സമഗ്ര മാനവ വികസനത്തിന് ജൈവവൈവിധ്യം സംരക്ഷിക്കപ്പെടണം, വത്തിക്കാൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഓരോ മനുഷ്യവ്യക്തിയുടെയും സംപൂർണ്ണ വികസനം ഉൾക്കൊള്ളുന്നതായ സമഗ്രമാനാവപുരോഗതിയുടെ അചഞ്ചല വക്താവാണ് പരിശുദ്ധസിംഹാസനം എന്ന് വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷ്പ്പ് ഗബ്രിയേലെ കാച്ച.
ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഒക്ടോബർ 13-ന് തിങ്കളാഴ്ച ന്യുയോർക്കിൽ സുസ്ഥിര വികസനത്തെ അധികരിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു.
ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം, സംഘർഷം എന്നിവയുടെ അതിവ്യാപകമായ പ്രതിസന്ധികളാൽ മുദ്രിതമായ ഈ നിർണ്ണായക ഘട്ടത്തിൽ, സമഗ്ര മാനവവികസനത്തിനായുള്ള പ്രതിബദ്ധത എന്നത്തേക്കാളുപരി പ്രാധാന്യമർഹിക്കുന്നുവെന്ന് ആർച്ചുബിഷപ്പ് കാച്ച പറഞ്ഞു.
ദരിദ്രരും തദ്ദേശീയ സമൂഹങ്ങളും ഉൾപ്പെടെ കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി തകർച്ചയ്ക്കും ഏറ്റവും കുറഞ്ഞ രീതിയിൽ കാരണക്കാരായിട്ടുള്ളവരാണ് പലപ്പോഴും അതിൻറെ ഏറ്റവും കഠിനവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നതെന്ന് വ്യക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകൃതിയുടെ നാശം എല്ലാവരെയും ഒരുപോലെയാല്ല ബാധിക്കുന്നതെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് തോന്നുന്നു" എന്ന് ലിയോ പതിനാലാമൻ പാപ്പായുടെ നിരിക്ഷണം ആർച്ചുബിഷപ്പ് കാച്ച അനുസ്മരിച്ചു.
സാമ്പത്തികമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കായി കൈമാറ്റം ചെയ്യേണ്ട ഒരു വസ്തുവായി പ്രകൃതി ചുരുക്കപ്പെടുന്നതിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ഈ സമീപനം മാനാവാന്തസ്സിനെയും സൃഷ്ടിയുടെ സമഗ്രതയെയും ഹ്രസ്വകാല താൽപ്പര്യങ്ങൾക്കും നേട്ടങ്ങൾക്കും അധീനമാക്കിക്കൊണ്ട് സുസ്ഥിര വികസനത്തിൻറെ യഥാർത്ഥ അർത്ഥത്തെ വളച്ചൊടിക്കുന്നുവെന്ന് കുറ്റപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: