പരിശുദ്ധ സിംഹാസനം അതിന്റെ നയതന്ത്ര ശ്രമങ്ങൾ അക്ഷീണം തുടരുന്നു: കർദിനാൾ പിയെത്രോ പരോളിൻ
വലേരിയോ പലൊമ്പാരോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
"വിശാലമായ ഒരു യുദ്ധത്തിനുള്ള" സാധ്യതയിൽ ആശങ്കകൾ അറിയിച്ചു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ സംസാരിച്ചു. "സമാധാനത്തിന്റെ ലോകത്തിനായി സൃഷ്ടിയും, പ്രകൃതിയും, പരിസ്ഥിതിയും" എന്ന വിഷയത്തിൽ വത്തിക്കാനിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ സംബന്ധിച്ച അദ്ദേഹം, തുടർന്ന്, പോളിഷ് വ്യോമാതിർത്തി ലംഘിച്ച റഷ്യൻ ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകവെയാണ് ആശങ്കകൾ പങ്കുവച്ചത്.
ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പുള്ളതിന് സമാനമായ പിരിമുറുക്കത്തെക്കുറിച്ച് സംസാരിച്ച റിപ്പബ്ലിക് ഓഫ് ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മത്തരെല്ലയുടെ വിശകലനവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ ഒരു സാഹചര്യത്തിൽ, സ്വീകരിച്ച പാതകളെ കുറിച്ചുള്ള ഒരു പുനർവിചിന്തനം നടത്തുന്നില്ലെങ്കിൽ, ഒരു വലിയ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മധ്യപൂർവദേശത്തെ യുദ്ധത്തെക്കുറിച്ചും ഗാസയിൽ അരങ്ങേറുന്ന ദുരന്തത്തെക്കുറിച്ചും കർദ്ദിനാൾ പരോളിൻ ആശങ്ക പ്രകടിപ്പിച്ചു. കത്തോലിക്കാ സഭയും ലത്തീൻ പാത്രിയർക്കീസായ കർദ്ദിനാൾ പിറ്റ്സബല്ലയും ഉൾപ്പെടെയുള്ളവർ നിരവധി അഭ്യർത്ഥനകൾ നടത്തിയിട്ടും, മുനമ്പിലെ ഇസ്രായേലി സംഘർഷം അവസാനിക്കുന്നില്ലയെന്നത് തികച്ചും നിർഭാഗ്യകരമാണെന്ന് കർദിനാൾ പറഞ്ഞു. അതേസമയം ഗാസയിലെ തിരുക്കുടുംബ ദേവാലയത്തിൽ അഭയാർഥികളായി കഴിയുന്നവരുടെ മാനസിക പ്രതിരോധശേഷി പ്രശംസനീയമെന്നും, അവർ യുദ്ധത്തിന് വഴങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശുദ്ധ സിംഹാസനം അതിന്റെ നയതന്ത്ര ശ്രമങ്ങൾ അക്ഷീണം തുടരുന്നുവെന്ന് കർദ്ദിനാൾ പറഞ്ഞു. കഴിഞ്ഞ ആഴ്ച വത്തിക്കാനിൽ ലിയോ പതിനാലാമൻ പാപ്പായും, ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രസിഡന്റ്, "ഗാസയിൽ അധിനിവേശം ഉണ്ടാകില്ലെന്ന്" ഉറപ്പു നൽകിയതും കർദിനാൾ സ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: