ലിയോ പതിനാലാമൻ പാപ്പായും പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ നേതൃത്വവും ലിയോ പതിനാലാമൻ പാപ്പായും പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ നേതൃത്വവും  (@Vatican Media)

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം കൊടുത്ത് പരിശുദ്ധ സിംഹാസനം

കുട്ടികളും പ്രായപൂർത്തിയാകാത്തവരും നേരിടുന്ന ചൂഷണങ്ങൾക്കെതിരെ കൂടുതൽ ശ്രദ്ധാപൂർണ്ണമായ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്‌ത്‌, "പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ". ഒക്ടോബർ 16 വ്യാഴാഴ്ച രാവിലെ, തങ്ങളുടെ രണ്ടാമത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച വേളയിലാണ് ഇക്കാര്യത്തിൽ നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച്, കമ്മീഷൻ പ്രസിഡന്റ് ആർച്ച്ബിഷപ് തിബോൾട് വെർനി ഓർമ്മിപ്പിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സഭയിൽ കുട്ടികളുടെയും പ്രായപൂർത്തിയാകാത്തവരുടെയും സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കാൻ ആഹ്വാനം ചെയ്തും, ചൂഷണങ്ങളും പീഡനങ്ങളും നേരിട്ടവർക്ക് സാമ്പത്തിക, മാനസിക, ആത്മീയ പിന്തുണ ഉറപ്പുവരുത്താൻ ആഹ്വാനം ചെയ്തും "പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ" (The Pontifical Commission for the Protection of Minors). പ്രായപൂർത്തിയാകാത്തവർക്ക് കൂടുതൽ സുരക്ഷിതമായ ഒരു സഭ എന്ന ഉദ്ദേശത്തോടെ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ 16 വ്യാഴാഴ്ച തങ്ങളുടെ രണ്ടാമത് വാർഷികറിപ്പോർട്ട് പുറത്തുവിട്ട അവസരത്തിലാണ്, പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും ഇരകളായവർക്ക് നൽകേണ്ട പ്രത്യേകപരിഗണനയുടെയും, ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് കമ്മീഷൻ നേതൃത്വം ഓർമ്മിപ്പിച്ചത്.

"ഇരകളായവരെ" ശ്രദ്ധാപൂർവ്വം ശ്രവിക്കേണ്ടതിന്റെ പ്രാധാന്യവും, നടപടികളിലും രേഖകളിലും ഉണ്ടായിരിക്കേണ്ട സുതാര്യതയും, വ്യക്തികൾ നേരിട്ട ഉപദ്രവങ്ങൾ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യവും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.

പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസിൽ വ്യാഴാഴ്ച രാവിലെ നടന്ന റിപ്പോർട്ടവതരണസമ്മേളനത്തിൽ, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റും, ഷാമ്പെറി അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ് തിബോൾട് വെർനി (Thibault Verny), സെക്രെട്ടറി ബിഷപ് ലൂയിസ് മാനുവേൽ അലി ഹെരേര (Luis Manuel Alí Herrera) തുടങ്ങിയവർ പങ്കെടുത്തു.

ഇരകളെ ശ്രവിക്കാൻ തയ്യാറായ ഒരു സഭ, അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാനും, അവയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള കൃത്യമായ ഘടനകളുടെ ആവശ്യം തുടങ്ങിയ നിർദ്ദേശങ്ങൾ, വിവിധ പ്രായത്തിലും, ലിംഗത്തിലും, വംശങ്ങളിലും നിന്നുള്ള "ചൂഷണങ്ങളുടെ ഇരകളെക്കൂടി" ഉൾക്കൊള്ളുന്നതും, വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നതിനുവേണ്ടിയുള്ളതുമായ കമ്മീഷൻ മുന്നോട്ട് വച്ചിരുന്നു.

ഇരകളായവർക്ക് "സുരക്ഷിതമായ രീതിയിൽ" തങ്ങൾ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അറിയിക്കാനുള്ള ഇടങ്ങൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം, ഇരകൾക്ക് അവരുടെ സാധാരണ ജീവിതം തിരികെ നൽകുന്നതിന്റെ ഭാഗമായി വേണ്ട, ശ്രദ്ധാപൂർവ്വമായ ശ്രവണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിവിധ വിഷയങ്ങൾ റിപ്പോർട്ടിലുണ്ട്.

ഇരകൾക്ക് വേണ്ട മാനസികവും ശാരീരികവുമായ സംരക്ഷണത്തിനും പിന്തുണയ്ക്കും വേണ്ടിയുള്ള പരിശ്രമങ്ങൾ, കുറ്റക്കാർക്ക് നൽകേണ്ട ശരിയായ ശിക്ഷ, ദീർഘകാലാടിസ്ഥാനത്തിൽ ഇരകൾക്ക് ഉറപ്പാക്കേണ്ട പരിരക്ഷ തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ട് മുന്നോട്ടുവച്ചു.

ഇറ്റലി, ഗാബോൻ, ജപ്പാൻ, എത്യോപ്യ, പോർച്ചുഗൽ, സ്ലൊവാക്കിയ, കൊറിയ, മാൾട്ട തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രാദേശികസഭകളിലുള്ള "സുരക്ഷിതത്വപ്രവർത്തനങ്ങളെക്കുറിച്ചുള്ള” പഠനവും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്.

സാമ്പത്തികമായ പരിഹാരമാർഗ്ഗങ്ങളിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, വിവിധ വിധത്തിലുള്ള ചൂഷണങ്ങളെ പൂർണ്ണമായ രീതിയിൽ മനസ്സിലാക്കുകയും, അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്നതിൽനിന്ന് വ്യത്യസ്തമാണെന്ന് കമ്മീഷൻ ഓർമ്മിപ്പിച്ചു. എന്നാൽ അതേസമയം ഇരകളെ "സൗഖ്യപ്പെടുത്തുന്നതിനുവേണ്ടി" വിവിധയിടങ്ങളിൽ ചെയ്തുവരുന്ന പദ്ധതികളും റിപ്പോർട്ട് പ്രത്യേകം പരാമർശിക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഒക്‌ടോബർ 2025, 14:25