞു.  ഒരു രാഷ്ട്രം അഭിവൃദ്ധിപ്പെടണമെങ്കിൽ അത് യഥാർത്ഥത്തിൽ ഐക്യപ്പെട്ടിരിക്കണമെന്നും, ആ ഐക്യം കേവലം താൽക്കാലികമായ സാമ്പത്തിക ലക്ഷ്യങ്ങൾക്കോ രാഷ്ട്രീയ നേട്ടങ്ങൾക്കോ വേണ്ടിയുള്ളതാകരുത്, മറിച്ച് കാലാതീതമായ ആദർശങ്ങളിൽ അധിഷ്ഠിതമായതാകണമെന്നും പാപ്പാ പറഞ്ഞു.

അമേരിക്കൻ ഐക്യനാടിന്റെ  ഇരുന്നൂറ്റമ്പതാം വാർഷികം കേവലം ഒരു ആഘോഷമല്ല, മറിച്ച് രാജ്യത്തിന്റെ ആദർശങ്ങളോടുള്ള ഒരു പുനർസമർപ്പണമാകണം എന്ന ആഹ്വാനത്തോടെയും, 'ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ' എന്ന പ്രാർത്ഥനയോടെയുമാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

04 ജൂലൈ 2026, 11:44