ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച 

അണുപ്രസരണത്തിന്റെ ഫലങ്ങൾ ലോകത്തിന് മുഴുവൻ ആശങ്കാജനകം: ആർച്ച്ബിഷപ് കാച്ച

ആരോഗ്യ, യുദ്ധമേഖലകളിലെ ആണവ ഉപയോഗമുണ്ടാക്കുന്ന ദൂഷ്യഫലങ്ങളിൽ ആശങ്കയറിയിച്ചും, ഇന്നത്തെയും വരാനിരിക്കുന്നതുമായ തലമുറകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്തും ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച. ആണവായുധനിരീകരണം സംബന്ധിച്ച വിവിധ കരാറുകൾ ആഗോളതലത്തിൽ പ്രാബല്യത്തിൽ വരേണ്ടതുണ്ടെന്നും, ഒക്ടോബർ 22 ബുധനാഴ്ച ന്യൂയോർക്കിലുള്ള സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ പ്രഭാഷണത്തിൽ വത്തിക്കാൻ പ്രതിനിധി അഭിപ്രായപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഈ ഭൂമിയിൽ മനുഷ്യരുടേതുൾപ്പെടെ ജീവൻ സുരക്ഷിതമാക്കുന്നതിനുവേണ്ടി അണുപ്രസരണത്തിന്റെ ദൂഷ്യഫലങ്ങൾ കുറയ്ക്കാനും സാധിക്കുമെങ്കിൽ ഒഴിവാക്കാനും വേണ്ട നടപടികൾക്ക് ആഹ്വാനം ചെയ്തും, അണുവായുധനിരീകരണനവുമായി ബന്ധപ്പെട്ട കരാറുകൾ ലോകമെമ്പാടും നടപ്പിൽ വരാൻ വേണ്ട ശ്രമങ്ങൾക്കായി നടപടികൾക്ക് ക്ഷണിച്ചും ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച (H.G. Msgr. Gabriele Caccia). അണുപ്രസരണത്തിന്റെ ദൂഷ്യഫലങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബർ 22 ബുധനാഴ്ച നടന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കമ്മിറ്റിയിൽ സംസാരിക്കവെ, “അണുവായുധ ഉപയോഗം മൂലമുണ്ടാകുന്ന പ്രസരണത്തിന്റെ ഫലങ്ങളെക്കുറിച്ചുള്ള പഠനത്തിനായുള്ള ഐക്യരാഷ്ട്രസഭാ ശാസ്ത്രസമിതി” (United Nations Scientific Committee on the Effects of Atomic Radiation), 1955-ൽ സ്ഥാപിക്കപ്പെട്ടതുമുതൽ നാളിതുവരെ ചെയ്ത പ്രവർത്തനങ്ങളെ വത്തിക്കാൻ പ്രതിനിധി അഭിനന്ദിച്ചു. പൊതുനന്മയും എല്ലാ മനുഷ്യരുടെയും അന്തസ്സും സുരക്ഷിതമാക്കുന്നതിൽ ഈ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏറെ സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യരംഗവുമായി ബന്ധപ്പെട്ട അണുപ്രസരണമാണ്, കൃത്രിമമായ റേഡിയേഷന്റെ 80 ശതമാനത്തിനും കാരണമാകുന്നതെന്ന് അണുവായുധ ഉപയോഗം മൂലമുണ്ടാകുന്ന പ്രസരണത്തിന്റെ ഫലങ്ങളെക്കുറിച്ചുള്ള പഠനത്തിനായുള്ള ഐക്യരാഷ്ട്രസഭാ ശാസ്ത്രസമിതിയുടെ 2024-ലെ റിപ്പോർട്ടിനെ പരാമർശിച്ച് അനുസ്മരിപ്പിച്ച ആർച്ച്ബിഷപ് കാച്ച, മെഡിക്കൽ രംഗത്തെ സംവിധാനങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നതിനും അവയ്ക്ക് പ്രതിവിധി നൽകുന്നതിനും പ്രധാനപ്പെട്ടതാണെങ്കിലും, ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം ഉത്തരവാദിത്വത്തോടും, അപകടസാധ്യതകൾ ചുരുക്കുന്നതിനുവേണ്ടിയുള്ള കൃത്യമായ പരിശ്രമത്തോടും കൂടി വേണമെന്ന് ഓർമ്മിപ്പിച്ചു.

