ആരാധനക്രമത്തിൽനിന്നു ക്രിസ്തീയവിശ്വാസികൾ സമൃദ്ധമായ ഫലങ്ങൾ പകർന്നെടുക്കണം: പാപ്പാ

ഓഗസ്റ്റ് 26 ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ. ആരാധനാക്രമവുമായി ബന്ധപ്പെട്ട "സാക്രോസാന്ക്തും കൊൺചീലിയും" എന്ന പ്രമാണരേഖയെ അധികരിച്ച് സഭയിൽ ആവശ്യമായ ആരാധന ക്രമ പരിഷ്കരണത്തിന്റെ സാംഗത്യവും, പ്രാധാന്യവുമാണ് പാപ്പാ വിശദീകരിച്ചത്.
പാപ്പായുടെ പ്രബോധനം- മലയാള പരിഭാഷ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"സാക്രോസാന്ക്തും കൊൺചീലിയും" എന്ന പ്രമാണരേഖയെ അധികരിച്ചുള്ള  പഠന-ഉദ്ബോധന പരമ്പരയിലെ അവസാന ഭാഗത്ത്, ആരാധനാക്രമത്തിന്റെ പരിഷ്കരണം പ്രോത്സാഹിപ്പിക്കാൻ കൗൺസിൽ പിതാക്കന്മാർ ആഗ്രഹിച്ചതിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കുവാൻ ഇന്ന്  ഞാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ, 1962 ഒക്ടോബർ 28 ന് അന്നത്തെ മിലാനിലെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോവാന്നി  ബത്തിസ്ത മൊന്തീനി  സ്വന്തം പ്രാദേശിക സഭയിലെ വിശ്വാസികൾക്ക് അയച്ച കൗൺസിലിൽ നിന്നുള്ള മൂന്നാമത്തെ കത്ത് ഏറെ വെളിച്ചം വീശുന്നതാണ്. ആരാധനാക്രമം, അദ്ദേഹം എഴുതി, "ദൈവികതയുടെയും, മാനവികതയുടെയും  ആത്മാർത്ഥമായ ആവിഷ്കാരമാണ്. അതൊരു ഭാഷയാണ്. ഒരു ഭാഗത്ത് അത് ദൈവീക ഉദ്ബോധനത്തിന്റെ വിനിമയ മാർഗമാണ്, അത് ദൈവവുമായുള്ള സംഭാഷണത്തിന്റെ നാദമാണ്. അതിന്റെ ഉപദേശപരമായ ധർമ്മം ഉപേക്ഷിക്കാൻ അതിന് കഴിയില്ലെന്ന് വ്യക്തമാണ്, വിശ്വാസത്തിനും ഭക്തിക്കും സ്വതസിദ്ധമായ ബുദ്ധിയോടെ സ്വയം പ്രകടിപ്പിക്കാനുള്ള സാധ്യത നൽകാതിരിക്കാനും അതിന് കഴിയില്ല. ഈ ബോധ്യങ്ങളാൽ പ്രചോദനം ഉൾക്കൊണ്ട്, ഭാവിയിലെ വിശുദ്ധ പോൾ ആറാമൻ പാപ്പാ, വിശ്വാസികൾക്ക് "ഇനി നിശബ്ദരും നിഷ്ക്രിയരും ആയിരിക്കാൻ കഴിയില്ല, അങ്ങനെ ചെയ്യരുത്. അവരുടെ ഭൗതിക സാന്നിധ്യത്തെ അവരുടെ ആത്മീയ അഭാവവുമായി പൊരുത്തപ്പെടുത്താൻ കഴിയില്ല" എന്ന് ഉറപ്പിച്ചു പറഞ്ഞു. ഈ പ്രഖ്യാപനങ്ങളും കൗൺസിൽ പ്രമാണരേഖയുടെ   48-ാം ഖണ്ഡികയിൽ ഉള്ള  പ്രഖ്യാപനങ്ങളും തമ്മിലുള്ള സാമ്യം വ്യക്തമാണ്:

