മെത്രാന്മാർക്കൊപ്പം പാപ്പാ മെത്രാന്മാർക്കൊപ്പം പാപ്പാ   (@VATICAN MEDIA)

സമാധാനത്തിനായുള്ള ഐക്യവും സാഹോദര്യവും അനിവാര്യം: പാപ്പാ

വത്തിക്കാനിൽ എത്തിച്ചേർന്ന നോർവീജിയൻ ലൂഥറൻ മെത്രാന്മാരുടെ സംഘത്തെ ലിയോ പതിനാലാമൻ പാപ്പാ സ്വീകരിച്ചു. അനുരഞ്ജനത്തിന്റെയും സാഹോദര്യത്തിന്റെയും മൂർത്തമായ പാതകൾ തേടാൻ യോജിച്ച പരിശ്രമം ആവശ്യമാണെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്

 നോർവേയിൽ നിന്നും റോമിൽ തീർത്ഥാടനത്തിനായി  എത്തിച്ചേർന്ന,  ലൂഥറൻ മെത്രാന്മാരുടെ സംഘത്തെ, ലിയോ പതിനാലാമൻ പാപ്പാ, ഓഗസ്റ്റ് മാസം ഇരുപത്തിയാറാം തീയതി വത്തിക്കാനിൽ സ്വീകരിച്ചു. ആധുനിക ക്രിസ്ത്യാനികൾക്ക് പ്രചോദനം നൽകുന്ന, ആദ്യകാല ക്രിസ്ത്യാനികളുമായും രക്തസാക്ഷികളുമായും ബന്ധപ്പെട്ട വിവിധ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ പാപ്പാ ഏവരെയും ക്ഷണിച്ചു. ദൈവത്തിന്റെ മഹത്വത്തിനും സഹോദരങ്ങളുടെ നന്മയ്ക്കുമായി സ്വന്തം ജീവിതം സമർപ്പിക്കാൻ രക്തസാക്ഷികളുടെ വിശ്വാസസാക്ഷ്യം നമ്മെ പ്രേരിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ലോകം ഇന്ന് കടന്നുപോകുന്ന കലുഷിതമായ സാഹചര്യങ്ങളെക്കുറിച്ചും വർദ്ധിച്ചുവരുന്ന ശത്രുതയെക്കുറിച്ചും പാപ്പാ  ആശങ്ക പ്രകടിപ്പിച്ചു. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ മാത്രമല്ല, രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ ചർച്ചകളിൽ പോലും കയ്പ്പും വിദ്വേഷവും നിറയുന്ന അവസ്ഥയാണുള്ളതെന്നും, മനുഷ്യസഹജമായ വീഴ്ചകൾ മൂലം വിയോജിപ്പുള്ളവരോട് ശത്രുത കാണിക്കുന്നത് എളുപ്പമാണ്, എന്നാൽ സ്നേഹവും കാരുണ്യവും കൊണ്ട് ലോകത്തെ നിരായുധമാക്കാൻ കഴിയുമെന്ന് യേശു കാണിച്ചുതരുന്നുവെന്നും, അതിനാൽ, അനുരഞ്ജനത്തിന്റെയും സാഹോദര്യത്തിന്റെയും മൂർത്തമായ പാതകൾ തേടാൻ യോജിച്ച പരിശ്രമം ആവശ്യമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.

ശിഷ്യരുടെ ഐക്യത്തിനായി ക്രിസ്തു നടത്തിയ പ്രാർത്ഥന അനുസ്മരിച്ചുകൊണ്ട്, സമാധാനവും നീതിയും പ്രോത്സാഹിപ്പിക്കുന്നതിനായി ക്രൈസ്തവർ ഒരുമിച്ച് നിൽക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. ഒരേ ജ്ഞാനസ്നാനവും ദൗത്യവും പങ്കിടുന്നവരാണെന്ന ബോധ്യത്തിൽ സമാധാനവും നീതിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സേവനത്തിൽ ഐക്യത്തോടെ പ്രവർത്തിക്കാൻ പാപ്പാ ഏവരെയും ക്ഷണിച്ചു. അപരന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വിശുദ്ധ ഒലാവ്, വിശുദ്ധ സുന്നിവ എന്നിവരുടെ ജീവിതം സ്നേഹത്തിന്റെ പരിവർത്തന ശക്തിക്ക് തെളിവാണെന്നും, അവരെപ്പോലെ യേശുക്രിസ്തുവിന് സാക്ഷ്യം നൽകാൻ ദൈവാനുഗ്രഹം നമ്മെ സഹായിക്കട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

26 ഓഗസ്റ്റ് 2026, 14:03