അണുവായുധങ്ങളുടെ പരീക്ഷണങ്ങളും, അണുവായുധ അപകടങ്ങളും, അണുവായുധ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അപാകതകളും സാധാരണക്കാരിൽ, പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും തദ്ദേശീയജനതകളിലും പാർശ്വവത്‌കരിക്കപ്പെട്ടും ദാരിദ്ര്യത്തിലും ജീവിക്കുന്നവരിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വത്തിക്കാൻ പ്രതിനിധി ആശങ്ക പ്രകടിപ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും പശ്ചാത്തലത്തിൽ സംസാരിച്ച ആർച്ച്ബിഷപ് കാച്ച, ഉക്രൈനിലെ സപ്പൊറീസ്സിയയിലുള്ള (Zaporizhzhia) അണുവായുധ ഊർജ്ജോത്പാദനകേന്ദ്രത്തിന് ചുറ്റുമുള്ള യുദ്ധപ്രവൃത്തികളെക്കുറിച്ച് പരാമർശിക്കുകയും, അത് അവിടെയുള്ള ജനങ്ങൾക്ക് മാത്രമല്ല, ചുറ്റുമുള്ള രാജ്യങ്ങളിലെ ജനങ്ങൾക്കും ആഗോള പരിസ്ഥിതിക്കും കൂടിയാണ് ഭീഷണിയുയർത്തുന്നതെന്ന് ഓർമ്മിപ്പിച്ചു.

ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങൾ, ആണവനിരായുധീകരണം (Non-Proliferation of Nuclear Weapons - NPT)  സംബന്ധിച്ച കരാറിലെ ആറാം വ്യവസ്ഥ കണക്കിലെടുത്ത് (article 4), തങ്ങളുടെ കടമകൾ നിർവ്വഹിക്കാൻ തയ്യാറാകണമെന്ന് വത്തിക്കാൻ പ്രതിനിധി ആഹ്വാനം ചെയ്തു. ഇതിന് പുറമെ, ആണവായുധങ്ങൾ നിരോധിക്കാനും (Treaty on the Prohibition of Nuclear Weapons - TPNW), ആണവപരീക്ഷണങ്ങൾ നിരോധിക്കാനുമുള്ള (Comprehensive Nuclear-Test-Ban Treaty - CTBT) കരാറുകളും ആഗോളതലത്തിൽ പ്രാബല്യത്തിൽ വരേണ്ടതിന്റെ പ്രാധാന്യവും ആർച്ച്ബിഷപ് കാച്ച എടുത്തുപറഞ്ഞു.

ആണവപ്രസരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പഠിക്കുകയെന്നത് ശാസ്ത്രപരമായ ഒരു കാര്യം മാത്രമല്ല, അത് ധാർമ്മികമായ ഒരു ഉത്തരവാദിത്വം കൂടിയാണെന്ന് പ്രസ്താവിച്ച വത്തിക്കാൻ പ്രതിനിധി, അണുപ്രസരണത്തിന്റെ ഇത്തരം ഫലങ്ങളിൽനിന്ന് മാനവികതയെ സംരക്ഷിക്കേണ്ടതും, അതിന്റെ ഇരകളായവർക്ക് സഹായമെത്തിക്കുന്നതും ഈ ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി. ഇന്നത്തെയും വരാനിരിക്കുന്നതുമായ തലമുറകളെ സുരക്ഷിതമാക്കാൻ വേണ്ടി, അണുപ്രസരണത്തിന്റെ ദൂഷ്യഫലങ്ങൾ കുറയ്ക്കാനും തടയാനും വേണ്ട ശ്രമങ്ങൾ നടത്താൻ അന്താരാഷ്ട്രസമൂഹത്തെ അദ്ദേഹം ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഒക്‌ടോബർ 2025, 14:51