മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്  

സംവാദത്തിന്റെ പാത തീർത്ഥാടനത്തിന്റേതാണ്: കർദിനാൾ ജോർജ് കൂവക്കാട്

" പ്രത്യാശയുടെ തീർത്ഥാടകർ - സമാധാനത്തിനായി യാത്ര ചെയ്യുന്ന മതങ്ങൾ" എന്ന പ്രമേയത്തിൽ, ഇന്ത്യയിലെ മുംബൈ അതിരൂപതയിൽ നടന്ന മതാന്തര സമാധാന സമ്മേളനത്തിൽ, വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് സന്ദേശം നൽകി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

2025 ജൂബിലി വർഷത്തോടനുബന്ധിച്ച് മുംബൈ  അതിരൂപത, മതാന്തര ആഘോഷത്തിന്റെ ഭാഗമായി,  "പ്രത്യാശയുടെ തീർത്ഥാടകർ - സമാധാനത്തിനായി യാത്ര ചെയ്യുന്ന മതങ്ങൾ" എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സമ്മേളനത്തിൽ, വത്തിക്കാനിലെ  മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് സന്ദേശം നൽകി. സന്ദേശത്തിൽ, മതങ്ങൾക്കിടയിലുള്ള സാഹോദര്യം ഊർജ്ജിതമാക്കുന്നതിനു കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നും, നാളിതുവരെ ഉണ്ടായിട്ടുള്ള പരിശ്രമങ്ങളെ കർദിനാൾ അടിവരയിട്ടു പറഞ്ഞു. സാഹോദര്യ സ്നേഹത്തിന്റെയും, ലാളിത്യത്തിന്റെയും, വിശ്വവിശുദ്ധനായ, ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിവസം, ഈ സമ്മേളനത്തിനായി തിരഞ്ഞെടുത്തതിലുള്ള സന്തോഷം കർദിനാൾ അറിയിച്ചു.

ലോകമെമ്പാടും സഭയുടെ മതാന്തര സംവാദത്തിന്റെ അഭിവൃദ്ധിക്ക് അടിത്തറയൊരുക്കിയ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നൊസ്ത്ര അയെത്താതെ എന്ന രേഖയെപ്പറ്റിയും കർദിനാൾ പരാമർശിച്ചു. രേഖയുടെ പ്രസിദ്ധീകരണത്തിന്റെ അറുപതാമത് വാർഷികത്തിൽ, ഈ മതാന്തര കൂട്ടായ്മക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, സാഹോദര്യം, സൗഹൃദം, ഐക്യം, ഐക്യദാർഢ്യം എന്നിങ്ങനെയുള്ള രേഖയുടെ തത്വങ്ങൾ മാനവികതയുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ നമ്മെ ക്ഷണിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

തുടർന്ന് രേഖയിൽ പ്രതിപാദിച്ചിരിക്കുന്ന വിവിധ വിഷയങ്ങളെ പറ്റിയും കർദിനാൾ ഓർമ്മപ്പെടുത്തി. ജനങ്ങളുടെ വർദ്ധിച്ചുവരുന്ന പരസ്പരാശ്രിതത്വം, മാനവിക ജീവിതം, കഷ്ടപ്പാടുകൾ, മരണം എന്നിങ്ങനെയുള്ള വിവിധ നിമിഷങ്ങളുടെ അർത്ഥം തേടിയുള്ള അന്വേഷണം, വിവിധ സമസ്യകൾ, മനുഷ്യരാശിയുടെ പൊതുവായ ഉത്ഭവവും പൊതു വിധിയും, ദൈവത്തിനോ പരമാധികതയ്‌ക്കോ വേണ്ടിയുള്ള അന്വേഷണത്തിൽ മതങ്ങളുടെ പങ്ക്  എന്നിങ്ങനെ വിവിധ പ്രമേയങ്ങൾ രേഖ മുൻപോട്ടു വയ്ക്കുന്നതിലെ, വർത്തമാനകാലപ്രാധാന്യവും കർദിനാൾ കൂവക്കാട് അടിവരയിട്ടു പറഞ്ഞു.

 വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ,എക്ലേസിയാം സുവാം, എന്ന ചാക്രികലേഖനത്തിലെ സംഭാഷണം പ്രോത്‌സാഹിപ്പിച്ചുകൊണ്ടുള്ള വാക്കുകളും,  ജീവിതത്തിന്റെ അർത്ഥം തേടുന്നതിൽ എല്ലാ ജനങ്ങളും ഐക്യപ്പെടുന്നുവെന്നുള്ള നൊസ്ത്ര അയെത്താതെയിലെ വാക്കുകളും, വിവിധ മതങ്ങൾ ചേർന്ന് നടത്തേണ്ടുന്ന പൊതുവായ ആത്മീയ യാത്രയെ എടുത്തുകാണിക്കുന്നുവെന്നു കർദിനാൾ ചൂണ്ടികാണിച്ചു.