"വിശ്വാസത്തിന്റെ ഈ രഹസ്യത്തിൽ, വിശ്വാസികൾ ഭാഗഭാക്കുകളാകുമ്പോൾ, അപരിചിതരെപോലെയോ, നിശബ്ദരായ പ്രേക്ഷകരെ പോലെയോ ആകരുത് എന്നതാണ് തിരുസഭ മാതാവിന്റെ അഭിലാഷം. മറിച്ച് തിരുക്കർമ്മങ്ങളുടെയും, പ്രാർത്ഥനകളുടെയും അർത്ഥം ഗ്രഹിച്ച് തങ്ങൾ ചെയ്യുന്നത് എന്താണെന്നുള്ള ബോധത്തോടും, ഭക്തിയോടും, സഹകരണത്തോടും കൂടി വേണം അവർ ഇതിൽ പങ്കുചേരുവാൻ. അവർ ദൈവവചനത്താൽ പ്രബോധിതരും, വിശുദ്ധ കുർബാന വഴി നവോന്മേഷവാന്മാരും ആകണം. ദൈവത്തിനു കൃതജ്ഞതാസ്തോത്രം ചെയ്യുകയും വേണം.   പുരോഹിതൻ വഴിയെന്ന് മാത്രമല്ല, അദ്ദേഹത്തോട് കൂടിയും, വിശുദ്ധ ബലിവസ്തു അർപ്പിക്കുന്നതോടൊപ്പം, സ്വയം സമർപ്പിക്കുവാനും അവർ പഠിച്ചിരിക്കേണ്ടതാണ്. നമ്മുടെ മധ്യസ്ഥനായ ക്രിസ്തു വഴി അനുദിനം ദൈവത്തോടും, അവർ തമ്മിൽ തമ്മിലും ഉത്തരോത്തരം ഐക്യം പ്രാപിക്കുകയും, അങ്ങനെ ദൈവം എല്ലാറ്റിലും എല്ലാം ആകുകയും വേണം."

ഈ വാക്കുകളിൽ ആരാധനക്രമത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ഒരു നവമായ  അവബോധം നാം കാണുന്നു. രക്ഷാകരപ്രവർത്തനത്തിന്റെ അനുസ്മരണമൂട്ടിയുറപ്പിച്ചുകൊണ്ട്, സഭയുടെ ആചാരക്രമങ്ങളിലൂടെ, ദൈവവുമായി ഒരു യഥാർത്ഥ ബന്ധം അനുഭവിക്കാനുള്ള സാധ്യത നൽകപ്പെടുന്നു,  അപ്രകാരം രക്ഷാകരമായ സംഭവവുമായി നേരിട്ട് സമ്പർക്കം പുലർത്തുവാൻ സാധിക്കുന്നു. ഈ അനുഭവത്തിന്റെ സാക്ഷാത്കാരത്തിൽ വിശുദ്ധ ആരാധനക്രമത്തിലെ അടയാളങ്ങളും, വാക്കുകളും നിർണായകമായതിനാൽ, വിശ്വാസികളുടെ പങ്കാളിത്തം നിഷ്ക്രിയമായിരിക്കാൻ കഴിയില്ല.

സഭാ അനുഭവത്തിന്റെ ഹൃദയത്തെ ഉരുവാക്കുന്നതും, "ദൈവത്തിൻ്റെ ജീവൻ നമ്മോട് ആശയവിനിമയം നടത്തുന്ന ദൈവീക കൈമാറ്റത്തിൻ്റെ പ്രാഥമിക ഉറവിടമായും" ആരാധനക്രമത്തെ പ്രകാശിപ്പിക്കാൻ, ഈ കൗൺസിൽ പരിഷ്കരണം ആഗ്രഹിച്ചു.ഈ ബോധ്യത്തിൽ  നിന്നാണ് ബൈബിൾ ഗ്രന്ഥങ്ങളുടെയും, പ്രാർത്ഥനകളുടെയും സമ്പന്നത എല്ലാ വിശ്വാസികൾക്കും കൂടുതൽ ലഭ്യമാക്കേണ്ടതിന്റെയും, അക്കാലത്ത് പ്രാബല്യത്തിൽ ഉണ്ടായിരുന്ന ആരാധനാക്രമ ഗ്രന്ഥങ്ങളിൽ വ്യവസ്ഥ ചെയ്തിരുന്നതിനേക്കാൾ, ആഘോഷ ക്രമം ലളിതമാക്കേണ്ടതിന്റെയും ആവശ്യകത ഉടലെടുത്തത്.

വാസ്തവത്തിൽ, ഒരു ജീവിക്കുന്ന യാഥാർത്ഥ്യമായതിനാൽ, ആരാധനക്രമം നൂറ്റാണ്ടുകളായി എല്ലായ്‌പ്പോഴും വികാസങ്ങൾക്കും മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച്  സഭാപഠനങ്ങൾ വിവിധ അനുരൂപങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അപ്പോൾ, പാരമ്പര്യത്തിന്റെ പൈതൃകത്തോടുള്ള അങ്ങേയറ്റം ആദരവോടെയും, അത് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും, രണ്ടാം വത്തിക്കാൻ കൗൺസിൽ ആരാധനാക്രമ ഗ്രന്ഥങ്ങളുടെ  പരിഷ്കരണം ആവശ്യമാണെന്ന് കരുതിയതിൽ അതിശയിക്കാനില്ല.

