വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ  

വ്യാജവാർത്തകൾ യാഥാർഥ്യത്തെ ലളിതവത്ക്കരിക്കുന്നു: കർദിനാൾ പരോളിൻ

ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ "മനുഷ്യത്വരഹിതമായ" ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വത്തിക്കാൻ മാധ്യമത്തിന് അഭിമുഖസംഭാഷണം അനുവദിച്ചു. ഈ യുദ്ധം ഗാസ എന്ന നഗരത്തെ നാമാവശേഷമാക്കിയെന്നും, ബന്ദികളെ മോചിപ്പിക്കാനും അക്രമചക്രം അവസാനിപ്പിക്കാനും തയ്യാറാവണമെന്നും കർദിനാൾ ആവർത്തിച്ചു പറഞ്ഞു.

അന്ത്രെയാ തോർണിയെല്ലി, റോബെർത്തോ പാല്യലോൻഗ

ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് ശേഷം, ഗാസ മുനമ്പിനെ തകർത്ത ഒരു സമ്പൂർണ്ണ യുദ്ധത്തിനു  തുടക്കം കുറിച്ചിട്ട് ഒക്ടോബർ മാസം ഏഴാം തീയതി രണ്ടു വർഷം പൂർത്തിയാവുകയാണ്. ഈ അവസരത്തിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വത്തിക്കാൻ മാധ്യമത്തിന് അഭിമുഖസംഭാഷണം അനുവദിച്ചു. നിഷ്കളങ്കരായ ജനതയ്ക്കുമേൽ ഹമാസ് നടത്തിയ ആക്രമണം, തികച്ചും  മനുഷ്യത്വരഹിതവും നീതീകരിക്കാനാവാത്തതുമാണെന്നു കർദിനാൾ എടുത്തു പറഞ്ഞു. ഇരകളായവരിൽ, സ്ത്രീകളും, കുട്ടികളും, പ്രായമാവരും ഉൾപ്പെടുന്നത്, ആക്രമണത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നു വത്തിക്കാൻ ഉടൻതന്നെ ആവശ്യപ്പെട്ടിരിന്നുവെന്നും, ബാധിതരായ കുടുംബങ്ങളോടുള്ള പരിശുദ്ധ സിംഹാസനത്തിന്റെ അടുപ്പം ഉടൻതന്നെ പ്രകടിപ്പിച്ചിരുന്നുവെന്നുമുള്ള വിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തി.

ഈ രണ്ടു വർഷങ്ങൾക്കു  ശേഷവും, തുരങ്കങ്ങളിൽ ബന്ദികളാക്കി പട്ടിണി കിടക്കുന്ന ഈ ആളുകളുടെ ചിത്രങ്ങൾ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നു പറഞ്ഞ കർദിനാൾ, ജീവിതത്തിന്റെ അവസാന ഒന്നര വർഷത്തിനിടയിൽ, ഫ്രാൻസിസ് പാപ്പാ  ബന്ദികളുടെ മോചനത്തിനായി 21 പരസ്യ അഭ്യർത്ഥനകൾ നടത്തിയതായും, അവരുടെ ചില കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും താൻ  ഓർക്കുന്നുവെന്നും പറഞ്ഞു. കുടുബങ്ങളുടെ വേദന ചിന്തിക്കാവുന്നതിലും അപ്പുറത്താണെന്നും, അവർക്കുവേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും കർദിനാൾ പറഞ്ഞു.

തുടർന്ന് ഗാസയിൽ സ്ഥിതികളും, കർദിനാൾ എടുത്തു പറഞ്ഞു. പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച ഒരു വിനാശകരമായ യുദ്ധത്തിന് ശേഷം ഏറെ ഭയാനകവും ദാരുണവുമാണ് ഗാസയിലെ സ്ഥിതിയെന്നു പറഞ്ഞ അദ്ദേഹം, നമ്മുടെ യുക്തിബോധം വീണ്ടെടുക്കുകയും, വെറുപ്പിന്റെയും പ്രതികാരത്തിന്റെയും അന്ധമായ യുക്തി ഉപേക്ഷിക്കുകയും, ഒരു പരിഹാരമായി അക്രമത്തെ നിരസിക്കുകയും വേണമെന്നു ആവശ്യപ്പെട്ടു. ആക്രമണത്തിൽ സാധാരണക്കാരെ പാർശ്വ ഇരകളാക്കുന്നത്, അംഗീകരിക്കാനാവാത്തതും ന്യായീകരിക്കാനാവാത്തതുമാണെന്നും കർദിനാൾ പറഞ്ഞു.

വ്യാജ വാർത്തകൾ, യാഥാർത്ഥ്യത്തിന്റെ ലളിതവൽക്കരിക്കുന്നുവെന്നും, ഗാസയിൽ ഇന്ന് സംഭവിക്കുന്നതിന്റെ ഉത്തരവാദിത്തം യഹൂദന്മാരിൽ കെട്ടിവയ്ക്കാൻ പ്രേരിപ്പിക്കുന്നത് സത്യമല്ലെന്നും, ഗാസയിലും മറ്റ് പലസ്തീനിലും നിലവിലെ ഇസ്രായേൽ സർക്കാർ പ്രവർത്തിച്ചതും പ്രവർത്തിക്കുന്നതുമായ രീതിക്കെതിരെ ജൂത ലോകത്ത് നിന്ന് ശക്തമായ വിയോജിപ്പിന്റെ നിരവധി ശബ്ദങ്ങൾ ഉയരുന്നുണ്ടെന്നുള്ളത് മറന്നുപോകരുതെന്നും കർദിനാൾചൂണ്ടിക്കാട്ടി.

