പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്ന വിശുദ്ധ ബലിയർപ്പണത്തിൽനിന്നുള്ള ഒരു ദൃശ്യം പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്ന വിശുദ്ധ ബലിയർപ്പണത്തിൽനിന്നുള്ള ഒരു ദൃശ്യം 

സംരക്ഷണത്തിന്റെ സിനഡാത്മകയാത്രയിൽ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ പോളണ്ടിൽ

കുട്ടികളെയും ദുർബലരായ വ്യക്തികളെയും സംരക്ഷിക്കുമ്പോൾ അതിലൂടെയും സുവിശേഷമറിയിക്കുക എന്ന ഒരു ലക്ഷ്യം കൂടി പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷനുണ്ടെന്ന്, കമ്മീഷൻ പ്രെസിഡന്റ് ബിഷപ് തിബോൾ വെർനി. കമ്മീഷൻ ഇഥംപ്രദമായി ഇറ്റലിക്ക് പുറത്തുനടത്തിയ പ്ലീനറി അസംബ്ലിയുടെ ഭാഗമായി പോളണ്ടിലെ ക്രാക്കോവിൽ സെപ്റ്റംബർ 30 ചൊവ്വാഴ്ച നടന്ന വിശുദ്ധ ബലിയുടെ അവസാനം സംസാരിക്കവെ, സംരക്ഷണത്തിന്റെ സിനഡാത്മകയാത്രയുടെ ഭാഗം കൂടിയായാണ് ഇത്തരമൊരു സമ്മേളനമെന്നും അദ്ദേഹം വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2014-ൽ സ്ഥാപിക്കപ്പെട്ട "പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ" (Pontifical Commission for the Protection of Minors), കുട്ടികളെയും, ദുർബലരായ ആളുകളെയും സംരക്ഷിക്കുന്നതിലൂടെ സുവിശേഷം പ്രഘോഷിക്കുക എന്ന ഒരു ലക്ഷ്യവും മുന്നിൽക്കാണുന്നുണ്ടെന്നും, അതിന്റെ കൂടി ഭാഗമായാണ് പോളണ്ടിലെത്തിയതെന്നും കമ്മീഷൻ പ്രെസിഡന്റും ഫ്രാൻസിലെ ഷമ്പേറി (Chambéry) അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ് തിബോൾ വെർനി (H. G. Msgr. Thibault Verny). "പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ" ഇതാദ്യമായി ഇറ്റലിക്ക് പുറത്തു നടത്തിയ പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി പോളണ്ടിലെ ക്രാക്കോവിലുള്ള ദൈവകരുണയുടെ ദേവാലയത്തിൽ സെപ്റ്റംബർ 30 ചൊവ്വാഴ്ച അർപ്പിക്കപ്പെട്ട വിശുദ്ധ ബലിയുടെ അവസാനം സംസാരിക്കവെയാണ് ആർച്ച്ബിഷപ് വെർനി ഇപ്രകാരം പറഞ്ഞത്.

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിന് വേണ്ടിയുള്ള സിനഡാത്മകയാത്രയുടെ സമൂർത്തമായ അടയാളമാകാൻവേണ്ടിയാണ് തങ്ങൾ ഇവിടെ എത്തിച്ചേർന്നതെന്ന് ഓർമ്മിപ്പിച്ച കമ്മീഷൻ അദ്ധ്യക്ഷൻ, ഇരകളെ സ്വീകരിക്കാനും, അവരെ ശ്രവിക്കാനും, സത്യം പരിഗണിക്കാനും, സഭ കൂടുതൽ സുരക്ഷിതമായ ഒരു ഭവനമായിത്തീരേണ്ടതിനുവേണ്ടി, പീഡനങ്ങളും ചൂഷണങ്ങളും തടയാനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി.

എല്ലാ പ്രാദേശികസഭകളിലും, സാർവത്രിക സുരക്ഷാനിർദ്ദേശങ്ങൾ പ്രവർത്തികമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആർച്ച്ബിഷപ് വെർനി പ്രസ്താവിച്ചു. കമ്മീഷൻ പ്രവർത്തനങ്ങൾക്ക് ഏവരുടെയും പിന്തുണ ആവശ്യമുണ്ടെന്ന്, മെമ്മൊറാരെ (memorare) എന്ന സംരംഭത്തിന്റെ സഹായത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു. കമ്മീഷൻ തങ്ങളുടെ രണ്ടാമത്തെ വാർഷിക റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

ക്രാക്കോവ് അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് മാരെക് യെദ്രോസ്വിസ്കിയായിരുന്നു (H.G. Msgr. Marek Jędraszewski) വിശുദ്ധ ബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ചത്. കമ്മീഷന്റെ പ്ലീനറി സമ്മേളനം സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 3 വരെ തീയതികളിലാണ് നടക്കുന്നത്.

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷഷനിലെ അംഗങ്ങൾ എല്ലാവരും ക്രാക്കോവിൽ നടക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പോളണ്ടിലെ മെത്രാൻസമിതിയുമായും കമ്മീഷൻ കൂടിക്കാഴ്ച നടത്തും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഒക്‌ടോബർ 2025, 14:12