"സാക്രോസാന്ക്തും കൊൺചീലിയും" എന്ന പ്രമാണരേഖയുടെ 21-ാം ഖണ്ഡികയിൽ  കൗൺസിൽ പിതാക്കന്മാരുടെ ഹൃദയത്തിലുണ്ടായിരുന്ന ലക്ഷ്യം വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു: "വിശുദ്ധ  ആരാധനക്രമത്തിൽനിന്നു ക്രിസ്തീയവിശ്വാസികൾ സമൃദ്ധമായ ഫലങ്ങൾ കൂടുതൽ സുരക്ഷിതമായി പകർന്നെടുക്കാൻ ഇടവരട്ടെ. ഇതു സാധ്യമാകാനാണു തിരുസ്സഭാമാതാവും വലിയ സൂക്ഷത്തോടെ ആരാധനക്രമത്തിൽ ഒരു പൊതുപരിഷ്കരണം നടത്താനാഗ്രഹിക്കുന്നത്. കാരണം ആരാധനക്രമത്തിൽ പരിവർത്തനാതീതമായ ദൈവസ്ഥാപിതഘടകങ്ങളുണ്ട്; പരിവർത്തനവിധേയമായ ഘടകങ്ങളുമുണ്ട്. പരിവർത്തനവിധേയമായവയിൽ ആരാധനക്രമത്തിന്റെ ആന്തരികഭാവത്തോടു പൊരുത്തപ്പെടാത്തതോ, യോജിക്കാത്തതോ ആയി എന്തെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താവുന്നതും വരുത്തേണ്ടതുമാണ്.

ഈ പുനരുദ്ധാരണത്തിൽ പ്രാർത്ഥനാഗ്രന്ഥങ്ങളും കർമ്മവിധികളും അവ സൂചിപ്പിക്കുന്ന വിശുദ്ധരഹസ്യങ്ങളെ കൂടുതൽ വ്യക്തമായി പ്രകാശിപ്പിക്കത്തക്കവണ്ണം ക്രമീകരിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ക്രൈസ്തവവിശ്വാസികൾ, സാധിക്കുന്നിടത്തോളം അവ എളുപ്പത്തിൽ ഗ്രഹിക്കാനും ഒരു സമൂഹത്തിനു ചേർന്ന വിധം പൂർണ്ണമായും സജീവമായും അവയിൽ ഭാഗഭാക്കുകളാകാനും ഇടവരണം."

ആരാധനക്രമത്തിലെ ദൈവീകവും, മാറ്റമില്ലാത്തതുമായ ഘടകങ്ങളും മനുഷ്യ ഘടകങ്ങളും തമ്മിലുള്ള വ്യത്യാസം, പന്ത്രണ്ടാം പീയൂസ് പാപ്പായുടെ ചാക്രികലേഖനമായ 'മേദിയാതോർ ദേയി' (Mediator Dei) യിൽ എടുത്തു പറഞ്ഞിരിക്കുന്നു. "കാലത്തിന്റെയും വസ്തുക്കളുടെയും ആത്മാക്കളുടെയും ആവശ്യങ്ങൾക്കനുസരിച്ച് പരിശുദ്ധാത്മാവിന്റെ സഹായത്തോടെ അധികാരശ്രേണിയുടെ  അംഗീകാരത്തോടെ  വിവിധ പരിഷ്കാരങ്ങൾക്ക് വിധേയമാകാൻ കഴിയും" (Acta Apostolicae Sedis 39, 1947, 541-542)

മാത്രമല്ല, ഒരു "പൊതു പരിഷ്കരണ"ത്തിനായുള്ള ആഗ്രഹം പെട്ടെന്ന് ഉയർന്നുവന്നതല്ല, മറിച്ച് 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തുടർച്ചയായി വന്ന പാപ്പാമാരുടെ പ്രവർത്തനങ്ങളിൽ, ആരാധനക്രമ പ്രസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി അത് പ്രകടമായിരുന്നു. വിശ്വാസികൾ ആഘോഷങ്ങളിൽ "അപരിചിതരായോ നിശബ്ദ കാഴ്ചക്കാരായോ" പങ്കെടുക്കരുതെന്ന് പതിനൊന്നാം പീയൂസ് പാപ്പായുടെ അപ്പസ്തോലിക പ്രമാണരേഖ  ദിവിനി  കുൾത്തൂസിൽ (Divini Cultus) ഇതിനകം തന്നെ പരാമർശിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, വിശുദ്ധ വാരത്തിലെ ആചാരങ്ങളുടെ ക്രമീകരണത്തിൽ പന്ത്രണ്ടാം പീയൂസ് പാപ്പാ  നടത്തിയ ഇടപെടലുകൾ നമുക്ക് ഓർമ്മിക്കാം, നൂറ്റാണ്ടുകളായി പ്രഭാത സമയങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന കർമ്മങ്ങൾ, ഈസ്റ്റർ സംഭവങ്ങളുമായി ബന്ധപ്പെട്ട മണിക്കൂറുകളിലേക്ക്  അദ്ദേഹം മാറ്റി.

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായും, യാമപ്രാർത്ഥനയുടെയും, തക്സയുടെയും  നിർദ്ദിഷ്ടക്രമങ്ങളിൽ  ലളിതവൽക്കരണം ആവശ്യമാണെന്ന് കരുതി, 1960 ജൂലൈ 25-ലെ മോത്തു  പ്രോപ്രിയോ റൂബ്രിക്കാരും ഇൻസ്ത്രൂക്തും (Rubricarum instructum) ഉപയോഗിച്ച് അത് അംഗീകരിച്ചു, അതിൽ ആരാധനക്രമ പരിഷ്കരണത്തിനുള്ള അടിസ്ഥാന തത്വങ്ങളുടെ നിർദ്ദേശം അദ്ദേഹം തുടർന്ന് നടക്കുവാൻ പ്രഖ്യാപിച്ചിരുന്ന എക്യുമെനിക്കൽ കൗൺസിലിന് അയക്കുകയും ചെയ്തു.

അതുകൊണ്ട് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രോത്സാഹിപ്പിച്ച ആരാധനാക്രമ പരിഷ്കരണം സഭയുടെ ജീവിക്കുന്ന പാരമ്പര്യത്തെ പിന്തുടരുന്നു. പരിഷ്കരണത്തിന്റെ അടിസ്ഥാനമായിരുന്ന ചില തത്വങ്ങളെ അതിരുകടന്ന് പരമപ്രധാനമാക്കുകയോ തെറ്റായി മനസ്സിലാക്കുകയോ ചെയ്തതിനാൽ, സഭയുടെ ചില മേഖലകളിൽ ഉണ്ടായിട്ടുള്ളതും, ദുഃഖകരമായി ഇന്നും ചിലപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ദുരുപയോഗങ്ങളെ നിരസിക്കാനും ഇത് നമ്മെ സഹായിക്കുന്നു.

ഈ കാര്യത്തിൽ, കൗൺസിൽ പ്രമാണരേഖയിൽ പറയുന്നത്, "ആരാധനാക്രമത്തിലെ പ്രവർത്തനങ്ങൾ സ്വകാര്യമായ പ്രവർത്തനങ്ങളല്ല; മറിച്ച് ‘ഐക്യത്തിന്റെ കൂദാശ’യായ സഭയുടെ ആഘോഷങ്ങളാണ്. അതായത്, മെത്രാന്മാരുടെ നേതൃത്വത്തിൽ ഒന്നിച്ചുകൂടി ക്രമീകരിക്കപ്പെട്ട വിശുദ്ധ ജനസമൂഹമാണ് സഭ. അതിനാൽ, ഇത്തരം പ്രവർത്തനങ്ങൾ സഭയുടെ സമഗ്ര ശരീരത്തിന്റേതാണ്; അവ ആ സമഗ്ര ശരീരത്തെ പ്രകടമാക്കുകയും അതിൽ എല്ലാവരെയും പങ്കാളികളാക്കുകയും ചെയ്യുന്നു” (സാക്രോസാന്ക്തും കൊൺചീലിയും, 26)

അതിനാൽ, ആരാധനാക്രമ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ശ്രേഷ്ഠമായ ലാളിത്യത്തോടെ പ്രകാശിക്കുന്നതും, അതുവഴി ഏകവും, വിശുദ്ധവും, കത്തോലിക്കവും, അപ്പസ്തോലികവുമായ സഭയെ വെളിപ്പെടുത്തുന്നതുമായ ഒരു ആരാധനക്രമത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് അജപാലകരുടെയും, മെത്രാന്മാരുടെയും, ഓരോ വ്യക്തിഗത പുരോഹിതന്റെയും പ്രാഥമിക ഉത്തരവാദിത്തമാണ്.(34) അത്തരമൊരു ആരാധനക്രമം സുവിശേഷവൽക്കരണത്തിന്റെ ഒരു അടിസ്ഥാന വിനിമയ മാർഗം  കൂടിയായിരിക്കും, കൗൺസിൽ പഠിപ്പിക്കുന്നതുപോലെ, നമുക്ക് സ്വയം സമർപ്പിക്കാൻ പഠിക്കാനും ക്രിസ്തുവിന്റെ മധ്യസ്ഥതയിലൂടെ ദൈവവുമായും പരസ്പരം ഐക്യത്തിലും നാം പൂർണത പ്രാപിക്കാനും കഴിയുന്ന കൃപയുടെ മാർഗമാണിത്. (48)

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

26 ഓഗസ്റ്റ് 2026, 10:27