സാമൂഹിക നീതിക്കും, പുരോഗതിക്കും മനുഷ്യന്റെ അന്തസ്സിനെയും, അവന്റെ പ്രയത്നങ്ങളെയും ബഹുമാനിക്കണം: ആർച്ചുബിഷപ്പ് കാച്ച
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
'ഏകോപിതവും തുല്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നയങ്ങളിലൂടെ സാമൂഹിക വികസനവും സാമൂഹിക നീതിയും മുന്നോട്ട് കൊണ്ടുപോകുക' എന്ന പ്രമേയത്തിൽ, ഫെബ്രുവരി രണ്ടു മുതൽ പത്തുവരെയുള്ള തീയതികളിലായി ന്യൂയോർക്കിലുള്ള ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്ന 64-ാമത് സാമൂഹിക വികസന കമ്മീഷൻ സമ്മേളനത്തിൽ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ, ആർച്ചുബിഷപ്പ് ഗബ്രിയേലേ കാച്ച പ്രസ്താവന നടത്തി.
സാമൂഹിക നീതിക്കും, പുരോഗതിക്കും മനുഷ്യന്റെ അന്തസ്സിനെയും, അവന്റെ പ്രയത്നങ്ങളെയും ബഹുമാനിക്കേണ്ടത് ഏറെ ആവശ്യമാണെന്നു ആർച്ചുബിഷപ്പ് അടിവരയിട്ടുപറഞ്ഞു. മനുഷ്യന്റെ അഭിവൃദ്ധിക്ക് ഭക്ഷണം, വെള്ളം, പാർപ്പിടം, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ടെന്നും, ഇതിനായി സർക്കാരുകൾക്കിടയിലും, സംഘടനകൾക്കിടയിലും ഫലപ്രദമായ ഏകോപനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിന്റെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഘടകം എന്ന നിലയിൽ, ഏവരുടെയും പ്രത്യേകിച്ച് കുട്ടികളുടെ ക്ഷേമത്തിന് കുടുംബം പ്രഥമ ഉത്തരവാദിയാണെന്നും, അതിനാൽ, സർക്കാരുകൾ, കുടുംബങ്ങളെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ആവശ്യമുള്ളപ്പോൾ ഉചിതമായ സഹായം നൽകുകയും വേണമെന്നും ആർച്ചുബിഷപ്പ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പൊതുനന്മ കൈവരിക്കാനുള്ള ഉത്തരവാദിത്തം വ്യക്തികൾക്കും ഭരണകൂടത്തിനുമുള്ളതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ആർക്കും ഒറ്റയ്ക്ക് നിന്ന് കൊണ്ട് പൂർണ്ണമായ വികസനം നേടുവാൻ സാധിക്കില്ലെന്നും, അതിനാൽ സാംസ്കാരികവും ധാർമ്മികവും ആത്മീയവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വ്യക്തികൾക്ക് ആവശ്യമായ ഭൗതിക വിഭവങ്ങളും സ്വാതന്ത്ര്യങ്ങളും ആളുകൾക്ക് നൽകുന്നതിന് രാഷ്ട്രീയ സ്ഥാപനങ്ങൾ തയ്യാറാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ദാരിദ്ര്യത്തിന്റെ ഘടനാപരമായ കാരണങ്ങൾ പരിഹരിക്കുന്നതിന് ഏവരും പ്രതിജ്ഞാബദ്ധരാകണമെന്നുള്ള ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും ആർച്ചുബിഷപ്പ് കാച്ച സഭയിൽ പറഞ്ഞു. ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമൂഹിക ബഹിഷ്കരണം എന്നിവ നിരുത്സാഹം, നിരാശ, ഏകാന്തത എന്നിവയിലേക്ക് നയിക്കുന്നുവെന്നും, അതിനാൽ എല്ലാവരും ഒരുമിച്ചു നിൽക്കേണ്ടത് ഏറെ ആവശ്യമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: