പപ്പാ കൂടിക്കാഴ്ചാവേളയിൽ പപ്പാ കൂടിക്കാഴ്ചാവേളയിൽ   (ANSA)

മയക്കുമരുന്ന് ആസക്തികൾ മനുഷ്യത്വരഹിതമായ ലോകത്തിന്റെ പരാജയം എടുത്തു കാട്ടുന്നു: പാപ്പാ

ഓഗസ്റ്റ് 25 മുതൽ 27 വരെ, വത്തിക്കാനിൽ വച്ച്, മയക്കുമരുന്ന് ദുരുപയോഗത്തിന്റെയും, കുറ്റവാളി സംഘടനകൾ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെയും ഭവിഷ്യത്തുകൾ ചർച്ച ചെയ്യുന്നതിനായി, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിദഗ്ദർ ഒരുമിച്ചു കൂടുന്നു. തദവസരത്തിൽ, ഇരുപത്തിയേഴാം തീയതി, അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ, കൂടിക്കാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്

മയക്കുമരുന്ന് ദുരുപയോഗത്തിന്റെയും, കുറ്റവാളി  സംഘടനകൾ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെയും വെല്ലുവിളികൾക്കെതിരെ ഐക്യദാർഢ്യവും ആഗോള പ്രതികരണങ്ങളും കെട്ടിപ്പടുക്കുന്നതിനുള്ള സഭയുടെയും, പ്രാദേശിക  സഭാസമൂഹങ്ങളുടെയും പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനായി,  ഓഗസ്റ്റ് 25 മുതൽ 27 വരെ, വത്തിക്കാനിൽ വച്ച്,  ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിദഗ്ദർ അടങ്ങുന്ന ആളുകളുടെ ഒരു സമ്മേളനം നടക്കുന്നു,. സമ്മേളനത്തിന്റെ അവസാന ദിനമായ ഇരുപത്തിയേഴാം തീയതി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, അംഗങ്ങളെ സ്വകാര്യ കൂടിക്കാഴ്ചയിൽ സ്വീകരിച്ചുകൊണ്ട് അവർക്ക് സന്ദേശം നൽകി.

ഈ സമ്മേളനം സംഘടിപ്പിക്കുവാൻ സഹകരിച്ച ഏവർക്കും പ്രത്യേകം  നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ , ഇത്തരം മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ആസക്തികളിൽ നിന്നും, ആളുകളെ രക്ഷിക്കുവാൻ വേണ്ടി നടത്തുന്ന സേവനങ്ങളെ അഭിനന്ദിച്ച  പാപ്പാ, ഇത് ചെലുത്തുന്ന വേദനകൾക്കും, എന്നാൽ  പ്രത്യാശയ്ക്കും അതിരുകളില്ലെന്നു ഓർമ്മിപ്പിച്ചു.

മനുഷ്യത്വരഹിതമായ ലോകത്തിന്റെ പരാജയം ഉയർത്തിക്കാട്ടുന്ന സങ്കീർണ്ണമായ ഒരു പ്രതിഭാസമാണ് ആസക്തികൾ എന്ന് പറഞ്ഞ പാപ്പാ, മയക്കുമരുന്നു പ്രശ്നത്തെക്കുറിച്ചും നമ്മുടെ ചെറുപ്പക്കാരിൽ അവ  ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട്  ചർച്ച ചെയ്യുക എന്നതാണ് ഏവരെയും ഒരുമിച്ചുകൂട്ടിയ പ്രമേയമെന്നും ചൂണ്ടിക്കാട്ടി.

ഇത്തരം ആസക്തികളിൽ നിന്നും ആളുകളെ രക്ഷിക്കുന്നതിനായി ആവശ്യമായ നാല് പാലങ്ങളെക്കുറിച്ചും പാപ്പാ ചൂണ്ടിക്കാട്ടി. ആദ്യത്തെ പാലം സഭയും അന്താരാഷ്ട്ര സംഘടനകളും തമ്മിലാണ്. ഇതിനായി സഭയുടെ വിവിധ സംഘടനകളും, അന്താരാഷ്ട്ര മേഖലയിലുള്ള വിവിധ സംഘടനകളും തമ്മിലുള്ള സഹകരണം ഏറെ പ്രധാനപ്പെട്ടതാണെന്നു, വിവിധ സംഘടനകളെ പേരെടുത്തു പരാർശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. രണ്ടാമത്തെ പാലം ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള പാലമാണ്.

ന്യൂറോ സയൻസസ്, സൈക്യാട്രി, പൊതുജനാരോഗ്യം എന്നിവയുമായുള്ള മത്സരമല്ല, മറിച്ച്, സുവിശേഷത്തിൽ അടിസ്ഥാനമാക്കി, മനുഷ്യ വ്യക്തിയെക്കുറിച്ചുള്ള അവിഭാജ്യമായ ധാരണ വളർത്തിയെടുക്കുക എന്നതാണ് സഭയുടെ കടമയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മൂന്നാമത്തെ പാലം വിവിധ ഭൂഖണ്ഡങ്ങളിലെ തീർത്ഥാടകയായ സഭയ്ക്കുള്ളിലാണ്. നാലാമത്തെ പാലം എക്യൂമെനിക്കൽ ബന്ധങ്ങളാണ്. കത്തോലിക്കാ സഭയും മറ്റ് സഭാ സമൂഹങ്ങളും, സ്നേഹത്തിന്റെ പ്രായോഗികതയിൽ ചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നു പാപ്പാ പറഞ്ഞു.

ഒരു നല്ല കുടുംബത്തേക്കാൾ മികച്ച മയക്കുമരുന്നിനെതിരായ പ്രതിരോധമില്ല എന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ, ജീവിതങ്ങളെ വളർത്തുകയും, പരിപാലിക്കുകയും, അവയ്ക്കായി പദ്ധതികൾ ഒരുക്കുകയും ചെയ്യേണ്ട ഇടവും അത് തന്നെയെന്നും ഓർമ്മപ്പെടുത്തി. പാർശ്വവൽക്കരിക്കപ്പെട്ട എല്ലാവരുടെയും കുടുംബമായി സഭ മാറട്ടെയെന്നും, വീണുപോയ മനുഷ്യന്റെ അയൽക്കാരനായി മാറുവാൻ ഏവർക്കും സാധിക്കട്ടെയെന്ന ആശംസയും പാപ്പാ നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

27 ഓഗസ്റ്റ് 2026, 14:44