സത്യത്തിനായുള്ള പൊതുവായ അന്വേഷണമെന്ന നിലയിലും സമാധാനത്തോടുള്ള പ്രതിബദ്ധതയെന്ന നിലയിലും സംഭാഷണത്തിന്റെ ഈ കാഴ്ചപ്പാട് ബെനഡിക്ട് പതിനാറാമൻ പാപ്പായും പ്രാധാന്യത്തോടെ കണ്ടിരുന്നുവെന്ന വസ്തുത എടുത്തു പറഞ്ഞുകൊണ്ട്, ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരും സമാധാനം തേടുന്നതിൽ പങ്കുചേരുക, പരസ്പരം അടുക്കാൻ ശ്രമിക്കുക, വെളിച്ചത്തിന്റെ ഉറവിടത്തിലേക്ക് ഒരുമിച്ച് യാത്ര ചെയ്യുക എന്ന പാപ്പായുടെ ആഹ്വാനവും കർദിനാൾ ഉദ്ധരിച്ചു.

തുടർന്ന്, ഫ്രാൻസിസ് പാപ്പായിലൂടെ ഈ സംഭാഷണയാത്ര ഏറ്റവും മൂർത്തമായതും കർദിനാൾ അടിവരയിട്ടു. "സംഭാഷണത്തിന്റെ ഈ പാത ഒരു തീർത്ഥാടനം പോലെയാണ്.  നമ്മൾ ഏത് മതപാരമ്പര്യത്തിൽ പെട്ടവരായാലും, ഓരോ തീർത്ഥാടനത്തിന്റെയും വശങ്ങളിൽ സമാനമായ ആത്മീയ ചലനാത്മകതയും ഉദ്ദേശ്യങ്ങളും ഉൾപ്പെടുന്നു.  തീർത്ഥാടകർ ആന്തരിക ശുദ്ധീകരണം, ആത്മീയ ഗുണങ്ങൾ, ദൈവവുമായുള്ള കണ്ടുമുട്ടൽ എന്നിവ ആഗ്രഹിക്കുന്നു.  തീർത്ഥാടനത്തിനിടയിൽ, അവരുടെ അഗാധമായ വിശ്വാസാനുഭവങ്ങൾ പങ്കുവയ്ക്കുന്നു.", കർദിനാൾ പറഞ്ഞു.

ഇന്നത്തെ ആഗോള പശ്ചാത്തലത്തിൽ, മാനവികതയ്ക്ക് ഒരു പൊതു ഭാവി കെട്ടിപ്പടുക്കുന്നതിനു തടസമായി നിൽക്കുന്ന  അസഹിഷ്ണുത, വിവേചനം, നിസ്സംഗത, അനീതി, അഴിമതി, സ്വജനപക്ഷപാതം, തൊഴിലില്ലായ്മ, അക്രമം എന്നിവയെ ഉന്മൂലനം ചെയ്യുന്നതിന്, ഫ്രാൻസിസ് പാപ്പാ വിഭാവനം ചെയ്യുന്ന മാർഗ്ഗങ്ങളും, കർദിനാൾ കൂവക്കാട് ചൂണ്ടിക്കാണിച്ചു. .  ഒന്നാമതായി, നമ്മുടെ ദയ, അനുകമ്പ, സഹാനുഭൂതി എന്നിവയിലൂടെ പ്രത്യാശയ്ക്ക് സാക്ഷ്യം വഹിക്കുകയും, അപ്രകാരം പ്രത്യാശയുടെ തീർത്ഥാടകരായി മാറുകായും ചെയ്യുക, രണ്ടാമതായി, മറ്റുള്ളവരെ അങ്ങനെ ചെയ്യാൻ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, മൂന്നാമതായി, ലോകത്ത് അപാരമായ നന്മ ഉണ്ടെന്നും "ഇരുട്ടിന്റെ നടുവിൽ നന്മ എല്ലായ്പ്പോഴും വീണ്ടും ഉയർന്നുവരുകയും വ്യാപിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുക.

തുടർന്ന്, മതസൗഹാർദസംഭാഷണത്തെപ്പറ്റിയുള്ള  ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും കർദിനാൾ ഉദ്ധരിച്ചു. "മതം സംഘർഷത്തിന്റെ ഉറവിടമല്ല, മറിച്ച് രോഗശാന്തിയുടെയും അനുരഞ്ജനത്തിന്റെയും ഉറവിടമാണ്" എന്നുള്ള പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ട്, വ്യത്യസ്ത വിശ്വാസങ്ങൾ, സംസ്കാരങ്ങൾ, പൈതൃകങ്ങൾ എന്നിവയിൽ പെട്ട ആളുകൾക്കിടയിൽ പാലങ്ങൾ പണിയുന്നതിൽ മതങ്ങൾക്കുള്ള വലിയ പങ്കിനെ ചൂണ്ടക്കാണിച്ചു.

പ്രത്യാശയുടെ വക്താക്കളാകുന്നതിൽ ഒരിക്കലും മടുപ്പുതോന്നരുതെന്നും, ലോകത്തിൽ നന്മയുടെയും സമാധാനത്തിന്റെയും വിത്തുകൾ വിതയ്ക്കാൻ മടിക്കരുതെന്നും കർദിനാൾ ഏവരെയും ആഹ്വാനം ചെയ്തു. "വഴിയിൽ തീർച്ചയായും പരാജയങ്ങൾ ഉണ്ടാകും, പക്ഷേ നാം വിതയ്ക്കുന്ന നന്മയുടെ വിത്തുകൾ ക്രമാനുഗതമായി വളരുമെന്ന് നമുക്ക് എപ്പോഴും ഓർക്കാം, ഇതാണ് ക്രൈസ്തവരെന്ന നിലയിൽ നമ്മുടെ കടമ", കർദിനാൾ ഉപസംഹാരമായി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഒക്‌ടോബർ 2025, 11:54