മതങ്ങൾ ഐക്യത്തിൻറെ വെളിച്ചമാകട്ടെ മതങ്ങൾ ഐക്യത്തിൻറെ വെളിച്ചമാകട്ടെ  (ANSA)

ഭിന്നിപ്പുകൾ ഇല്ലാതാക്കുന്നതിൽ മതങ്ങളുടെ പങ്ക് സത്താപരം!

മതാന്തരസംഭാഷണത്തിനായുള്ള വത്തിക്കാൻ വിഭാഗവും സഭകളുടെ ലോകസമിതിയുടെ മതാന്തരസംവാദത്തിനും സഹകരണത്തിനുമായുള്ള കാര്യാലയവും വാർഷിക സമ്മേളനം ചേർന്നു. ഫെബ്രുവരി 17-20 വരെ റോമിൽ ആയിരുന്നു സമ്മേളനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സംഘർഷങ്ങളാൽ പിളർക്കപ്പെട്ട ഒരു ലോകത്തിൽ സംഭാഷണത്തിലൂടെ ഭിന്നതകൾ ഇല്ലാതാക്കുന്നതിന് സത്താപരമായ പങ്കുവഹിക്കാൻ മതങ്ങൾക്കാകുമെന്ന് മതാന്തരസംഭാഷണത്തിനായുള്ള വത്തിക്കാൻ വിഭാഗവും സഭകളുടെ ലോകസമിതിയുടെ മതാന്തരസംവാദത്തിനും സഹകരണത്തിനുമായുള്ള കാര്യാലയവും പറയുന്നു.

ഈ രണ്ടു വിഭാഗങ്ങളുടെയും 17-20 വരെ റോമിൽ നടന്ന സംയുക്ത വാർഷികസമ്മേളനത്തിൻറെ  സംയുക്തപ്രസ്താവനയിലാണ് ഇതു കാണുന്നത്.

സഹോദര്യം പരിപോഷിപ്പിക്കുന്നതിനും സമാധാനവും അനുരഞ്ജനവും സാധ്യമാക്കുന്നതിനും മതങ്ങൾക്കാകുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. മതവൈവിധ്യം വർദ്ധിച്ചുവരുന്നത് ഒരു ആഗോളയാഥാർത്ഥ്യമായി അംഗീകരിച്ചുകൊണ്ട് കത്തോലിക്കാസഭയുടെയും സഭകളുടെ ലോകസമിതിയുടെയും ഈ വിഭാഗങ്ങൾ മതാന്തര സംഭാഷണത്തിനുള്ള പ്രതിബദ്ധത ആവർത്തിച്ചു പ്രഖ്യാപിക്കുകയും ഇരുവിഭാഗങ്ങളും തമ്മിലുള്ള ഉപരിയഗാധമായ സൗഹൃദത്തിലും സഹകരണത്തിലും സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്യുന്നു.

മതാന്തരസംഭാഷണത്തിനായുള്ള വത്തിക്കാൻ വിഭാഗവും സഭകളുടെ ലോകസമിതിയുടെ മതാന്തരസംവാദത്തിനും സഹകരണത്തിനുമായുള്ള കാര്യാലയവും 1977 മുതൽ സഹകരിച്ചു പ്രവർത്തിച്ചുവരുന്നു. മതാന്തരസംഭാഷണം, എക്യുമെനിക്കൽ സഹകരണം എന്നിവ പരിപോഷിപ്പിക്കുന്നതിനുചിതമായ അടിസ്ഥാന രേഖകൾ, ഭിന്നമതവിശ്വാസികൾ തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള പരിചിന്തനം തുടങ്ങിയവ ഈ സഹകരണത്തിനുദാഹരണങ്ങളായി സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

മുൻകാല സംയുക്ത സംരംഭങ്ങളുടെ ഫലങ്ങളുടെ അവലോകനം, അതത് സ്ഥാപനങ്ങളുടെ മതാന്തര പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, ഭാവി സംയുക്ത പദ്ധതികളുടെ പര്യവേക്ഷണം, ഇരുകാര്യാലയങ്ങളും തമ്മിലുള്ള സഹകരണത്തിൻറെ 2027 ൽ ആഘോഷിക്കാൻ പോകുന്ന 50-ാം വാർഷികത്തെക്കുറിച്ചുള്ള ചിന്തകൾ എന്നിവ ഈ വാർഷിക സമ്മേളനത്തിൽ നടന്നുവെന്ന് സംയുക്ത പ്രസ്താവന വെളിപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഫെബ്രുവരി 2025, 11:59