വത്തിക്കാൻ ചത്വരം. വത്തിക്കാൻ ചത്വരം.  

വത്തിക്കാനിൽ പുതിയ തപാൽ ഓഫിസ് തുറക്കുന്നു

2025 മഹാജൂബിലിയോട് അനുബന്ധിച്ച് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പുതിയ ഒരു തപാൽ ഓഫീസ്, ഡിസംബർ മാസം പത്തൊൻപതാം തീയതി ഉദ്‌ഘാടനം ചെയ്യപ്പെടുന്നു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വത്തിക്കാൻ പ്രാദേശിക ഭരണ സിരാകേന്ദ്രത്തിന്റെയും, ഇറ്റാലിയൻ തപാൽ വിഭാഗത്തിന്റെയും സംയുക്തസേവനത്തിൽ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ജൂബിലിക്കായി എത്തുന്ന ആളുകൾക്കായി, പുതിയ ഒരു തപാൽ ഓഫിസ് തുറക്കുന്നു. ഡിസംബർ മാസം പത്തൊൻപതാം തീയതി ഇറ്റാലിയൻ സമയം രാവിലെ പത്തുമണിക്കാണ് ഉദ്‌ഘാടനം. വത്തിക്കാൻ രാജ്യത്തിന്റെ ഗവർണറേറ്റ് പ്രസിഡന്റ് കർദിനാൾ ഫെർണാണ്ടോ വെർഗാസ് അൽസാഗയും,  ഇറ്റാലിയൻ തപാൽ വിഭാഗത്തിന്റെ മേധാവി ഡോ. ജൂസെപ്പെ ലാസ്‌കോയും ചേർന്നാണ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നത്.

ഇറ്റാലിയൻ തപാൽ വിഭാഗമാണ് ഈ പുതിയ ഓഫീസ് സംഭാവനായി നൽകിയത്. ജൂബിലി ആഘോഷങ്ങൾക്കായി വത്തിക്കാനിൽ എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കും, മറ്റു വിനോദസഞ്ചാരികൾക്കും, തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വത്തിക്കാനിൽ നിന്നുള്ള ആശംസകൾ അയക്കുന്നതിനു, ഈ തപാൽ സേവനം ഏറെ സഹായകരമാകും. വത്തിക്കാൻ ചത്വരത്തിന്റെ ഇടതുഭാഗത്തായിട്ടാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

അംഗവൈകല്യമുള്ളവർക്കും, ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനു, പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വത്തിക്കാന്റെ പ്രത്യേക സ്റ്റാമ്പുകൾ, കവറുകൾ, കാർഡുകൾ എന്നിവ ഇവിടെ നിന്ന് തന്നെ വാങ്ങി, ആശംസകൾ രേഖപ്പെടുത്തി അയയ്ക്കുവാനുള്ള സൗകര്യവും ഇവിടെ ക്രമീകരിച്ചിരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഡിസംബർ 2024, 10:20