വത്തിക്കാൻ കായിക ലോകം-ATLETICA VATICANA വത്തിക്കാൻ കായിക ലോകം-ATLETICA VATICANA  

കായിക ലോകത്തിന് പ്രോത്സാഹനം നൽകി വത്തിക്കാൻ

സമ്മേളനം മെയ് ഇരുപത്തിനാലാം തീയതി വൈകുന്നേരം നാലുമണിക്ക് വത്തിക്കാൻ മ്യൂസിയത്തിൽ.

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കായികലോകത്തിലെ പ്രതിഭകളെ  പ്രോത്സാഹിപ്പിക്കുന്നതിനും, കായികത്തിന് ജീവിതത്തിലുള്ള പ്രാധാന്യം എടുത്തു കാണിക്കുന്നതിനും  മെയ് മാസം ഇരുപത്തിനാലാം തീയതി വൈകുന്നേരം നാലുമണിക്ക്  വത്തിക്കാൻ മ്യുസിയത്തിൽ വച്ച് സമ്മേളനം സംഘടിപ്പിക്കുന്നു.   വത്തിക്കാന്റെ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഡികാസ്റ്ററിയുടെ നേതൃത്വത്തിലുള്ള  കായികവിഭാഗവും, മാധ്യമവിഭാഗ ഡിക്കസ്റ്ററിയും സംയുക്തമായിട്ടാണ് ഈ അസാധാരണ നിമിഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.

 കായികം നിങ്ങളെ കൂടുതൽ കുലീനനാക്കുമ്പോൾ എന്നതാണ് സമ്മേളനത്തിന്റെ ആദർശവാക്യം. കായികരംഗത്തെ ജീവിതഗന്ധിയായ ഒന്നാക്കി മാറ്റുന്നതിനും, കായികപ്രതിഭകളെ പിന്തുണയ്ക്കുന്നതിനുമായി ഫ്രാൻസിസ് പാപ്പാ നടത്തുന്ന പരാമർശങ്ങൾക്ക് കൂടുതൽ ഉണർവേകുന്നതാണ് ഈ സമ്മേളനം. തദവസരത്തിൽ കായികലോകത്ത് തങ്ങളുടെ പ്രതിഭ തെളിയിച്ചവർ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയും, മറ്റുള്ളവരുമായി സംവദിക്കുകയും ചെയ്യും.

 വത്തിക്കാൻ മ്യുസിയത്തിന്റെ ഡയറക്ടർ ബാർബറ ജാത, ഇറ്റാലിയൻ ബധിര-മൂകവിഭാഗ വോളിബോൾ താരങ്ങളും,പാരാ ഒളിമ്പിക്ക് ജേതാക്കളുമായ    സിൽവിയ ബന്നാർഡോയും,ക്ലൗധിയാ ജെന്നറോയുമായും വനിതകളുടെ കാഴ്ചപ്പാടിൽ പാരാ -ഒളിമ്പിക്സിനുള്ള പ്രാധാന്യത്തെ പറ്റി  സംഭാഷണം നടത്തും.

 ഡികസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ ഹോസെ  ടോലെന്റിനോ ഡി മെൻഡോൻസ, ഓസ്‌ട്രേലിയയുടെ  അംബാസഡർ ക്യാര പൊറോ, ഒളിമ്പിക് താരം ഫിലിപ്പോ തോർത്തു, സി. വെറോണിക്ക ഡൊണാതെല്ല എന്നിവരും സമ്മേളനത്തിൽ സംസാരിക്കും.സംസ്കാരവും സാമൂഹിക വളർച്ചയ്ക്കുള്ള അവസരങ്ങളും സമൂഹത്തിൽ വളർത്തിയെടുക്കുന്നതിൽ കായികത്തിനുള്ള പ്രാധാന്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പായാണ് 2022 ലെ  ഒരു അഭിമുഖ സംഭാഷണത്തിൽ 'കായികം നിങ്ങളെ കുലീനനാക്കുമ്പോൾ' എന്ന ആശയം ആദ്യമായി മുൻപോട്ട് വച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2023, 14:37