മാനവിക സാഹോദര്യം വളർത്തിയെടുക്കുന്നതാണ് യഥാർത്ഥ ക്രൈസ്തവ ആധ്യാത്മികത: കർദിനാൾ കൂവക്കാട്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മതസൗഹാർദ്ദ സംഭാഷണങ്ങൾ ഒരിക്കലും രാഷ്ട്രീയ പ്രേരിതമല്ലായെന്നും, മറിച്ച് മാനവികോന്മുഖമാണെന്നും ഓർമ്മപ്പെടുത്തിക്കൊണ്ടാണ്, വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, ബംഗ്ലാദേശിലെ അപ്പസ്തോലിക ന്യൂൺഷിയേച്ചറും, ദേശീയ മെത്രാൻ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന, "ഐക്യത്തിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കൽ" എന്ന മതസൗഹാർദ്ദ സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചത്. ബംഗ്ലാദേശിൽ, വിവിധ ഇടങ്ങളിലായി സെപ്റ്റംബർ മാസം 6 മുതൽ 12 വരെയാണ് "ഐക്യത്തിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കൽ" എന്ന മതസൗഹാർദ്ദ പ്രോത്സാഹന പരിപാടികൾ നടക്കുന്നത്.
സെപ്റ്റംബർ ആറാം തീയതി നടന്ന സമ്മേളനത്തിൽ, ബംഗ്ലാദേശിന്റെ മുഖ്യ ന്യായാധിപൻ സയ്യീദ് രെഫാത്ത് അഹമ്മദും സന്നിഹിതനായിരുന്നു. കർദിനാൾ തന്റെ പ്രഭാഷണത്തിന്റെ ആമുഖത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ പ്രത്യേകമായ ആശംസകൾ അറിയിക്കുകയും, ഈ അവസരം ഒരുക്കിയ എല്ലാവരോടുമുള്ള തന്റെ അകൈതവമായ നന്ദി അറിയിക്കുകയും ചെയ്തു.
തന്റെ സന്ദേശത്തിൽ, സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കർദിനാൾ അടിവരയിട്ടു പറഞ്ഞു. ആളുകൾക്കിടയിൽ ആഴത്തിലുള്ള ഐക്യം കൊണ്ടുവരുവാൻ, സംഭാഷണങ്ങൾക്കു മാത്രമേ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞ അദ്ദേഹം, വിവേകം തേടുന്ന വിശ്വാസവും, ഏകസ്രഷ്ടാവെന്ന പരമാർത്ഥം പങ്കുവയ്ക്കുന്നതും അടിസ്ഥാനമാണെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് താൻ വളർന്ന ഭാരതസംസ്കാരം, ബഹുമത കൂട്ടായ്മയുടെ ഭംഗി തിരിച്ചറിയുവാൻ തന്നെ ഏറെ സഹായിക്കുന്നുണ്ടെന്നും പറഞ്ഞു.
യാതൊരു വ്യത്യാസങ്ങളും കണക്കിലെടുക്കാതെ, എല്ലാവരുടെയും മാനുഷിക അന്തസ്സിനെ തിരിച്ചറിയുവാനുള്ള, ആഹ്വാനം, ഫ്രാൻസിസ് പാപ്പാ തന്റെ ചാക്രികലേഖനമായ 'ഫ്രത്തെല്ലി തൂത്തി'യിൽ കുറിച്ചിരിക്കുന്നത് കർദിനാൾ എടുത്തു പറഞ്ഞു. ദൈവിക പ്രതിച്ഛായയിൽ നമ്മുടെ മാനവികതയുടെ അന്തർലീനമായ ഒന്നാണ് അന്തസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമവാഴ്ചയുടെ ധാർമ്മിക അടിത്തറയും മനുഷ്യന്റെ അന്തസ്സിൽ വേരൂന്നിയതാണെന്നും, ഫ്രാൻസിസ് പാപ്പായെ ഉദ്ധരിച്ചുകൊണ്ട് കർദിനാൾ പറഞ്ഞു.
ജനാധിപത്യ ഭരണത്തിനും പുതിയ ഭരണഘടനയ്ക്കും വേണ്ടിയുള്ള ബംഗ്ലാദേശ് രാഷ്ട്രത്തിന്റെ പുതിയ അന്വേഷണം ഇപ്പോൾ വളരെ നിർണായകമാണെന്നും, അതിനാൽ നിയമത്തിന് മുന്നിൽ എല്ലാ ആളുകളെയും തുല്യമായി പരിഗണിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനും, അവരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുവാനും, പൊതുനന്മ ഉയർത്തിപ്പിടിക്കാൻ പൗരന്മാർ എന്ന നിലയിൽ അവരുടെ കടമകൾ പാലിക്കണമെന്ന് ആവശ്യപ്പെടുവാനും, ഫ്രത്തെല്ലി തൂത്തിയുടെ വെളിച്ചത്തിൽ കർദിനാൾ ഉദ്‌ബോധിപ്പിച്ചു.
തുടർന്ന് 1965 ഒക്ടോബർ 28-ന് പ്രസിദ്ധീകരിച്ച 'നോസ്ട്ര അയെത്താത്തെ' എന്ന വത്തിക്കാൻ സൂനഹദോസിന്റെ പ്രമാണരേഖയിലെ, പ്രസക്ത ഭാഗങ്ങളും കർദിനാൾ തന്റെ പ്രഭാഷണത്തിൽ ഓർമ്മപ്പെടുത്തി. സമൂഹത്തിന്റെ ഒരു മാതൃകാപരമായ മാറ്റത്തിനായി കത്തോലിക്കാ സഭ മുൻപോട്ടു വച്ച ആശയങ്ങൾ, എക്കാലവും പ്രാധാന്യമർഹിച്ചിരുന്നുവെന്നു അദ്ദേഹം അടിവരയിട്ടു. ആഗോളവൽകൃത ലോകത്ത്, നമ്മുടെ അയൽക്കാരനിൽ ദൈവത്തെ കണ്ടെത്തുന്നതിലൂടെ നാം ദൈവത്തെ അന്വേഷിക്കുന്നുവെന്നും,എന്നാൽ അപരനിൽ ദൈവത്തെ. കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ, ഏക സ്രഷ്ടാവായ ദൈവവത്തോട് യഥാർത്ഥത്തിൽ പ്രാർത്ഥിക്കുവാൻ നമുക്ക് കഴിയില്ലെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.
2019 ൽ അബുദാബിയിൽ ഫ്രാൻസിസ് പാപ്പാ അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാം അഹ്മദ് അൽ-തയ്യിബുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, അവർ ഒരുമിച്ച് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രശസ്തമായ ഒരു രേഖയിൽ ഒപ്പുവച്ചു പ്രഖ്യാപനം നടത്തിയതും കർദിനാൾ കൂവക്കാട് എടുത്തുപറഞ്ഞു. വിശ്വാസികളും അവിശ്വാസികളുമായ മനുഷ്യകുലത്തിലെ സകലർക്കുമിടയിൽ, അനുരഞ്ജനത്തിനും, സാഹോദര്യത്തിനുമുള്ള ക്ഷണമായിരുന്നു ആ പ്രഖ്യാപനമെന്നും, അത് ആക്രമണങ്ങളെയും, തീവ്രവാദത്തെയും നിരാകരിക്കുവാനുള്ള, മനുഷ്യ മനഃസാക്ഷിയോടുള്ള അഭ്യർത്ഥന കൂടിയാണെന്നും കർദിനാൾ പറഞ്ഞു.
ലിയോ പതിനാലാമൻ പാപ്പായുടെ നാമത്തിൽ സഹോദരീസഹോദരന്മാർക്കിടയിൽ ഐക്യത്തിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി സമാധാനത്തിന്റെ വക്താവായിട്ടാണ് താൻ വന്നിരിക്കുന്നതെന്നും, അതിനാൽ മതാന്തര സംഭാഷണം, സംഭാഷണങ്ങളുടെയും, കൂടിക്കാഴ്ചകളുടെയും വേദിയായി ഭവിക്കട്ടെയെന്നും എടുത്തു പറഞ്ഞു. കത്തോലിക്കാ സഭ സ്വഭാവത്താലേ പ്രേഷിതയാണെന്നും, സംഭാഷണങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് , പാലങ്ങൾ പണിയുന്നതിനും, ഏവരെയും സ്വാഗതം ചെയ്യുവാനും എപ്പോഴും സന്നദ്ധയാണ് സഭയെന്നും കർദിനാൾ ജോർജ് കൂവക്കാട് തന്റെ പ്രഭാഷണത്തിൽ ചൂണ്ടികാണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: