വിശ്വാസത്തിൻറെ നവ രക്തസാക്ഷികളെ അധികരിച്ചുള്ള പത്രസമ്മേളനം വത്തിക്കാനിൽ, 08/09/25 വിശ്വാസത്തിൻറെ നവ രക്തസാക്ഷികളെ അധികരിച്ചുള്ള പത്രസമ്മേളനം വത്തിക്കാനിൽ, 08/09/25 

നിണസാക്ഷികൾ, ദൈവത്തിൻറെ ഹൃദയത്തിൽ പ്രത്യാശയർപ്പിച്ചവർ, ആർച്ചുബിഷപ്പ് ഫബേനെ.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ നിണസാക്ഷികളെ അനുസ്മരിക്കുന്നതിന് ഒരു എക്യുമെനിക്കൽ ശുശ്രൂഷ ലിയൊ പതിനാലാമൻ പാപ്പാ നയിക്കും. സെപ്റ്റംബർ 14-നായിരിക്കും വിവിധ ക്രൈസ്തവസഭാപ്രതിനിധികളുടെ പങ്കാളിത്തത്തോടുകൂടിയ ഈ ശുശ്രൂഷ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രക്തസാക്ഷികൾ ലോകയാഥാർത്ഥ്യത്തിലല്ല, പ്രത്യുത ദൈവത്തിൻറെ ഹൃദയത്തിൽ പ്രത്യാശ വെച്ചവരാണെന്ന് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വിഭാഗത്തിൻറെ - ഡിക്കാസറ്ററിയുടെ- കാര്യദർശി ആർച്ചുബിഷപ്പ് ഫാബിയൊ ഫബേനെ പ്രസ്താവിച്ചു.

സുവിശേഷത്തിനു സാക്ഷ്യമേകുന്നതിന് ജീവൻ വിലയായിനല്കുന്ന ക്രൈസ്തവരെ, നിണസാക്ഷികളെ അനുസ്മരിക്കുന്നതിന് സെപ്റ്റംബർ 14-ന് ലിയൊ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടാൻ പോകുന്ന എക്യുമെനിക്കൽ ശുശ്രൂഷയെ അധികരിച്ച് സെപ്റ്റംബർ 8-ന് തിങ്കളാഴ്ച വത്തിക്കാനിൽ പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യലയത്തിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

“നവരക്തസാക്ഷികളുടെ സമതി-വിശ്വാസത്തിൻറെ സാക്ഷികൾ” എന്ന സമിതിയിലെ അംഗങ്ങൾ ഈ പത്രസമ്മേളനത്തിൽ പങ്കുകൊണ്ടു. ഫ്രാൻസീസ് പാപ്പാ 2023-ൽ സ്ഥാപിച്ചതാണ് ഈ സമതി. ഈ സമതിയുടെ നാളിതുവരെ നടന്ന പ്രവർത്തനങ്ങളുടെ ഫലങ്ങൾ തദ്ദവസരത്തിൽ അവതരിപ്പിക്കപ്പെട്ടു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏതാണ്ട് 1700 രക്തസാക്ഷികൾ ഉണ്ടായതായിട്ടാണ് ഈ സമിതിയുടെ കണ്ടെത്തൽ. ഇവരിൽ 304 പേർ അമേരിക്കകളിൽനുന്നുള്ളവരാണ്. 43 പേർ പഴയ യൂറോപ്പിൽനിന്നുള്ളവരും. ലോകത്തിൽ പ്രേഷിതവേലയ്ക്കിടയിൽ ജീവൻ വെടിഞ്ഞവർ 110 പേരാണ്. 277 പേർ മദ്ധ്യപൂർവ്വദേശത്തും മാഗ്രെബിലുമായി വധിക്കപ്പെട്ടവരാണ്. ഏഷ്യയിലും ഓഷ്യാനയിലുമായി വിശ്വാസത്തെ പ്രതി ജീവൻ ത്യജിച്ചവർ 357-ും ആഫ്രിക്കയിൽ രക്തസാക്ഷികൾ 643-ും ആണ്.

ഇപ്പോൾ ആഫ്രിക്കയിലാണ് കൂടുതൽ ക്രൈസ്തവർ വധിക്കപ്പെടുന്നതെന്നും അവർ സുവിശേഷത്തിൻറെ സാക്ഷികളായതാണ് അതിനു കാരണമെന്നും വിശുദ്ധ എജീദിയൊയുടെ സമൂഹത്തിൻറെ സ്ഥാപകൻ അന്ത്രെയാ റിക്കാർദി പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ ക്രൈസ്തവർ ദൈവത്തെയും സഹോദരങ്ങളെയും അഗാധമായി സ്നേഹിക്കുന്നവരും അധികൃത മാനവസേവകരും വിശ്വാത്തിൻറെ സ്വതന്ത്രസംവേദകരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിണസാക്ഷികളെ അനുസ്മരിക്കുന്നതിനു സെപ്റ്റംബർ 14-ന് റോമിൽ പാപ്പാ നയിക്കുന്ന എക്യുമെനിക്കൽ ശുശ്രൂഷയിൽ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ 24 പ്രതിനിധികൾ സംബന്ധിക്കും.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 സെപ്റ്റംബർ 2025, 11:52