മനുഷ്യജീവനോടുള്ള ബഹുമാനം വളർത്താൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ദൈവത്തിന്റെ മുഖം പ്രതിഫലിപ്പിക്കുന്ന വിശുദ്ധ ദാനമായ മനുഷ്യരുടെ ജീവനെ ബഹുമാനിക്കാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. പാപ്പായുടെ പേരിലുള്ള “പ്രാർത്ഥനാശൃംഖല” ജൂലൈ രണ്ടാം തീയതി വ്യാഴാഴ്ചയാണ് പദ്യരൂപത്തിലുള്ള ഇത്തരമൊരു സന്ദേശം പ്രസിദ്ധീകരിച്ചത്.
ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചതും പൂർണ്ണതയിൽ ജീവിക്കാൻ വിളിച്ചതുമെന്ന് അനുസ്മരിക്കുന്ന പരിശുദ്ധ പിതാവ്, മനുഷ്യജീവിതത്തിന്റെ ആരംഭം മുതൽ അവസാനം വരെ ദൈവതിരുമുഖം പ്രതിഫലിപ്പിക്കുന്ന ഒരു കൃപയാണ് മനുഷ്യരെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. എല്ലാ അവസ്ഥകളിലും, പ്രത്യേകിച്ച് ദുർബലമായ അവസ്ഥകളിൽ ജീവനെ ആർദ്രതയോടെ താങ്ങിനിറുത്താനും സംരക്ഷിക്കാനും വേണ്ട കൃപയും മനോഭാവവും സ്വന്തമാക്കാൻ സാധിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും ക്ഷണിച്ചു.
ഹൃദയത്തിൽ മനുഷ്യരോട് അവഗണന തോന്നാതിരിക്കാനും എല്ലായ്‌പ്പോഴും ജീവന്റെ മാർഗ്ഗം തിരഞ്ഞെടുക്കാനും വേണ്ട കഴിവ് നൽകണമേയെന്ന് പ്രാർത്ഥിക്കുന്ന പാപ്പാ, തിരുസഭ ജീവനെ മാനിക്കുന്നതും ഏവരെയും സ്വാഗതം ചെയ്യുന്നതുമായ ഒരിടമായിരിക്കട്ടെയെന്നും ആശംസിക്കുന്നുണ്ട്. ക്രിസ്തുവിനെപ്പോലെയും അവന്റെ മാതൃകയിലും ജീവനെ സ്നേഹിക്കാൻ വേണ്ട കഴിവ് നൽകണമേയെന്ന പ്രാർത്ഥനയോടെയാണ് ഈ നിയോഗം അവസാനിക്കുന്നത്.
പരിശുദ്ധ പിതാവ് മുന്നോട്ടുവയ്ക്കുന്ന പ്രാർത്ഥനാനിയോഗത്തിന്റെ മലയാള പരിഭാഷ ഇപ്രകാരമാണ്:
ജൂലൈ: മനുഷ്യജീവിതത്തോടുള്ള ബഹുമാനത്തിനായി
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ.
ജീവന്റെ കർത്താവേ,
സ്നേഹത്താൽ അങ്ങ് ഞങ്ങളെ സൃഷ്ടിക്കുകയും പൂർണ്ണതയിൽ ജീവിക്കാൻ വിളിക്കുകയും ചെയ്തു.
ഓരോ വ്യക്തിയും അവന്റെ അസ്തിത്വത്തിന്റെ ആദ്യ നിമിഷം മുതൽ
ഭൂമിയിലെ അവന്റെ യാത്രയുടെ അവസാന ശ്വാസം വരെ
അങ്ങയുടെ മുഖം പ്രതിഫലിപ്പിക്കുന്ന വിശുദ്ധമായ ഒരു ദാനമാണ്,
ഓരോ മനുഷ്യന്റെയും അതുല്യവും ആവർത്തിക്കാനാവാത്തതുമായ മൂല്യം
തിരിച്ചറിയാനും സംരക്ഷിക്കാനും വേണ്ടിയുള്ള കൃപയ്ക്കായി ഇന്ന് ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു.
യാതൊരു വ്യവസ്ഥകളുമില്ലാതെ ജീവനെ സ്വീകരിക്കാനും,
അതിന്റെ ദുർബലതയെ ആർദ്രതയോടെ താങ്ങിനിർത്താനും,
ജീവിതത്തിന്റെ ഓരോ ഘട്ടത്തെയും ആദരവോടെ അനുഗമിക്കാനും,
ശബ്ദമില്ലാത്തവരെ സധൈര്യം സംരക്ഷിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ.
ഞങ്ങൾ ഉദാസീനതയിലേക്കോ വലിച്ചെറിയൽ സംസ്കാരത്തിലേക്കോ വീഴുമ്പോഴും,
മറ്റൊരാളിൽ സ്നേഹത്തിന് അർഹനായ ഒരു മനുഷ്യനെ കാണുന്നത് അവസാനിപ്പിക്കുമ്പോഴും,
കർത്താവേ, ഞങ്ങളോടു ക്ഷമിക്കണമേ.
എപ്പോഴും ജീവനെ തിരഞ്ഞെടുക്കാൻ കഴിവുള്ള ഒരു പുതിയ ഹൃദയവും,
ജീവനെ സമൂർത്തമായ പ്രവർത്തികളിലൂടെ സംരക്ഷിക്കുന്ന ഉദാരമായ കരങ്ങളും ഞങ്ങൾക്ക് നൽകണമേ.
അങ്ങയുടെ സഭയെ ജീവന്റെ സുവിശേഷത്തിന്റെ സജീവ സാക്ഷ്യവും,
ഓരോ അസ്തിത്വങ്ങളും ആഘോഷിക്കപ്പെടുന്ന തുറന്ന ഒരു ഭവനവും,
താൻ അധികപ്പറ്റാണെന്ന് ആർക്കും തോന്നാത്തതും,
അന്തസ്സ് എപ്പോഴും ബഹുമാനക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഇടവുമാക്കേണമേ.
കർത്താവായ യേശുവേ,
അങ്ങ് ജീവനെ സ്നേഹിക്കുന്നതുപോലെ ഞങ്ങളും ജീവനെ
ആർദ്രതയോടും വിശ്വസ്തതയോടും സ്വയം സമർപ്പണത്തോടും കൂടി
സ്നേഹിക്കാനിടയാക്കേണമേ.
ഓരോ മനുഷ്യജീവനും ഞങ്ങളുടെ സമ്പൂർണ്ണ സ്വയംസമർപ്പണത്തിന് അർഹമാണെന്ന്
വാക്കുകളാലും പ്രവർത്തികളാലും പ്രഖ്യാപിക്കാൻ ഞങ്ങൾക്ക് കഴിയട്ടെ.
ആമേൻ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
