ദൈവമക്കളുടെ സ്വാതന്ത്ര്യത്തിനു ഒരുമിച്ചു സാക്ഷ്യം നൽകാം: വാൽദേസിയൻ സഭയോട് പാപ്പാ
വത്തിക്കാൻ ന്യൂസ്
ഇറ്റലിയിലെ പിയെമോന്തേയിൽ നടക്കുന്ന മെത്തഡിസ്റ്റ്, വാൽദേസിയൻ സഭകളുടെ സിനഡിന്റെ ഉദ്ഘാടന വേളയിൽ, അംഗങ്ങൾക്ക് പ്രാർത്ഥനകളും ആശംസകളും അറിയിച്ചുകൊണ്ടുള്ള പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി കൈമാറി. പിനെറോളോ രൂപതയുടെ മെത്രാൻ ദെരിയോ ഒലിവെറോയ്ക്ക് ആണ് സന്ദേശം അയച്ചത്.
ആധുനിക ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയായ നിർമ്മിത ബുദ്ധിയെക്കുറിച്ച് പാപ്പാ സന്ദേശത്തിൽ പ്രത്യേകം പരാമർശിച്ചു. മനുഷ്യത്വത്തെ മറികടക്കാൻ ഡിജിറ്റൽ വിപ്ലവം ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ, ദൈവത്തിന്റെ സാദൃശ്യത്തിലും രൂപത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് സാക്ഷ്യം വഹിക്കാൻ ക്രൈസ്തവർ ഒത്തൊരുമിച്ച് നിൽക്കണമെന്ന് സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
"മഞ്ഞീഫിക്ക ഉമാനിത്താസ്" (Magnifica humanitas) എന്ന ചാക്രികലേഖനത്തിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, സന്ദേശത്തിൽ "ഹൃദയത്തിന്റെ നന്മ കുറയാതെ തന്നെ സാങ്കേതികവിദ്യയെ വളർത്തേണ്ടത്" അനിവാര്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സിനഡ് അംഗങ്ങൾക്ക് പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ദൈവാനുഗ്രഹവും ഉണ്ടാകട്ടെയെന്നും സന്ദേശത്തിൽ പാപ്പാ ആശംസിച്ചു.
ഓഗസ്റ്റ് 22 മുതൽ 26 വരെയാണ് മെത്തഡിസ്റ്റ്, വാൽദേസിയൻ സഭകളുടെ സിനഡ് നടക്കുന്നത്. സഭയുടെ ഭാവി പ്രവർത്തനങ്ങളും നിലപാടുകളും തീരുമാനിക്കുന്ന ഈ സമ്മേളനത്തിൽ സമാധാനം, സാമൂഹിക നീതി, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, ദുർബലവിഭാഗങ്ങളുടെ ക്ഷേമം തുടങ്ങി ആധുനിക ലോകം നേരിടുന്ന വിവിധ വെല്ലുവിളികൾ ചർച്ചയാകും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