യഹൂദവിരുദ്ധത ഒരു അർബുദമാണ്, ഈ തിന്മ വീണ്ടും തലപൊക്കുന്നത് തടയാൻ നമ്മുടെ എല്ലാ ശക്തിയും ഉപയോഗിച്ച് നാം സ്വയം പരിശ്രമിയ്ക്കണമെന്നും കർദിനാൾ പറഞ്ഞു. മനുഷ്യത്വരഹിതമായ പ്രവൃത്തികളും മാനുഷിക നിയമങ്ങളുടെ ലംഘനങ്ങളും ഒരിക്കലും ന്യായീകരിക്കപ്പെടുന്നില്ലെന്ന് നാം ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹമാസ് തീവ്രവാദികളെ പരാജയപ്പെടുത്താൻ ഇസ്രായേൽ സൈന്യം നടത്തിയ യുദ്ധം, എന്നാൽ സാധാരണക്കാരെയാണ് ബാധിച്ചിരിക്കുന്നുവെന്നതിനു, ആ പ്രദേശത്തിന്റെ ചിത്രങ്ങൾ സാക്ഷികളാണെന്നും, ഈ ക്രൂരത അവസാനിപ്പിക്കുവാനുള്ള പരിശുദ്ധ പിതാവിന്റെ അഭ്യർഥനയ്ക്ക് അന്താരാഷ്ട്രസമൂഹം ശ്രദ്ധ നൽകണമെന്നും കർദിനാൾ ആവശ്യപ്പെട്ടു.

വെടിനിർത്തൽ കൈവരിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള പ്രസിഡന്റ് ട്രംപിന്റെ പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന്, പലസ്തീൻ ജനതയെ അവരുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളിൽ ഉൾപ്പെടുത്തുകയും ഈ കൂട്ടക്കൊല അവസാനിപ്പിക്കാൻ അനുവദിക്കുകയും, ബന്ദികളെ മോചിപ്പിക്കുകയും, നൂറുകണക്കിന് ആളുകളുടെ ദൈനംദിന കൊലപാതകങ്ങൾ തടയുകയും ചെയ്യുന്ന ഏതൊരു പദ്ധതിയും സ്വാഗതം ചെയ്യപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും  വേണമെന്നും . കക്ഷികൾ അത് അംഗീകരിക്കുമെന്നും സമാധാനത്തിലേക്കുള്ള ഒരു പാത ഒടുവിൽ ആരംഭിക്കുമെന്നും താൻ പ്രത്യാശിക്കുന്നതായും കർദിനാൾ പറഞ്ഞു.

ക്രൈസ്തവരെന്ന നിലയിൽ, ഈ സാഹചര്യങ്ങളിൽ പ്രാർത്ഥിക്കേണ്ടത് നമ്മുടെ കടമയാണെന്നും, നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിൽ , നമ്മിൽ നിന്ന് വളരെ അകലെയാണെങ്കിലും, നമുക്ക് നിസ്സംഗത പുലർത്താൻ കഴിയില്ലെന്ന് കാണിച്ചുതന്ന മനുഷ്യനായ ക്രിസ്തുവിനെ അനുയായികളാണ് നാമെന്നും കർദിനാൾ അനുസ്മരിച്ചു.

ഈ ഘട്ടത്തിൽ പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? എന്നുള്ള ചോദ്യത്തിന്, ത്ത് വർഷങ്ങൾക്ക് മുമ്പ്, പരിശുദ്ധ സിംഹാസനവും പലസ്തീൻ രാഷ്ട്രവും തമ്മിലുള്ള സമഗ്ര കരാറിലൂടെ, പരിശുദ്ധ സിംഹാസനം പലസ്തീൻ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിച്ചുവെന്നും, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ടെന്ന വസ്തുതയെ പരിശുദ്ധ സിംഹാസനം  സ്വാഗതം ചെയ്യുന്നുവെന്നും കർദിനാൾ പറഞ്ഞു. എന്നാൽ ഇസ്രായേലി പ്രഖ്യാപനങ്ങളും തീരുമാനങ്ങളും വിപരീത ദിശയിലേക്കാണ് പോകുന്നതെന്ന് നമുക്ക് ആശങ്കയോടെ ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപൂർവേഷ്യയിൽ ക്രൈസ്തവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നുള്ളത്, ആശങ്കാജനകമെന്നും, എന്നാൽ അവർ പീഡിപ്പിക്കപ്പെടുന്ന പലസ്തീൻ ജനതയുടെ ദുരിതങ്ങളിൽ പൂർണ്ണമായും ഭാഗഭാക്കാകുന്നുവെന്നത് യാഥാർഥ്യമാണെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഒക്‌ടോബർ 2025, 11:58